2011-09-22 19:12:54

'ജര്‍മ്മനിയില്‍ വേരൂന്നിയ
വന്‍ വൃക്ഷം'


22 സെപ്റ്റംമ്പര്‍ 2011, ജര്‍മ്മനി
ജര്‍മ്മന്‍ സംസ്കാരത്തില്‍ രൂഢമൂലമെങ്കിലും, അതിനുമപ്പുറം വളര്‍ന്നു പന്തലിച്ച വൃക്ഷമായി തന്‍റെ ജീവിതമെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു. സെപ്റ്റംമ്പര്‍ 22-ാം തിയതി വ്യാഴാഴ്ച രാവിലെ റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍നിന്നും ആരംഭിച്ച ജര്‍മ്മനിലിയിലേയ്ക്കുള്ള തന്‍റെ അപ്പസ്തോലിക പര്യടനത്തിലെ യാത്രാമദ്ധ്യേ വിമാനത്തിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരംപറയുകയായിരുന്നു മാര്‍പാപ്പ.
സംസ്കാരത്തിലും ഭാഷയിലും ജീവിതത്തിലും താന്‍ പൂര്‍ണ്ണമായും ജര്‍മ്മന്‍കാരനാണെങ്കിലും ജ്ഞാനസ്നാനത്തിലൂടെ ഒരു പുതിയ ജനത്തിന്‍റെ ദൈവജനത്തിന്‍റെ ഭാഗമാണെന്നും, ഇന്ന് അതിന്‍റെ പരമമായ ഉത്തരവാദിത്വം വഹിക്കുന്ന തന്‍റെ ജീവിതം ജര്‍മ്മന്‍ സംസ്ക്കാരത്തില്‍ വേരൂന്നിയതെങ്കിലും വിവിധ മേഖലകളില്‍ വിരിഞ്ഞുനില്കുന്ന വലിയൊരു വൃക്ഷംപോലെയാണെന്ന് തന്‍റെ ജര്‍മ്മന്‍ മൂലത്തെക്കുറിച്ച് ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് മാര്‍പാപ്പ പ്രതികരിച്ചു. ജീവിതത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച് മറന്നുപോകാതെ, വിവിധ സംസ്കാരങ്ങളെയും ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന ‘ദൈവത്തിന്‍റെ പട്ടണ’ത്തിലെ (cita Dei) അംഗമാണ് താനെന്ന വിശുദ്ധ അഗസ്റ്റിന്‍റെ ചിന്തയും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.









All the contents on this site are copyrighted ©.