2011-09-14 20:30:49

ആത്മീയ ഉണര്‍വായി
ആസന്നമാകുന്ന
പാപ്പായുടെ സന്ദര്‍ശനം


14 സെപ്റ്റംമ്പര്‍ 2011, ജര്‍മ്മനി
ജര്‍മ്മനിയിലേയ്ക്കുള്ള മാര്‍പാപ്പയുടെ ആസന്നമാകുന്ന സന്ദര്‍ശനം
വിശ്വാസ ജീവിതത്തില്‍ നവോന്മേഷമേകുമെന്ന്, തിയദോര്‍ ദിയെത്തര്‍, ലൂതറന്‍ സഭൈക്ക്യ സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ വെളിപ്പെടുത്തി.
സെപ്റ്റംമ്പര്‍ 22-ാം തിയതി വ്യാഴാഴ്ച ആരംഭിക്കുന്ന മാര്‍പാപ്പയുടെ ജര്‍മ്മന്‍ സന്ദര്‍ശനത്തെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് പാസ്റ്റര്‍ ഡിയെത്തര്‍ ഇപ്രകാരം പ്രസ്താവിച്ചത്.
പ്രോട്ടസ്റ്റന്‍റ് സഭകളുടെ, പ്രത്യേകിച്ച് ലൂതറന്‍ സഭയുടെ സിരാകേന്ദ്രമായ ഏര്‍ഫോര്‍ട്ടിലേയ്ക്കുള്ള മാര്‍പാപ്പയുടെ സന്ദര്‍ശനം ഏറെ പ്രധാനപ്പെട്ടതാണെന്നും സഭൈക്യ സംവാദത്തിന്‍റെ പാതയിലെ നാഴികക്കല്ലാണെന്നും പാസ്റ്റര്‍ ദിയെത്തര്‍ പ്രസ്താവിച്ചു.
വിശ്വാസ പരമായും ജനസംഖ്യാപരമായും ജര്‍മ്മനി മന്ദത അനുഭവിക്കുന്ന ചരിത്രഘട്ടത്തില്‍ സംവാദത്തിന്‍റെയും കൂട്ടായ്മയുടെയും പാതയില്‍ കത്തോലിക്കരും പ്രോട്ടസ്റ്റന്‍റ് സഭകളും ഒത്തൊരുമിച്ചു നീങ്ങിയില്ലെങ്കില്‍ ഒരുമിച്ചു നശിക്കുന്ന ഒരവസ്ഥയിലേയ്ക്ക് സ്ഥിതിഗതികള്‍ നിങ്ങാനിടയുണ്ടെന്നും പാസ്റ്റര്‍ ദിയെത്തര്‍ ചൂണ്ടിക്കാട്ടി.
കത്തോലിക്കരും പ്രോട്ടസ്റ്റന്‍റ് സഭാംഗങ്ങളും ഏകദേശം തുല്യ അളവിലുള്ള ജര്‍മ്മനിയില്‍ പ്രതിസന്ധികള്‍ക്കിടയിലും മാര്‍പാപ്പയ്ക്ക് ജനപങ്കാളിത്തമുള്ള ഊഷ്മളമായ വരവേല്പ്പാണ് പ്രതീക്ഷിക്കുന്നതെന്ന് പാസ്റ്റര്‍ ദിയെത്തര്‍ പ്രസ്താവിച്ചു.
സെപ്റ്റംമ്പര്‍ 22-ന് ആരംഭിക്കുന്ന മാര്‍പാപ്പയുടെ ചതുര്‍ദിന സന്ദര്‍ശനം 25-ന് സമാപിക്കും.
സ്ഥാനാരോഹണത്തിനുശേഷം രണ്ടു തവണ ജന്മനാടു സന്ദര്‍ശിച്ചിട്ടുള്ള മാര്‍പാപ്പ രാഷ്ട്രത്തിന്‍റെ ഔദ്യോഗിക ക്ഷണപ്രകാരം നടത്തുന്ന ആദ്യത്തെ സന്ദര്‍ശനമാണിത്.








All the contents on this site are copyrighted ©.