2011-09-06 16:05:44

ലിബിയയില്‍ സമാധാനസ്ഥാപനത്തിനുള്ള ശ്രമങ്ങള്‍ പ്രകടമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ത്തിനെല്ലി


6 സെപ്റ്റംമ്പര്‍ 2011, റോം

ഭരണമാറ്റത്തെ സംബന്ധിച്ച കാര്യങ്ങള്‍ മുന്‍കൂട്ടിക്കാണാന്‍ ബുദ്ധിമുട്ടാണെങ്കിലും സമാധാനസ്ഥാപനത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ലിബിയായില്‍ കാണാന്‍ സാധിക്കുന്നുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ത്തിനെല്ലി. സെപ്റ്റംബര്‍ ആറാം തിയതി ചൊവ്വാഴ്ച ഫീദെസ് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് ട്രിപ്പോളിയിലെ അപ്പസ്തോലിക വികാരി ആര്‍ച്ച് ബിഷപ്പ് ഇന്നൊച്ചെന്‍സോ മാര്‍ത്തിനെല്ലി ലിബിയായുടെ ഭാവിയെക്കുറിച്ചുള്ള തന്‍റെ പ്രതീക്ഷകള്‍ പങ്കുവെച്ചത്. ജനങ്ങളുടെ സുരക്ഷയ്ക്കു പ്രാധാന്യം കൊടുക്കുമെന്നാണ് വിമത നേതാക്കള്‍ ഉറപ്പിച്ചു പറയുന്നതെന്ന് അനുസ്മരിച്ച അദ്ദേഹം അനുരജ്ഞനത്തിന്‍റെ പാത നന്നായി വളരട്ടെയെന്നും പ്രത്യാശിച്ചു. ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്കെതിരേ ലിബിയായില്‍ നടക്കുന്ന ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു. അവരില്‍ ഒരു വിഭാഗം കൂലിപ്പട്ടാളക്കാരെന്ന നിലയില്‍ ചൂഷണം ചെയ്യപ്പെട്ടവരാണ്. എന്നാല്‍ അവരില്‍ ഭൂരിഭാഗം പേരും പുതിയ ലിബിയായ്ക്ക് അവശ്യം വേണ്ട സാധാരണ തൊഴില്‍ മേഖലകളിലാണ് ജോലിചെയ്യുന്നത്. അവര്‍ അന്നാടിനു നല്‍കുന്ന സേവനം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ത്തിനെല്ലി പറഞ്ഞു.

അതേ സമയം ലിബിയായിലെ സൈനീക നടപടി വൈകാതെ അവസാനിപ്പിക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്സ് ഫോഗ് റാസ്മൂസ് വെളിപ്പെടുത്തി. ലിബിയയിലെ ജനങ്ങളുടെ ഭാവി അവരുടെ കൈകളിലെത്തിയിരിക്കുകയാണെന്നും സൈനീക ദൗത്യം താമസിയാതെ പൂര്‍ത്തിയാകുമെന്നും അഞ്ചാം തിയതി തിങ്കളാഴ്ച ബ്രസല്‍സില്‍ വച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നാറ്റോ സെക്രട്ടറി ജനറല്‍ റാസ്മൂസ് വ്യക്തമാക്കി,








All the contents on this site are copyrighted ©.