2011-09-19 17:36:23

അപ്പോസ്തലന്‍റെ ലേഖനം
ഗഹനമായ ക്രിസ്തുകാവ്യമെന്ന് മാര്‍പാപ്പ


19 സെപ്റ്റംമ്പര്‍ 2011
കാസില്‍ ഗണ്ടോള്‍ഫോ

ഞായറാഴ്ചയുടെ ആരാധനക്രമത്തിലെ ആദ്യ വായന വിശുദ്ധ പൗലോസ് അപ്പോസ്തലന്‍ ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനത്തില്‍ നിന്നുമായിരുന്നു.
ഞായറാഴ്ചയിലെ ത്രികാല പ്രാര്‍ത്ഥനയ്ക്കുമുമ്പുള്ള ഹ്രസ്വപ്രഭാഷണത്തില്‍ യൂറോപ്പിലെ ക്രൈസ്തവ വിശ്വാസത്തിന്‍റെ ചരിത്രം, വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനഭാഗത്തെ ആധാരമാക്കി വിവരിച്ചുകൊണ്ടാണ് പാപ്പാ ആരംഭിച്ചത്. ഗ്രീസിലെ മാസിഡോണിയാ പട്ടണത്തിലുള്ള ഒരു റോമന്‍ കോളനിയായിരുന്നു പൗലോസ് അപ്പോസ്തലന്‍ തന്‍റെ പ്രേഷിത യാത്രകളില്‍ രണ്ടുതവണയെങ്കിലും സന്ദര്‍ശിച്ചിട്ടുള്ള ഫിലിപ്പീയ എന്ന സ്ഥലം. ജരൂസലേമില്‍നിന്നും ഏജീയന്‍ കടല്‍ കടന്ന് അനത്തോലിയ തീരത്തുകൂടെയായിരിക്കണം അപ്പോസ്തലന്‍ ഫിലിപ്പിയായില്‍ എത്തിയത്. തന്‍റെ രണ്ടാമത്തെ പ്രേഷിത യാത്രയിലാണ് അദ്ദേഹം ഫിലിപ്പിയ സന്ദര്‍ശിച്ചത്. സുവിശേഷ വെളിച്ചം യൂറോപ്പില്‍ ആദ്യമായി തെളിഞ്ഞ ചരിത്രമുഹൂര്‍ത്തമായിരുന്നു അത്… ക്രിസ്തുവര്‍ഷം 50-ാമാണ്ട്. അതായത് ക്രിസ്തുവിന്‍റെ മരണോത്ഥാന മഹാസംഭങ്ങളുടെ 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പൗലോസ് അപ്പോസ്തലന്‍ ഫിലിപ്പിയ സന്ദര്‍ശിക്കുന്നത്.

അപ്പോസ്തലന്‍ ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനം, വളരെ ഗഹനായമായ ഒരു ക്രിസ്തു കാവ്യമാണെന്നു പാപ്പാ വിശേഷിപ്പിച്ചു. ക്രിസ്തുവിന്‍റെ മര്‍ത്യാവതാരത്തിന്‍റെയും രൂപാന്തരീഭാവത്തിന്‍റെയും, കുരിശ്ശിലെ ഏറെ നിന്ദ്യമായ മരണത്തിന്‍റെയും, മഹത്വപൂര്‍ണ്ണമായ പുനരുത്ഥാനത്തിന്‍റെയും രഹസ്യങ്ങളാണ് അപ്പോസ്തലന്‍ ചാതുരിയോടെ ഫിലിപ്പിയര്‍ക്കുള്ള ലേഖനത്തില്‍ വിവരിക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി.
“എനിക്ക് ഇനിമേല്‍ ജീവിതം ക്രിസ്തുവും, മരണം നേട്ടവുമാണ്.” ഫിലിപ്പ. 1, 21.
ചരിത്രപുരുഷനോ, വിജ്ഞാനിയോ, മതനേതാവോ ആയ ക്രിസ്തുവുമായിട്ടല്ല പൗലോസ് ഇടപെട്ടത്, മറിച്ച് ഉത്ഥിതനും സജീവനുമായ ക്രിസ്തുവുമായി ഐക്യപ്പെടുന്ന മനുഷ്യാസ്തിത്വത്തിന് ഒരു നവമായ ദര്‍ശനം നല്കാന്‍ കരുത്തുള്ളവനും ആയിട്ടായിരുന്നവെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
മനുഷ്യരുടെ മദ്ധ്യേ ദൈവം വസിക്കുന്നുവെന്നും, അവിടുത്തെ മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും രഹസ്യങ്ങള്‍ ലോകത്തിന്‍റെ നാനാദിക്കിലും എത്തപ്പെടേണ്ടതാണെന്നും സകല ജനതകളെയും സംസ്കാരങ്ങളെയും രൂപാന്തരപ്പെടുത്തുന്ന സദ്വാര്‍ത്തയാണ് ക്രിസ്തുവെന്നും പൗലോസ് അപ്പസ്തോലന്‍ മനസ്സിലാക്കി. സ്നേഹമായ ദൈവം ക്രിസ്തുവില്‍ മനുഷ്യാനായി ഈ ലോകത്തു വസിക്കുകയും തന്‍റെ ജീവസമര്‍പ്പണത്തിലൂടെ പാപത്തിന്‍റെ അടിമത്വത്തില്‍നിന്നും മനുഷ്യരെ മോചിച്ച് അവര്‍ക്ക് രക്ഷ പ്രദാനംചെയ്യുകയും ചെയ്തു. ഇതാണ് പൗലോസിന്‍റെ വ്യക്തമായ പഠനമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

തന്‍റെ അപാരപാണ്ഡിത്യവും ബുദ്ധികൂര്‍മ്മതയുംകൊണ്ട് യഹൂദരുടെയും ഗ്രീക്കുകാരുടെയും റോമാക്കാരുടെയും ലോകങ്ങളെ സ്വാധീനിക്കാന്‍ കരുത്തനായിരുന്നു പൗലോസ് അപ്പസ്തോലന്‍. അതിനാല്‍ ഏഷ്യാമൈനറിലും, ഗ്രീസിലും പിന്നീട് റോമിലും സുവിശേഷമെത്തിക്കാന്‍ പൗലോസിനെ ദൈവം തിരഞ്ഞെടുത്തത് ആകസ്മികമായിരുന്നില്ല എന്നുവേണം നാം മനസ്സിലാക്കേണ്ടത്. അങ്ങനെ സുവിശേഷം ലോകത്തിന്‍റെ നാല് അതിര്‍ത്തികളിലും എത്തുമാറ് ഒരു നവീന പാന്ഥാവാണ് പൗലോസ് അപ്പസ്തോലന്‍വഴി തുറക്കപ്പെട്ടതെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.

നവസുവിശേഷവത്ക്കരണത്തിന്‍റെ കാലഘട്ടത്തിലാണ് ഇന്നു നാം ജീവിക്കുന്നത്. സുവിശേഷവത്ക്കരണത്തിനുള്ള വിസ്തൃതമായ ചക്രവാളം മലര്‍ക്കെ തുറന്നുകിടക്കുമ്പോള്‍, ക്രൈസ്തവ പാരമ്പര്യത്തിന്‍റെ പിള്ളതൊട്ടിലായ പ്രവിശ്യകളില്‍ വിശ്വാസ ജീവിതത്തിന്‍റെ മനോഹാരിത വീണ്ടും കണ്ടെത്തുവാന്‍ പണിപ്പെടുകയാണ്. സുവിശേഷദൗത്യത്തിന്‍റെ പ്രയോക്തക്കളായ സ്ത്രീപുരുഷന്മാര്‍ക്ക് വിശുദ്ധ പൗലോസിനെപ്പോലെ പറയാന്‍ സാധിക്കട്ടെ, “എനിക്കിനിമേല്‍ ജീവിതം ക്രിസ്തുവാണ്, ” എന്നും മാര്‍പാപ്പ ആശംസിച്ചു.

ഞായറാഴ്ചത്തെ ആരാധനക്രമത്തിലെ സുവിശേഷഭാഗത്തെക്കുറിച്ചും പാപ്പാ ത്രികാല പ്രാര്‍ത്ഥനാ പ്രഭാഷണത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. മത്തായി 20, 1-16 വിവരിക്കുന്നതുപോലെ, വിവിധ ജനതകളും കുടുംബങ്ങളും സമൂഹങ്ങളുമാണ് കര്‍ത്താവിന്‍റെ മുന്തിരത്തോട്ടത്തില്‍ ഇന്ന് വേലക്കാരുയുള്ളത്. വിനയാന്വിതരും ഉദാരമതികളുമായ വേലക്കാരെപ്പോലെ, പ്രതിഫലേച്ഛകൂടാതെ സഭയില്‍ ജോലിചെയ്യുന്ന കര്‍ത്താവിന്‍റെ സുവിശേഷ ദൗത്യത്തിന്‍റെ വിശ്വസ്ത ദാസരാകാന്‍ പരിശ്രമിക്കാമെന്ന് പാപ്പ ആഹ്വാനംചെയ്തു. പൗലോസ് അപ്പസ്തോല്‍ ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനത്തില്‍ പറയുന്നതുപോലെ, ഫിലിപ്പിയര്‍ 1, 22, “ശാരീരികമായി ഇനിയും ഞാന്‍ ജീവിക്കുകയാണെങ്കില്‍, ഫലപ്രദമായി ജോലിചെയ്യുവാന്‍ സാധിക്കും. എങ്കിലും ഏതാണു തിരഞ്ഞെടുക്കേണ്ടതെന്ന് എനിക്ക് അറിഞ്ഞുകൂടാ.”
മരണാനന്തരം ക്രിസ്തുവുമായുള്ള ആത്മീയ ഐക്യമോ, ഈ ഭൗമിക ചുറ്റുപാടില്‍ അവിടത്തെ മൗതിക ശരീരമാകുന്ന സഭയിലുള്ള സേവനമോ എതാണ് എന്ന ആശങ്കയോടെയാണ് അപ്പോസ്തലന്‍ തുടര്‍ന്നും എഴുതിയത്,
“ഇവ രണ്ടിനുമിടയില്‍ ഞാന്‍ ഞെരുങ്ങുന്നു. എങ്കിലും, എന്‍റെ ആഗ്രഹം, മരിച്ച് ക്രിസ്തുവിനോടുകൂടെ ആയിരിക്കാവാനാണ്.

ഒരു നദി വിശാലമായ ഭൂപ്രദേശത്തെ ഫലസമൃദ്ധമാക്കുന്നതുപോലെ, സുവിശേഷം ഈ ലോകത്തെ ആകമാനം രൂപാന്തരപ്പെടുത്തുകയാണ്. ആഗോള സഭയുടെ നവസുശേഷവത്ക്കരണ പദ്ധതിയെ തുണയ്ക്കുമാറ് പക്വതയാര്‍ന്ന ദൈവവിളികള്‍ ഉണ്ടാകുന്നതിന് നമുക്ക് പരിശുദ്ധ കന്യകാ നാഥയോടു നിരന്തരമായി പ്രാര്‍ത്ഥിക്കാം, എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് പാപ്പാ തന്‍റെ ത്രികാല പ്രാര്‍ത്ഥന പ്രഭാഷണം സമാപിപ്പിച്ചു.








All the contents on this site are copyrighted ©.