2011-09-05 16:42:46

ദിവ്യകാരുണ്യനാഥനോടുള്ള ആത്മീയഐക്യവും പ്രധാന്യമര്‍ഹിക്കുന്നു – ഫാദര്‍ ലൊംബാര്‍ദി


5 സെപ്റ്റംമ്പര്‍ 2011, വത്തിക്കാന്‍

ക്രിസ്തുവിനോടൊപ്പം ആത്മീയ കൂട്ടായ്മ തീവ്രമായി അഭിലഷിക്കുന്നതുതന്നെ കൂട്ടായ്മയുടെ ഉറവിടമാണെന്ന് ഫാദര്‍ ഫെഡറിക്കോ ലൊംബാര്‍ദി. സെപ്തംബര്‍ മൂന്നാം തിയതി ശനിയാഴ്ച വത്തിക്കാന്‍ ടെലിവിഷന്‍റെ വാരാന്ത്യപരിപാടിയായ ഒക്ടാവാ ദിയെസില്‍ സംസാരിക്കുകയായിരുന്നു വത്തിക്കാന്‍ ടെലിവിഷന്‍റെയും റേഡിയോ നിലയത്തിന്‍റെയും ഡയറക്ടര്‍ ജനറല്‍ ഫാദര്‍ ഫെഡറിക്കോ ലൊംബാര്‍ദി. മാഡ്രിഡിലെ യുവജനദിനാഘോഷ സമാപനപരിപാടിയുടെ രണ്ടു പ്രത്യേകതകളെക്കുറിച്ചാണ് പരിപാടിയില്‍ അദ്ദേഹം പരാമര്‍ശിച്ചത്. ക്വാത്രോ വെന്തോയില്‍ നടന്ന ദിവ്യകാരുണ്യാരാധനയും ദിവ്യബലിയും ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്ന യേശുക്രിസ്തുവിനോടു യുവജനങ്ങള്‍ക്കും സഭമുഴുവനുമുള്ള ബന്ധത്തില്‍ തുടര്‍ന്നും നിര്‍ണ്ണായകസ്ഥാനം വഹിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, 2005ല്‍ കൊളോണില്‍ നടന്ന ലോകയുവജനദിനാഘോഷം മുതല്‍ ജാഗരപ്രാര്‍ത്ഥയുടെ അവിഭാജ്യഘടകമായി ദിവ്യകാരുണ്യാരാധന മാറിയെന്നും അദ്ദേഹം നിരീക്ഷിച്ചു. യേശുവിനോടൊപ്പം നിശബ്ദതയില്‍ ആയിരിക്കുമ്പോഴാണ് അവിടുത്തെ ശ്രവിക്കാനും അവിടുത്തോടു സംഭാഷണത്തിലേര്‍പ്പെടാനും അങ്ങനെ അവിടുത്തോടുള്ള ഐക്യത്തില്‍ വളരുവാനും സാധിക്കുന്നത്. സമാപനദിവ്യബലിമധ്യേ അവിചാരിത കാരണങ്ങളാല്‍ നിരവധി യുവജനങ്ങള്‍ക്കു ദിവ്യകാരുണ്യം സ്വീകരിക്കാന്‍ സാധിക്കാതിരുന്ന കാര്യം അനുസ്മരിച്ച ഫാദര്‍ ലൊംബാര്‍ദി ദിവ്യകാരുണ്യം സ്വീകരിക്കാന്‍ സാധിക്കാത്ത അവസരങ്ങളില്‍ പോലും ദിവ്യബലിയില്‍ സംബന്ധിക്കുന്നത് പ്രാധാന്യമര്‍ഹിക്കുന്നതും ആവശ്യകവും അര്‍ത്ഥവത്തും ഫലദായകവുമാണെന്ന് മാര്‍പാപ്പ ഒരു പ്രബോധനരേഖയില്‍ രേഖപ്പെടുത്തിയിട്ടുള്ള കാര്യവും ചൂണ്ടിക്കാട്ടി, കൂദാശയില്‍ അവിടുത്തെ സ്വീകരിക്കുന്നത് ഒരു സവിശേഷദാനമാണെങ്കിലും അവിടുത്തോട് ഐക്യപ്പെടുവാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതു തന്നെ ആ ഐക്യത്തിന്‍റെ ഉറവിടമാണെന്നും ഫാദര്‍ ലൊംബാര്‍ദി പറഞ്ഞു. ഏതെങ്കിലും കാരണത്താല്‍ - കുടുബജീവിതത്തിലെ കടമകളോ മറ്റേതെങ്കിലും പ്രായോഗിക കാരണങ്ങളോ മൂലം – ഒരു നിശ്ചിത ദിവസം ഐക്യത്തിന്‍റെ കൂദാശയില്‍ പങ്കുചേരാന്‍ സാധിക്കാത്തവര്‍ക്കു പ്രത്യാശയുടെ സന്ദേശമാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.