2011-09-01 17:57:28

സംഗീതം വിശ്വാസ സംവേദനത്തിന്
ഉചിതമായ ഭാഷയെന്ന് മാര്‍പാപ്പ


1 സെപ്റ്റംമ്പര്‍ 2011,
കാസില്‍ ഗണ്ടോള്‍ഫോ
വിശ്വാസ സംവേദനത്തിന് ഉചിതമായ ഭാഷയാണ് സംഗീതമെന്ന്,
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു. ആഗസ്റ്റ് 31-ാം തിയതി ബുധനാഴ്ച വൈകുന്നേരം റോമാ പട്ടണത്തിനു പുറത്ത്, കാസില്‍ ഗണ്ടോള്‍ഫോയിലെ പേപ്പല്‍ അരമനയിലൊരുക്കിയ സംഗീതവിരുന്നിന് നന്ദി പ്രാകാശിപ്പിക്കുകയായിരുന്നു മാര്‍പാപ്പ.
സഭയുടെ വിശ്വാസ തീര്‍ത്ഥാടനത്തില്‍ ശുദ്ധ-സംഗീതത്തിന് വലിയ പങ്കുണ്ടെന്നു ചൂണ്ടിക്കാണിച്ച പാപ്പ, ആഴമായ വിശ്വാസത്തില്‍നിന്നും ഉയരുന്നതാണ് അതെന്നും, വിശ്വാസത്തിന്‍റെ തീവ്രതയും തീക്ഷ്ണതയും പ്രതിഫലിപ്പിക്കാനും സംവദിക്കാനും നല്ല സംഗീതത്തിന് കരുത്തുണ്ടെന്നും ഉദ്ബോധിപ്പിച്ചു.
സംഗീത ശില്പത്തിന്‍റെ വിവിധ വിഭാഗങ്ങള്‍ കൈകാര്യംചെയ്ത കലാകാരന്മാര്‍ക്ക് നന്ദിപറഞ്ഞ പാപ്പാ, അതിന്‍റെ സംവിധായകന്‍
കര്‍ദ്ദിനാള്‍ ബര്‍ത്തലൂച്ചിക്കും പ്രത്യേകമായി അഭിനന്ദനങ്ങളും നന്ദിയും അര്‍പ്പിച്ചു.
..................................
ബെനെദിക്ത്തൂസ്
സംഗീത വിരുന്നു
1 സെപ്റ്റംമ്പര്‍ 2011, കാസില്‍ ഗണ്ടോള്‍ഫോ
ബെനെദിക്ത്തൂസ് - പാപ്പായുടെ പേരിലൊരുക്കിയ സംഗീത ശില്പം
വേനല്‍ വിരുന്നായി. ഇറ്റലിയിലെ പ്രശസ്ത സംഗീതജ്ഞനും, സിസ്റ്റൈന്‍ ഗായക സംഘത്തിന്‍റെ മുന്‍സംഗീത സംവിധായകനുമായ കര്‍ദ്ദിനാള്‍ ഡോമ്നിക്ക് ബര്‍ത്തലൂച്ചിയാണ് ബനഡിക്ട് 16-ാംമന്‍ പാപ്പായുടെ ബഹുമാനാര്‍ത്ഥം ബനഡിക്ത്തൂസ്- എന്നു നാമകരണംചെയ്ത സംഗീത വിരുന്ന് കാസില്‍ ഗണ്ടോള്‍ഫോയിലെ വേനല്‍ക്കാല വസതിയില്‍ ആഗസ്റ്റ് 31-ാം തിയതി ബുധനാഴ്ച സായാഹ്നത്തില്‍ അവതരിപ്പിച്ചത്.
ബനഡീക്ത്തൂസ് എന്ന ലത്തീന്‍ വാക്കിന് സ്തുതിപ്പ് എന്നര്‍ത്ഥമുള്ളപ്പോള്‍,
അതു മാര്‍പാപ്പയുടെ പേരുകൂടെ ആകയാല്‍ ദ്വയാര്‍ത്ഥത്തിലാണ്
ബര്‍ത്തലൂച്ചി പാശ്ചാത്യ ശാസ്ത്രീയ സംഗീത ശില്പം തീര്‍ത്തത്.

ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പായുടെ അനുഗ്രഹീതമായ അജപാലന സാന്നിദ്ധ്യത്തിന് ദൈവത്തിന് നന്ദിപറയുന്നതും, യൂറോപ്പിലെ വേനലില്‍ കുളിരേകുന്നതുമായിരുന്നു ബര്‍ത്തലൂച്ചിയുടെ
ഒരു മണിക്കൂര്‍ നീണ്ടുനിന്ന ആത്മീയ സംഗീത വിരുന്നെന്ന്, മാധ്യമങ്ങള്‍ വിലയിരുത്തി.










All the contents on this site are copyrighted ©.