2011-08-29 20:13:04

ത്രികാല പ്രാര്‍ത്ഥനാ സന്ദേശം, 29 ആഗസ്റ്റ് 2011


29 ആഗസ്റ്റ് 2011, കാസില്‍ ഗണ്ടോള്‍ഫോ
മത്തായിയുടെ സുവിശേഷത്തില്‍ നാം ഇങ്ങനെ വായിക്കുന്നു (മത്തായി 16, 21).
ക്രിസ്തു തന്‍റെ ശിഷ്യന്മാരോട് ഉണര്‍ത്തിച്ചു, “തനിക്ക് ജരൂസലേമിലേയ്ക്കു പോകേണ്ടിയിരിക്കുന്നുവെന്നും, യഹൂദ പ്രമാണികളില്‍നിന്നും പ്രധാന പുരോഹിതന്മാരില്‍നിന്നും നിയമജ്ഞരില്‍നിന്നും വളരെയേറെ പീഡനങ്ങള്‍ സഹിക്കേണടിവരുമെന്നും, അവസാനം വധിക്കപ്പെടുമെന്നും, എന്നാല്‍ മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുമെന്നും, അവിടുന്നരുള്‍ ചെയ്തു”

ആരെയും അസ്വസ്തരാക്കുന്ന വസ്തുതകളാണ് ശിഷ്യന്മാര്‍ അന്ന് ശ്രവിച്ചത്. എങ്ങനെയാണ് സജീവ ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു മനുഷ്യരുടെ കരങ്ങളില്‍ പീഡകള്‍ സഹിച്ച് മരിക്കുന്നത്? അപ്പോള്‍ പത്രോസ് ക്രിസതു പറഞ്ഞ കാര്യങ്ങളോട് വിയോജിക്കുകയും ഉടനെ ഇങ്ങനെ പ്രത്യുത്തരിക്കുകയും ചെയ്തു.
“ദൈവം കനിഞ്ഞ്, ഇതൊരിക്കലും അങ്ങേയ്ക്കു സംഭവിക്കാതിരിക്കട്ടെ.”
മനുഷ്യകുലത്തെ രക്ഷിക്കാന്‍ തന്‍റെ പുത്രന്‍ പീഡനങ്ങള്‍ സഹിച്ച് മരണമടയണമെന്ന പിതാവിന്‍റെ പദ്ധതിയും, അപ്പസ്തോലന്മാരുടെ മനസ്സിലുയര്‍ന്ന മാനുഷികമായ മോഹങ്ങളും തമ്മിലുള്ള വൈരുദ്ധ്യവും അന്തരവുമാണ് നാം ഇവിടെ പ്രകടമായി കാണുന്നത്.
ഈ അന്തരം ഇന്നും ലോകത്ത് ആവര്‍ത്തിക്കപ്പെടുന്നു.
ദൈവത്തിന്‍റെ ഹിതമെന്തെന്ന് മനസ്സിലാക്കാതെ മനുഷ്യര്‍ അവരുടെ പദ്ധതികള്‍ പണിതുയര്‍ത്തുന്നു. ശാരീരികവും സാമൂഹ്യവും സാമ്പത്തികവുമായ നേട്ടങ്ങള്‍ക്കും സുസ്ഥിതിക്കും വേണ്ടി മാത്രം എല്ലാം ചെയ്തു കൂടുമ്പോള്‍, ദൈവത്തിന്‍റെ പദ്ധതിയും മാനുഷിക പദ്ധതിയും തമ്മിലുള്ള വലിയ അന്തരവും വൈരുദ്ധ്യവും ഈ ഭൂമിയില്‍ അനുഭവവേദ്യമാകുന്നു.
ദൈവത്തിന്‍റെ സ്നേഹത്തിലുള്ള പദ്ധതികള്‍ സ്വീകരിക്കാതെയും, അവിടുത്തെ തിരുഹിതം മനസ്സിലാക്കാതെയും ദൈവത്തെ മാറ്റി നിറുത്തുന്ന ഒരു ലോകത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാകുമോ?

അപ്പോള്‍, കുപിതനായി പത്രോസിനോടു ക്രിസ്തു ഇങ്ങനെ പറഞ്ഞു.
“സാത്താനേ, എന്‍റെ മുമ്പില്‍നിന്നു പോകൂ, നീ എനിക്കു പ്രതിബന്ധമാണ്, നിന്‍റെ ചിന്ത ദൈവവികമല്ല, മാനുഷികമാണ്.” (മത്തായി 16, 24).
തന്നെ അനുഗമിക്കേണ്ടവര്‍, ഇടര്‍ച്ചയ്ക്ക് കാരണമാകയോ, തടസ്സാമയി നല്ക്കുകയോ അരുത് എന്നാണ് ക്രിസ്തു പഠിപ്പിക്കുന്നത്. സമാന്തര സുവിശേഷങ്ങള്‍ മൂന്നും പറയുന്നുണ്ട്, ‘എന്നെ അനുഗമിക്കാന്‍ അഗ്രഹിക്കുന്നവര്‍, തന്നെത്തന്നെ പരിത്യജിച്ച്, കുരിശുംവരിച്ച് തന്‍റെ പിന്നാലെ വരട്ടെ’ എന്ന്.
കുരിശുവഹിക്കാതെ ക്രിസ്തുവിന്‍റെ ശിഷ്യരായിരിക്കുക സാദ്ധ്യമല്ല.
ക്രിസ്തു അന്നു തന്‍റെ ശിഷ്യര്‍ക്കു നല്കിയതുപോലുള്ള ആഹ്വാനം ഇന്ന് നമുക്കും നല്കുകയാണ്.

ഇതാണ് ക്രിസ്തു ശിഷ്യന്‍ ചെയ്യേണ്ടത്, ജീവിതക്കുരിശുകള്‍ വഹിച്ചുകൊണ്ട് അവിടുത്തെ അനുഗമിക്കുക. ലോകദൃഷ്ടിയില്‍ അത് പരാജവും നഷ്ടവുമായി പരിഗണിക്കപ്പെടാം.
“സ്വന്തം ജീവനെ രക്ഷിക്കാവാന്‍ ആഗ്രഹിക്കുന്നവന്‍ അത് നഷ്ടപ്പെടുത്തും, എന്നാല്‍ ആരെങ്കിലും എനിക്കുവേണ്ടി സ്വജീവന്‍ നഷ്ടപ്പെടുത്തിയാല്‍
അവന്‍ അതു കണ്ടെത്തും. ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അതില്‍ എന്തു പ്രയോജനം.
ഒരുവന്‍ സ്വന്തം ആത്മാവിനു പകരമായി എന്തുകൊടുക്കും?” (മത്തായി 16, 25-26).

എന്നാല്‍ നാം ഒറ്റയ്ക്കല്ല കുരിശുവഹിക്കുന്നത്, ക്രിസ്തുവിനോടുകൂടെയാണ്, ക്രിസ്തു നമ്മോടു കൂടെയുണ്ട്. ജീവിതക്കുരിശുകള്‍ സന്തോഷത്തോടെ വഹിക്കുന്നവര്‍ ക്രിസ്തുവിന്‍റെ സ്വാര്‍പ്പണത്തില്‍ പങ്കുചേരുകയാണ്, ക്രിസ്തുവിനോടുകൂടെ ചരിക്കുകയാണ്.
ദൈവദാസന്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ, കര്‍ത്താവില്‍ സന്തോഷിക്കുക, (Gaudete in Domino)- എന്ന തന്‍റെ അപ്പസ്തോലിക പ്രബോധനത്തില്‍ ഇപ്രകാരം വിവവരിക്കുന്നുണ്ട്. പിതൃസഹജമായ വാത്സല്യം പ്രകടമാക്കുന്ന ദൈവഹിതത്തിന് പൂര്‍ണ്ണമായി വിധേയനായും, വളരെ നിഗൂഢവുമായ വിധത്തിലാണ് മനുഷ്യകുലത്തെ പാപത്തില്‍നിന്നും മോചിക്കുവാന്‍ ക്രിസ്തു കുരിശിനെ ആശ്ലേഷിക്കുന്നതും, മരണംവരിക്കുന്നതും.

കുരിശുവഹിച്ചും സ്വയം മരണമേറ്റെടുത്തും ക്രിസ്തു മനുഷ്യകുലത്തിന്‍റെ രക്ഷയുടെ സ്രേതസ്സായി മാറി. ‘അജ്ഞതയാല്‍ അന്ധരായവര്‍ക്കും പാപത്താല്‍ ബന്ധിതരായവര്‍ക്കും ക്രിസ്തുവിന്‍റെ കുരിശ്ശ് പ്രകാശവും സ്വാതന്ത്ര്യവും നല്കിക്കൊണ്ട്, സകല മനുഷ്യര്‍ക്കും അവിടുന്ന്, ക്രിസ്തു, രക്ഷ കരഗതമാക്കി,’ എന്നാണ് ജരൂസലേമിലെ വിശുദ്ധ സിറിള്‍ ഉദ്ബോധിപ്പിക്കുന്നത്.
പ്രിയ സഹോദരരേ, നമ്മുടെ പ്രാര്‍ത്ഥനകള്‍ പരിശുദ്ധ കന്യകാ നാഥയുടെയും ഇന്നു നാം അനുസ്മരിക്കുന്ന വിശുദ്ധ അഗസ്റ്റിന്‍റെയും മാദ്ധ്യസ്ഥതയില്‍ സമര്‍പ്പിക്കാം.
കുരിശിനെ എപ്രകാരം അനുധാവനം ചെയ്യണമെന്ന് അവര്‍ നമുക്കു കാണിച്ചു തരുന്നുണ്ട്. വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ പറയുന്നതുപോലെ,
“നാം ഈ ലോകത്തിന് അനുരൂപരാകാതെ, മനസ്സിന്‍റെ നവീകരണംവഴി രൂപാന്തരപ്പെടണം. അതുവഴി ദൈവഹിതം എന്തെന്നും, ദൈവതിരുമുമ്പില്‍ നല്ലതും പ്രീതിജനകവും പരിപൂര്‍ണ്ണവുമായത് എന്തെന്നും വിവേചിച്ചറിയാന്‍ നമുക്കു സാധിക്കട്ടെ.” (റോമാക്കാര്‍ 12, 2).








All the contents on this site are copyrighted ©.