2011-09-13 18:14:32

മദര്‍ എലന അയെല്ലോ വാഴ്ത്തപ്പെട്ടപദത്തിലേക്ക്


13 സെപ്തംബര്‍ 2011, വത്തിക്കാന്‍

ക്രിസ്തുവിന്‍റെ ഉപവിയുടെ പരിമളം എല്ലാവരിലേക്കും പകര്‍ന്നു നല്‍കിയ മദര്‍ എലന ഏതു സാമൂഹ്യസാഹചര്യത്തിലും ധീരോചിതമായ വിധത്തില്‍ സുവിശേഷാനുസാരം ജീവിച്ചുകൊണ്ട് വിശുദ്ധി പ്രാപിക്കാമെന്നാണ് ലോകത്തെ പഠിപ്പിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ. ദൈവദാസി മദര്‍ എലനയുടെ വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനത്തോടനുബന്ധിച്ച് വത്തിക്കാന്‍ റേഡിയോ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ. യേശുക്രിസ്തുവിന്‍റെ പീഢാനുഭവത്തിന്‍റെ എളിയ സഹോദരിമാര്‍ (Suore Minime delle Passione di Nostro Signore Gesù Cristo) എന്ന സന്ന്യാസസമൂഹത്തിന്‍റെ സ്ഥാപകയായ മദര്‍ എലനയ്ക്ക് പാവപ്പെട്ടവരോടും അശരണരോടുമുണ്ടായിരുന്ന സഹാനുഭൂതി ദര്‍ശിച്ച ജനങ്ങള്‍ “വിശുദ്ധയായ സന്ന്യാസിനി” എന്നാണ് അവരെ വിശേഷിപ്പിച്ചിരുന്നതെന്ന് കര്‍ദിനാള്‍ അഭിമുഖത്തില്‍ അനുസ്മരിച്ചു. കര്‍ത്താവിന്‍റെ കുരിശില്‍ നിന്നു ശക്തിസംഭരിച്ചുകൊണ്ട് അനാഥര്‍ക്കും അശരണര്‍ക്കുവേണ്ടി അശ്രാന്തം പ്രവര്‍ത്തിച്ച മദര്‍ ക്രിസ്തുവിന്‍റെ വദനമാണ് അവരില്‍ ദര്‍ശിച്ചിരുന്നതെന്നും കര്‍ദ്ദിനാള്‍ അമാത്തോ സംഭാഷണത്തില്‍ പരാമര്‍ശിച്ചു. 1895ല്‍ ഇറ്റലിയിലെ കോസെന്‍സായില്‍ ജനിച്ച എലന 1928ലാണ് സന്ന്യസ്ത സഭ ആരംഭിച്ചത്. കര്‍ത്താവിന്‍റെ പീഢാനുഭവങ്ങളുടെ മൗതീകാനുഭവങ്ങളില്‍ പങ്കുചേരാന്‍ കൃപ ലഭിച്ച മദറിന്‍റെ വിശുദ്ധി തിരിച്ചറിഞ്ഞ ജനങ്ങള്‍ മദറിന്‍റെ ആത്മീയോപദേശങ്ങള്‍ തേടിയെത്തുന്നതു പതിവായിരുന്നു, 1961ല്‍ അന്തരിച്ച മദറിന്‍റെ വിരോചിത പുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തില്‍ 1991 ജനുവരി ഇരുപത്തിരണ്ടാം തിയതി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഒപ്പുവച്ചു. വാഴ്ത്തപ്പെട്ട പദപ്രഖ്യാപന ചടങ്ങുകള്‍ പതിനാലാം തിയതി ബുധനാഴ്ച കിഴക്കന്‍ ഇറ്റലിയിലെ കലാബ്രിയായില്‍ കര്‍ദിനാള്‍ അമാത്തോയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ നടക്കും.









All the contents on this site are copyrighted ©.