2011-09-15 20:39:58

സ്ത്രീകളുടെ
രഹസ്യവിപണനം
ആധുനീക അടിമത്തം


15 സെപ്റ്റംമ്പര്‍ 2011, ജനോവാ
ആഗോള തലത്തില്‍ നടമാടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും രഹസ്യവിപണനം ആനുകാലിക അടിമത്വമാണെന്ന് ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി, ഐക്യ രാഷ്ട്ര സംഘടയുടെ ജനീവ ആസ്ഥാനത്തുള്ള വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകന്‍ പ്രസ്തവിച്ചു.
സെപ്റ്റംമ്പര്‍ 14-ാം തിയതി ബുധനാഴ്ച ഐക്യ രാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിലിന്‍റെ 18-ാമത് സമ്മേളനത്തെ അഭംസംബോധന ചെയ്യവേയാണ് ആര്‍ച്ചുബിഷപ്പ് തൊമാസി ഇപ്രകാരം പ്രസ്താവിച്ചത്. രാജ്യങ്ങളും അവയുടെ അതിര്‍വരമ്പുകളും കടന്നുപോകുന്ന മനുഷ്യക്കച്ചവടം ഒരു ആഗോള വിപണിയായി വികസിച്ചിട്ടുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി ചൂണ്ടിക്കാട്ടി.

ദുര്‍ഘടമായ നീണ്ട യാത്രയ്ക്കുശേഷം, സ്ത്രീകളും കുട്ടികളും തങ്ങളുടെ പാസ്പ്പോര്‍ട്ടും മറ്റു രേഖകളും, അവസാനം അവരുടെ അന്തസ്സും അഭിമാനവും മുതലാളിമാര്‍ക്ക് അടിയറവച്ച് അടിമകളായി തീരുന്ന പ്രതിഭാസമാണ് നടക്കുന്നതെന്ന് വത്തിക്കാന്‍റെ പ്രതിനിധി വ്യക്തമാക്കി. ദുര്‍ബലരായ സ്ത്രികളെയും കുട്ടികളെയും ചൂഷണംചെയ്യുന്ന വളരെ സംഘടിതമായ ഈ മനുഷ്യവകാശ നിഷേധം ആഗോളതലത്തില്‍ തടയേണ്ടതാണെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.
ലോകത്ത് ഇന്നുയരുന്ന ദാരിദ്ര്യം, യുദ്ധം, അഴിമതി എന്നിവയാണ് നിര്‍ദ്ദോഷികളെ ചൂഷണം ചെയ്യുന്ന ഈ പ്രകൃയയ്ക്ക് കാരണമാകുന്നതെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി വ്യക്തമാക്കി.
പ്രതിരോധ നടപടികള്‍ കൈക്കൊള്ളുന്നതോടൊപ്പം, സന്നദ്ധ സംഘടനകളുടെ പ്രത്യേകിച്ച്, സന്യാസിനിമാരുടെ അടിയന്തിര സഹായം ഈ മേഖലയിലേയ്ക്ക് എല്ലാ രാജ്യങ്ങളും അഭ്യര്‍ത്ഥിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്നും വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തോട് ആവശ്യപ്പെട്ടു.








All the contents on this site are copyrighted ©.