2011-09-16 20:08:45

പ്രസവത്തെ തുടര്‍ന്നുള്ള
സ്ത്രീകളുടെ മരണനിരക്ക്
ക്രമാതീതം


16 സെപ്റ്റംമ്പര്‍ 2011, ജനോവ
പ്രസവത്തെതുടര്‍ന്ന് വര്‍ദ്ധിച്ചു വരുന്ന സ്ത്രീകളുടെ മരണനിരക്കും രോഗാവസ്ഥയും മനുഷ്യാവകാശത്തിനെതിരായ വെല്ലുവിളിയാണെന്ന്, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി.
സെപ്റ്റംമ്പര്‍ 15-ാം തിയതി വ്യാഴാഴ്ച ഐക്യരാഷ്ട്ര സംഘടനയുടെ ജനീവ ആസ്ഥാനത്തു ചേര്‍ന്ന മനുഷ്യാവകാശ കമ്മിഷന്‍റെ 18-ാമത് സമ്മേളനത്തെ അഭിസംബോധനചെയ്തു സംസാരിക്കുകയായിരുന്നു വത്തിക്കാന്‍റെ പ്രതിനിധി.
പ്രസവത്തെത്തുടര്‍ന്നുള്ള സ്ത്രീകളുടെ മരണനിരക്കും അവരുടെ രോഗാവസ്ഥയും അസ്വീകാര്യമാംവിധം ആഗോളതലത്തില്‍ വളരെ ഉയര്‍ന്നതാണെന്നും, ഇത് ആരോഗ്യം, വികസനം, മനുഷ്യാവകാശം എന്നിവയ്ക്കെതിരെയുള്ള വെല്ലുവിളിയാണെന്നും പരിശുദ്ധ സിംഹാസനത്തിന്‍റെ ജനീവ ആസ്ഥാനത്തുള്ള സ്ഥിരം നിരീക്ഷകന്‍ ചൂണ്ടിക്കാട്ടി.
ഗര്‍ഭധാരണത്തിലും പ്രസവത്തിലും അനുവര്‍ഷം ആഗോളതലത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ശരാശരി 3,50,000-ത്തോളം സ്ത്രീകളുടെ മരണങ്ങള്‍ വേദനയോടെ നിരീക്ഷിക്കേണ്ടതും, സ്ത്രീകള്‍ സമൂഹത്തില്‍ തുല്യാന്തസ്സുള്ളവരും മാനവ കുടുംബത്തിലെ സമ്പൂര്‍ണ്ണ അംഗങ്ങളുമാണെന്ന സത്യം അനുസ്മരിപ്പിക്കേണ്ടതാണെന്നും വത്തിക്കാന്‍റെ പ്രതിനിധി പ്രഭാഷണത്തില്‍ പ്രസ്താവിച്ചു.

സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ലഭിക്കേണ്ട തല്യാന്തസ്സിനോടും സ്ഥാനത്തോടുമൊപ്പം, സ്ത്രീകളുടെ കൗമാരപ്രായ വിവാഹം, വന്ധീകരണ ശസ്ത്രക്രിയ, സ്ത്രീ പീഡനം എന്നിവ ആഗോളതലത്തില്‍ നിയമാനുസൃതമായി തടയേണ്ട സമൂഹ്യതിന്മകളാണെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ ആരോഗ്യക്ഷേമത്തിനായി ഉപയോഗിക്കേണ്ട പൊതുധനം, ജീവനെ നിരോധിക്കുകയും ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന് ഹാനിവരുത്തുകയും ചെയ്യുന്ന കൃത്രിമ ഗര്‍ഭനിരോധന പരിപാടികള്‍ക്കും, ഗര്‍ഭച്ഛിദ്ര പദ്ധതികള്‍ക്കും ഉപയോഗിക്കുന്നത് തടയണമെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.