2011-09-20 16:12:24

സിക്കിം ദുരന്തം – രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം


20 സെപ്റ്റംമ്പര്‍ 2011, സിക്കിം
സിക്കിം ഭൂകമ്പ ദുരന്തത്തില്‍ സഭ അത്യധികം വേദനിക്കുന്നുവെന്ന് ഡാര്‍ജലീംഗ് രൂപതാധ്യക്ഷന്‍ ബിഷപ്പ് സ്റ്റീഫന്‍ ലെപ്ച്ചാ. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ബിഷപ്പ് അനുശോചനം രേഖപ്പെടുത്തി. ഭൂചലനവും മണ്ണിടിച്ചിലും മൂലം കാണാതായവരെ കണ്ടെത്താനും പരുക്കേറ്റവരുടെ ശുശ്രൂഷയ്ക്കും വേണ്ടി രക്ഷാപ്രവര്‍ത്തകര്‍ അശ്രാന്തം പ്രവര്‍ത്തിക്കുകയാണെന്ന് ബിഷപ്പ് സ്റ്റീഫന്‍ ഏഷ്യാ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അപകടത്തില്‍ പെട്ട നാനൂറിലധികം പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ഹിമാലയമേഖലയില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് വ്യോമമാര്‍ഗ്ഗം ഭക്ഷണപ്പൊതികളും എത്തിക്കുന്നുണ്ട്. എന്നാല്‍ ശക്തമായ മണ്ണിടിച്ചിലും പ്രതികൂല കാലാവസ്ഥയും കാരണം പലയിടത്തും എത്തിച്ചേരാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കു സാധിച്ചിട്ടില്ല. സൈനീകരും ദേശീയ പ്രാദേശിക സന്നദ്ധ സംഘടനാംഘങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുകയാണ്. റിക്ടര്‍ സ്ക്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ചലനം ഞായറാഴ്ച വൈകീട്ടാണ് അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇരുപതോളം തുടര്‍ചലനങ്ങളുമുണ്ടായി. ഭൂകമ്പദുരന്തത്തില്‍ ഇന്ത്യയിലും സമീപരാജ്യങ്ങളിലുമായി തൊണ്ണൂറോളം പേര്‍ മരണമടഞ്ഞുവെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.









All the contents on this site are copyrighted ©.