2011-09-14 20:42:12

ഫാദര്‍ മാളിയേക്കല്‍
തെരേസിയാനും
വിദ്യാപീഠത്തിന്‍റെ
പുതിയ പ്രസിഡന്‍റ്


14 സെപ്റ്റംമ്പര്‍ 2011, വത്തിക്കാന്‍
ഫാദര്‍ ജോസഫ് മാളിയേക്കല്‍, റോമിലെ തെരേസിയാനും പൊന്തിഫിക്കല്‍ ദൈവശാസ്ത്ര വിദ്യാപീഠത്തിന്‍റെ പുതിയ പ്രസിഡന്‍റ്.
സെപ്റ്റംമ്പര്‍ 8-ാം തിയതിയാണ് കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള വത്തിക്കാന്‍ സംഘം ഫാദര്‍ മാളിയേക്കലിനെ ആഗോള നിഷ്പ്പാദുക കര്‍മ്മലീത്താ സഭയുടെ മേല്‍നോട്ടത്തിലുള്ള തെരേസിയാനും വിദ്യാപീഠത്തിന്‍റെ പ്രസിഡന്‍റായി നിയമിച്ചത്. 1993-ല്‍ വൈദികപട്ടം സ്വീകരിച്ച ഫാദര്‍ മാളിയേക്കല്‍, തത്വശാസ്ത്രം, ദൈവശാസ്ത്രം, ആത്മീയ ദൈവശാസ്ത്രം എന്നീ വിഷയങ്ങളില്‍ ഡോക്ടര്‍ ബിരുദധാരിയാണ്. റോമിലെ ആഞ്ചെലിക്കും, ഊര്‍ബന്‍, ലാറ്ററന്‍, തെരേസിയാനും യൂണിവേഴ്സിറ്റികളില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കിയിട്ടുള്ള ഫാദര്‍ മാളിയേക്കല്‍, റോമിലും ജര്‍മ്മനിയിലും ഇന്ത്യയിലുമായി വിവിധ ദൈവശാസ്ത്രകേന്ദ്രങ്ങളില്‍ പഠിപ്പിക്കവേയാണ് തെരേസിയാനും പൊന്തിഫിക്കല്‍ വിദ്യാപീഠത്തിന്‍റെ പ്രസിഡന്‍റായുള്ള നിയമനം വത്തിക്കാനില്‍നിന്നു ഉണ്ടായത്.

റോമിലെ പൊന്തിക്കല്‍ വിദ്യപീഠത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനം അലങ്കരിക്കുന്ന പ്രഥമ ഏഷ്യനും ഭാരതീയനുമാണ് നിഷ്പാദുക കര്‍മ്മലീത്താ സഭയുടെ മഞ്ഞുമ്മല്‍ പ്രോവിന്‍സ് അംഗമായ ഫാദര്‍ മാളിയേക്കല്‍.
ഒക്ടോബര്‍ മാസത്തില്‍ ആരംഭിക്കുന്ന അദ്ധ്യയന വര്‍ഷത്തില്‍ സ്ഥാനമേല്‍ക്കുന്ന ഫാദര്‍ ജോസഫ് മാളിയേക്കല്‍ വാരാപ്പുഴ അതിരൂപതയിലെ തുണ്ടത്തുകടവ് ഇടവകാംഗമാണ്.








All the contents on this site are copyrighted ©.