2011-09-05 16:37:00

കര്‍ദിനാള്‍ ദെസ്ക്കറിന്‍റെ നിര്യാണത്തില്‍ മാര്‍പാപ്പയുടെ അനുശോചനം


5 സെപ്റ്റംമ്പര്‍ 2011, വത്തിക്കാന്‍

കര്‍ദിനാള്‍ ആഡ്രേസ് മരിയ ദെസ്ക്കറിന്‍റെ വിയോഗത്തില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. സെപ്തംബര്‍ മൂന്നാം തിയതി ശനിയാഴ്ച അന്തരിച്ച കര്‍ദിനാള്‍ ദെസ്ക്കര്‍ പോളണ്ട് സ്വദേശിയാണ്. ക്രാക്കോവ് അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ സ്റ്റാനിസ്ലാവ് ദിസിവിസിനയച്ച അനുശോചനസന്ദേശത്തില്‍ സാമൂഹ്യ സംമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മുന്‍അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ദെസ്ക്കര്‍ സാര്‍വ്വത്രീക സഭയ്ക്കു നല്‍കിയ സേവനങ്ങള്‍ പാപ്പ കൃതജ്ഞതയോടെ അനുസ്മരിച്ചു. സാമൂഹ്യ-സംമ്പര്‍ക്ക മാധ്യമരംഗത്ത് ക്രൈസ്തവാരൂപി വളര്‍ത്തുന്നതിന് അദ്ദേഹം കഠിനമായി അദ്ധ്വാനിച്ചുവെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ രേഖപ്പെടുത്തി. വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയോട് കര്‍ദിനാള്‍ ദെസ്ക്കറിനുണ്ടായിരുന്ന ഗാഢ സൗഹൃദത്തെക്കുറിച്ചും മാര്‍പാപ്പ സന്ദേശത്തില്‍ പരാമര്‍ശിച്ചു. സുവിശേഷത്തോടും സഭയോടും വിശ്വസ്തപുലര്‍ത്തിയ അജപാലകനായിരുന്ന കര്‍ദിനാള്‍ ദെസ്ക്കറിന്‍റെ സവിശേഷമായ മരിയഭക്തിയും മാര്‍പാപ്പ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. കര്‍ദിനാളിന്‍റെ വേര്‍പാടില്‍ വേദനിക്കുന്നരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന പാപ്പ അവര്‍ക്കു തന്‍റെ അപ്പസ്തോലികാശീര്‍വാദവും നല്‍കി. കര്‍ദിനാളിന്‍റെ അന്തിമോപചാര ചടങ്ങുകള്‍ ആറാം തിയതി ചൊവ്വാഴ്ച 11. 30 ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ നടക്കും.








All the contents on this site are copyrighted ©.