2011-09-12 17:15:39

വൈദീകാന്തസ്സും കുടുംബജീവിതവും ദിവ്യകാരുണ്യകേന്ദ്രീകൃതമായിരിക്കണമെന്ന് മാര്‍പാപ്പ


12 സെപ്തംബര്‍ 2011, അങ്കോണ

ദിവ്യകാരുണ്യത്തില്‍ കേന്ദ്രീകൃതമായ ജീവിതം നയിക്കാന്‍ മാര്‍പാപ്പ വൈദീകരോടും കുടുംബങ്ങളോടും ആഹ്വാനം ചെയ്യുന്നു. ഇരുപത്തഞ്ചാം ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്‍റെ സമാപനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സെപ്തംബര്‍ പതിനൊന്നാം തിയതി ഞായറാഴ്ച ഇറ്റാലിയന്‍ പട്ടണമായ അങ്കോണയിലെത്തിയ മാര്‍പാപ്പ വിശുദ്ധ സിറിയാക്കിന്‍റെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ കുടുംബങ്ങളുടേയും വൈദീകരുടേയും സംയുക്തസമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഈയാഹ്വാനം നടത്തിയത്. കുടുംബങ്ങളുടെ കുടുംബമായ സഭാസമൂഹത്തെ ശുശ്രൂഷിക്കാന്‍ നിയുക്തരായിരിക്കുന്ന വൈദീകര്‍ തങ്ങളുടെ അജപാലന ശുശ്രൂഷയിലൂടെ കുടുംബങ്ങള്‍ക്കു പിന്തുണ്ണ നല്‍കണമെന്നും മാര്‍പാപ്പ പറഞ്ഞു. വിവാഹമെന്ന കൂദാശയിലൂടെ തങ്ങള്‍ സ്വീകരിച്ച കൃപ നവീകരിച്ചുകൊണ്ട് ഉത്തരവാദിത്വങ്ങള്‍ പങ്കുവച്ചു ജീവിക്കാന്‍ വിവാഹിതര്‍ക്കു പ്രോത്സാഹനം നല്‍കാന്‍ വൈദീകരോടാവശ്യപ്പെട്ട മാര്‍പാപ്പ കുടുംബജീവിതത്തില്‍ വീഴ്ചകള്‍ വന്നുപോയവരെ സഹാനുഭൂതിയോടെ സ്വീകരിക്കണമെന്നും ഉത്ബോധിപ്പിച്ചു. വിശുദ്ധ കുര്‍ബ്ബാനയില്‍ നിന്നു ശക്തിപ്രാപിച്ചുകൊണ്ട് അനുരജ്ഞനത്തില്‍ വിശുദ്ധ ജീവിതം നയിക്കാന്‍ കുടുംബങ്ങളെ പാപ്പ ക്ഷണിച്ചു. അവരുടെ അനുദിന ജീവിത പ്രവര്‍ത്തനങ്ങള്‍ ഐക്യത്തിന്‍റെ കൂദാശയില്‍ അധിഷ്ഠിതമായിരിക്കട്ടെയെന്നും പാപ്പ ആശംസിച്ചു.








All the contents on this site are copyrighted ©.