2011-09-23 17:31:15

ജര്‍മനി സന്ദര്‍ശിക്കുന്നത് ജനങ്ങളോട് ദൈവത്തെക്കുറിച്ചു സംസാരിക്കാന്‍ : ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ


21 സെപ്റ്റംമ്പര്‍ 2011, ബെര്‍ലിന്‍.

ജര്‍മനിയില്‍ നാലുദിവസത്തെ ഔദ്യോഗിക പര്യടനത്തിനെത്തിയ മാര്‍പാപ്പ ദൈവത്തെക്കുറിച്ച് ജനങ്ങളോടു സംസാരിക്കാനാണ് താന്‍ ജര്‍മനി സന്ദര്‍ശിക്കുന്നതെന്ന് പ്രസ്താവിച്ചു. ജര്‍മന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയില്‍ നടന്ന സ്വീകരണചടങ്ങിലാണ് പാപ്പ ഈ പ്രസ്താവന നടത്തിയത്. പരിശുദ്ധ സിംഹാനത്തിന്‍റെ പരമാധികാരിയായ മാര്‍പാപ്പയുടെ ജര്‍മന്‍ പര്യടനം വത്തിക്കാനും ജര്‍മനിയും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ വളരാന്‍ സഹായിക്കും. എങ്കിലും രാഷ്ട്രീയമോ സാമ്പത്തീകമോ ആയ ലക്ഷൃത്തോടെയല്ല ഈ പര്യടനമെന്ന് പാപ്പ പ്രസ്താവിച്ചു.

സാമൂഹ്യജീവിതത്തില്‍ മതവിശ്വാസത്തോടുള്ള അവഗണന വളര്‍ന്നു വരുന്നതിന് നാം സാക്ഷികളാണ്, സത്യം ജീവിതത്തിന് ഒരു പ്രതിബന്ധമാണെന്നു കരുതുന്ന സമൂഹം സുഖലോലുപതയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ നമ്മുടെ സഹജീവനം സാധ്യമാക്കുന്ന ചില അടിസ്ഥാന ഘടകങ്ങള്‍ സാമൂഹ്യ ജീവിതത്തിന് അത്യന്താപേഷിതമാണ്. അതില്ലാത്തപക്ഷം നാം പരസ്പരബന്ധമില്ലാത്ത ഒറ്റപ്പെട്ടവ്യക്തികളായി ജീവിക്കേണ്ടിവരും. മനുഷ്യരെ പരസ്പരം കൂട്ടിയിണക്കിക്കൊണ്ട് അവരുടെ സാമൂഹ്യജീവിതം സഫലമാക്കുന്ന അടിസ്ഥാനഘടകങ്ങളാണ് മതങ്ങള്‍. ജര്‍മനിയിലെ മെത്രാനും സാമൂഹ്യപരിഷ്കര്‍ത്താവുമായിരുന്ന ബിഷപ്പ് വില്ലെം വോണ്‍ കെറ്റലറുടെ വാക്കുകള്‍ ആവര്‍ത്തിച്ചുകൊണ്ട് പാപ്പ പറഞ്ഞു, “മതങ്ങള്‍ക്കു സ്വാതന്ത്ര്യം ആവശ്യമുള്ളതുപോലെ സ്വാതന്ത്ര്യത്തിന് മതങ്ങളെയും ആവശ്യമുണ്ട്”

ശ്രേഷ്ഠ നന്മയോടുള്ള ഉത്തരവാദിത്വത്തിലാണ് സ്വാതന്ത്ര്യം വികസിക്കുന്നത്. നീതിപൂര്‍വ്വം നന്മയില്‍ വ്യാപരിക്കേണ്ടത് തന്‍റെ കടമയാണെന്നു കരുതുന്ന വ്യക്തിക്ക് ഇക്കാര്യത്തില്‍ വിയോജിപ്പുണ്ടാവുകയില്ല. ശ്രേഷ്ഠമായ നന്മ എന്നു പറയുന്നത് എല്ലാവരുടേയും നന്മയാണ്. സ്വന്തം നന്മയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ അപരന്‍റെ നന്മയെക്കുറിച്ചു ചിന്തിക്കാതിരിക്കാന്‍ സാധ്യമല്ല. വ്യക്തിബന്ധങ്ങളുടെ അഭാവത്തില്‍ സ്വാതന്ത്ര്യത്തിനു സ്ഥാനമില്ല – പാപ്പ പറഞ്ഞു.

സാഹോദര്യമനോഭാവം ഇല്ലാത്തമനുഷ്യര്‍ക്ക് സ്വാതന്ത്ര്യമുണ്ടാവുകയില്ല, എന്‍റെ പ്രവര്‍ത്തികള്‍ മറ്റുള്ളവര്‍ക്കു കഷ്ടനഷ്ടങ്ങളുണ്ടാക്കുന്നുണ്ടെങ്കില്‍ എനിക്കു സ്വാതന്ത്ര്യമില്ല. എന്‍റെ പ്രവര്‍ത്തികള്‍ എനിക്കും മറ്റുള്ളവര്‍ക്കും ഒരുപോലെ ദോഷകരമായി ഭവിക്കുകയാണപ്പോള്‍. എന്‍റെ കഴിവും ശക്തിയും മറ്റുള്ളവര്‍ക്കുവേണ്ടി ഉപയോഗിക്കുമ്പോള്‍ ഞാന്‍ സ്വതന്ത്രനായിത്തീരും. സത്യവും നന്മയും സ്വകാര്യജീവിതത്തിലെ മാത്രം കാര്യങ്ങളല്ല സാമൂഹ്യജീവിതമൂല്യങ്ങള്‍ കൂടിയാണ് അവ. താഴ്ന്ന നിലയിലുള്ള സാമൂഹ്യഘടകങ്ങള്‍ക്ക് വളരാന്‍ വേണ്ട സാഹചര്യങ്ങള്‍ നല്‍കപ്പെടേണ്ടണം. സമൂഹത്തിന്‍റെ പിന്തുണ്ണയോടെ സ്വയം വളരാന്‍ അവയ്ക്കു സാധിക്കണം.

ചരിത്രമൂഹൂര്‍ത്തങ്ങള്‍ക്കു സാക്ഷൃം വഹിച്ചുകൊണ്ട് ബെര്‍ലിന്‍ നഗരത്തിന്‍റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ബെല്ലേവൂമന്ദിരത്തെക്കുറിച്ചും പാപ്പ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു. ഭൂതകാലത്തിലേക്കു തിരിഞ്ഞുനോക്കിക്കൊണ്ട് ചരിത്രം നല്‍കുന്ന പാഠങ്ങള്‍ പഠിക്കാന്‍ ബെല്ലേവൂമന്ദിരം പ്രചോദനം നല്‍കുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു. ഉത്തരവാദിത്വപൂര്‍ണ്ണമായ സ്വാതന്ത്ര്യമാണ് ജര്‍മനിയെ ഒരു രാജ്യമായി വളര്‍ത്തിയത്. ഈ ക്രിയാത്മകത സമൂഹത്തിന്‍റെ എല്ലാതലത്തിലും ഉണ്ടായിരിക്കേണ്ടത് രാജ്യത്തിന്‍റെ ഭാവിയിലേക്കുള്ള വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്നും മാര്‍പാപ്പ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.