2011-09-23 20:15:48

സഹോദര സ്നേഹത്തില്‍ പ്രതിഫലിക്കുന്ന
ദൈവസ്നേഹമാണ് വിശ്വാസം – മാര്‍പാപ്പ


23 സെപ്റ്റംമ്പര്‍ 2011, ജെര്‍മനി
അവര്‍ക്കുവേണ്ടി മാത്രമല്ല, അവരുടെ വചനംമൂലം എന്നില്‍ വിശ്വസിക്കുന്നര്‍ക്കു വേണ്ടിക്കൂടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
യോഹ. 17, 20

അടിസ്ഥാന ക്രൈസ്തവൈക്യം സംജാതമാകേണ്ടത് ആകാശവും ഭൂമിയും സൃഷ്ടിച്ച ഏകദൈവത്തിലുള്ള വിശ്വാസത്തില്‍നിന്നുമാണ്.
പിതാവും പുത്രനും പരിശുദ്ധാത്മാവുമാകുന്ന ത്രിയേക ദൈവമാണ് അവിടുന്നെന്ന് നാം വിശ്വസിക്കുന്നു. സ്നേഹത്തില്‍നിന്നും ഉതിരുന്ന ഐക്യാമാണിത്. നാം വിശ്വസിക്കുന്ന ഈ സജീവ ദൈവത്തെ പ്രഘോഷിക്കുകയെന്നതാണ് ക്രൈസ്തവൈക്യ പാതയില്‍ നമുക്കു സ്വീകരിക്കാവുന്ന പൊതുദൗത്യം.

മനുഷ്യന് ദൈവത്തെ ആവശ്യമാണോ.
ദൈവത്തിന്‍റെ ആഭാവത്തിലും അവിടുത്തെ വെളിച്ചം നമ്മെ മുന്നോട്ടു നയിക്കുന്നതായി ജീവിതത്തിന്‍റെ ഒരു ഘട്ടത്തില്‍ നമുക്കു തോന്നാം.
ദൈവം ഇല്ലെങ്കിലും കാര്യങ്ങള്‍ നടക്കുമെന്ന് നമുക്കു തോന്നും.
എന്നാല്‍ ദൈവത്തില്‍നിന്നും എത്രത്തോളം മനുഷ്യന്‍ അകന്നുപോകുന്നുവോ, അതുവഴിയുണ്ടാകുന്ന ശൂന്യതയിലും, സന്തോഷത്തിനും സംതൃപ്തിക്കുമായുള്ള അന്വേഷണത്തിലും മനുഷ്യന് അവന്‍റെ ജീവിതത്തിന്‍റെ അര്‍ത്ഥംതന്നെ നഷ്ടമാകാം. ദൈവത്തിനായുള്ള നിലയ്ക്കാത്ത ദാഹം മനുഷ്യജീവിതത്തിന്‍റെ ഭാഗമാണ്, ഭാഗധേയമാണ്.
മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതുതന്നെ ദൈവികൈക്യത്തില്‍ ജീവിക്കാനാണ്.
ഈ ദൈവികൈക്യത്തിന്‍റെയും ദൈവിക സാക്ഷൃത്തിന്‍റെയും അടിസ്ഥാനമാണ് ക്രിസ്തു.

ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥനതന്നെയാണ് സഭൈക്യത്തിലേയ്ക്ക് നമ്മെ നയിക്കുന്നത്. ക്രിസ്തുവിലുള്ള പൊതുവായ വിശ്വാസം പ്രഘോഷിക്കുന്ന നമുക്ക് അവിടുത്തെ വചനത്തില്‍ അധിഷ്ഠിതമായൊരു ജീവിതം നയിക്കാന്‍ സാധിക്കണം. ജീവിത മൂല്യങ്ങള്‍ക്കു പകരം പ്രത്യാഘാതങ്ങളുടെ കണക്കുകൂട്ടലിലാണ് മനുഷ്യന്‍ ഇന്നു ജീവിക്കുന്നത്.
മനുഷ്യാന്തസ്സ് ലംഘിക്കപ്പെടുകയും മനുഷ്യനായിരിക്കുന്ന അവസ്ഥ മാനിക്കപ്പെടാതെയും പോകുന്നുണ്ട്. ആരംഭംമുതല്‍ അന്ത്യവരെ, ഗര്‍ഭധാരണം മുതല്‍ മരണംവരെ, ജീവന്‍ പരിരക്ഷിക്കപ്പെടേണ്ടതാണ്..
അതിനായി ക്രൈസ്തവര്‍ ഒത്തൊരുമിച്ചു നില്ക്കേണ്ടതുമാണ്. കാരുണ്യവധംപോലെ തന്നെ ക്രൂരമാണ് ജനനത്തിനുമുന്നെയുള്ള ലിംഗവിവേചനവും ഭ്രൂണഹത്യയും. നാം നിഷേധിക്കേണ്ടതും പോരാടേണ്ടതുമായ വ്യാപകമായ ഇക്കാലഘട്ടത്തിന്‍റെ അധാര്‍മ്മികതയാണിവ.

ദൈവത്തിലുള്ള വിശ്വാസമാണ് അടിസ്ഥാനപരമായും മനുഷ്യാന്തസ്സിന്‍റെ രക്ഷാമൂല്യമാകേണ്ടത്. ക്രിസ്തു പഠിപ്പിച്ച സഹോദരസ്നേഹവും സഹോദരബന്ധിയായ ജീവിതവുമാണ് ജീവിതാന്ത്യത്തില്‍ ദൈവീക ന്യായവിധിക്ക് മാനദണ്ഡമാകുന്നതെന്ന വസ്തുതയും നമ്മുടെ പൊതുസമ്പത്താണ്. നമ്മുടെ വിശ്വാസത്തിന്‍റെ ആഴം പ്രകടമാക്കേണ്ടത് സഹോദര സ്നേഹത്തില്‍ പ്രതിഫലിക്കുന്ന ദൈവസ്നേഹം ജീവിക്കുമ്പോഴാണ്. ഇത് ക്രൈസ്തവ വിശ്വാസത്തില്‍ ജീവിതത്തിന്‍റെ അടിത്തറയാണ്.
സഭൈക്യസംരംഭത്തിന്‍റെ പാതയില്‍ ഐക്യം വളര്‍ത്തേണ്ടത്
നമ്മുടെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തിക്കൊണ്ടല്ല, മറിച്ച്,
ചിന്തയിലും ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും വിശ്വാസത്തെ ബലപ്പെടുത്തിക്കൊണ്ടാണ്.
ക്രിസ്തവിന്‍റെ ഐക്യത്തിനായുള്ള പ്രാര്‍ത്ഥനയില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് നമുക്ക് അവിടുത്തെ സ്നേഹത്തിന്‍റെ സാക്ഷികളായി ജീവിക്കാം.
അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ് എന്നിലും
ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും, അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനുംവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
യോഹ. 17, 20-21








All the contents on this site are copyrighted ©.