2011-09-08 20:10:35

വിദ്യാലയങ്ങള്‍ സത്യത്തിന്‍റെ
സ്രോതസ്സാവണമെന്ന് - മാര്‍പാപ്പ


8 സെപ്റ്റംമ്പര്‍ 2011, കാസില്‍ ഗണ്ടോള്‍ഫോ
കത്തോലിക്കാ വിദ്യാലയങ്ങള്‍ ദൈവമഹത്വം പ്രഘോഷിക്കുകയും
സത്യം വെളിപ്പെടുത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളാവണമെന്ന്,
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു. മാര്‍പാപ്പയുമായുള്ള ആദ് ലീമിനാ ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കെത്തിയ ഭാരതത്തില്‍നിന്നുമുള്ള മെത്രാന്മാരെ സെപ്റ്റംബര്‍ 8-ാം തിയതി വ്യാഴാഴ്ച കാസില്‍ ഗണ്ടോള്‍ഫോയിലുള്ള തന്‍റെ വേനല്‍ക്കാല വസതിയില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

മുബൈ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്സിന്‍റെ നേതൃത്വത്തിലുള്ള
മെത്രാന്മാരാണ് തങ്ങളുടെ വ്യക്തിഗത കൂടിക്കാഴ്ചയ്ക്കുശേഷം സമാപനമായുള്ള പൊതുകൂടിക്കാഴ്ചയ്ക്ക് വ്യാഴാഴ്ച രാവിലെ കാസില്‍ ഗണ്ടോള്‍ഫോയിലെ
പേപ്പല്‍ വസതിയിലെത്തിയത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ സ്ഥാപനങ്ങള്‍, പ്രത്യേകിച്ച് വിദ്യാലയങ്ങള്‍ ഭാരതത്തിന് അനുഗ്രമാണെന്ന് ചൂണ്ടിക്കാണിച്ച പാപ്പ, ബൗദ്ധികവും ധാര്‍മ്മികവുമായ രൂപീകരണം മാത്രമല്ല വിദ്യലയങ്ങളുടെ ലക്ഷൃം, ദൈവമഹത്വം പങ്കുവയ്ക്കുകയും ഏവരെയും യാഥാര്‍ത്ഥ്യത്തിലേയ്ക്കു നയിക്കുവാന്‍ സ്വതന്ത്രമാക്കുന്ന സത്യത്തിന്‍റെ വെളിച്ചം പരത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളാവണം അവയെന്നും ഉദ്ബോധിപ്പിച്ചു. വിശ്വാസത്തിന്‍റെ കേന്ദ്രമായ ഈ രക്ഷാകര സത്യം സഭയുടെ എല്ലാ പ്രേഷിത സംരംഭങ്ങളുടെയും അടിസ്ഥാനമായിരിക്കേണ്ടതാണെന്ന് മാര്‍പാപ്പ അനുസ്മരിപ്പിച്ചു.
ഈ രക്ഷാകര സത്യത്തിന്‍റെ പ്രഘോഷണം, ആദരവോടെ എന്നാല്‍ വിട്ടുവീഴ്ചയില്ലാതെ നിര്‍വ്വഹിക്കേണ്ടതാണെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.

ഭാരതത്തിലെ ജനങ്ങളുടെയും കൂടിക്കാഴ്ചയ്ക്കുണ്ടായിരുന്ന മെത്രാന്മാരുടെുയും പേരില്‍ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് അര്‍പ്പിച്ച ആശംസകള്‍ക്കും പ്രാര്‍ത്ഥനയ്ക്കും നന്ദിപറഞ്ഞ മാര്‍പാപ്പ, വിവിധ അജപാലന മേഖലകളില്‍ ശുശ്രൂഷചെയ്യുന്ന ഭാരതത്തിലെ വൈദികരെയും സന്യസ്തരെയും അല്‍മായരെയും നന്ദിയോടെ അനുസ്മരിച്ചു.
മാര്‍പാപ്പയുമായുള്ള ഭാരതത്തിലെ മെത്രാന്മാരുടെ ആദ് ലീമിനാ ഔദ്യോഗിക സന്ദര്‍ശനം സെപ്തംബര്‍ 19-വരെ തുടരും.








All the contents on this site are copyrighted ©.