14 സെപ്റ്റംമ്പര്‍ 2011, റോം സുവിശേഷ പ്രഘോഷണം ആധിപത്യമല്ല, സ്നേഹ ദൗത്യമാണെന്ന്, ആര്‍ച്ചുബിഷപ്പ്
ഫെര്‍ണാന്‍റോ ഫിലോണി, ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ
പ്രീഫെക്ട് പ്രസ്താവിച്ചു. വത്തിക്കാന്‍റെ വിശ്വാസ കാര്യങ്ങള്‍ക്കായുള്ള സംഘം റോമില്‍
സംഘടിപ്പിച്ചിരിക്കുന്ന കത്തോലിക്കാ പുരാരേഖ ശേഖണത്തിനായുള്ള സംഘടനകളുടെ (Associations
for Ecclesiatical Archives) സമ്മേളനത്തെ സെപ്റ്റംമ്പര്‍ 13-ാം തിയതി ചൊവ്വാഴ്ച അഭിസംബോധന
ചെയ്യവേയാണ് ആര്‍ച്ചുബിഷപ്പ് ഫിലോണി ഇപ്രകാരം പ്രസ്താവിച്ചത്. സഭയുടെ പുരാരേഖ ശേഖരങ്ങള്‍
ഓര്‍മ്മകളുടെ ശ്രീകോവിലും സഭാ ചരിത്രത്തിന്‍റെ സവിശേഷ കേന്ദ്രവുമാണെന്ന് ആര്‍ച്ചുബിഷപ്പ്
ഫിലോണി വിശേഷിപ്പിച്ചു. സുവിശേഷ പ്രഘോഷണ രംഗങ്ങളില്‍ വിശുദ്ധരായ സഭാ മക്കള്‍ പങ്കുവച്ച
മാനുഷിക സത്യങ്ങള്‍ക്കുമപ്പുറം, വിശുദ്ധിയുള്ള ജീവിതസാക്ഷൃത്തിന്‍റെ എന്നും സംരക്ഷിക്കേണ്ട
മൂലാധാരങ്ങളാണ് പുരാരേഖകളെന്നും ആര്‍ച്ചുബിഷപ്പ് ഫിലോണി സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.
ആധുനിക
ലോകത്തെ വിശുദ്ധാത്മക്കളായ കല്‍ക്കട്ടയിലെ മദര്‍ തെരേസാ കര്‍ദ്ദിനാള്‍ ന്യൂമാന്‍, ജോണ്‍
പോള്‍ രണ്ടാമന്‍ പാപ്പ തുടങ്ങി പിറകോട്ടു നോക്കുമ്പോള്‍ മനുഷ്യരുടെ ജീവിത വ്യഥകളില്‍
ക്രിസ്തു സ്നേഹത്തിന്‍റെ സാന്ത്വനവുമായെത്തിയവരുടെ കൈപ്പടയിലുള്ള കത്തുകളും രേഖകളും രചനകളും
അമൂല്യമായ ചരിത്ര സാക്ഷൃങ്ങളാണെന്ന് ആര്‍ച്ചുബിഷപ്പ് ഫിലോണി തന്‍റെ പ്രഭാഷണത്തില്‍ വിശേഷിപ്പിച്ചു. സെപ്റ്റംമ്പര്‍
13-ാം തിയതി ചൊവ്വാഴ്ച ആരംഭിച്ച സമ്മേളനം 16-ാം തിയതി വെള്ളിയാഴ്ച വരെ നീണ്ടുനില്കും.