2011-08-25 20:30:05

“ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും
ശിഷ്യപ്പെടുത്തുവിന്‍.” – ബ്രസീല്‍ യുവജനസംഗമ സന്ദേശം


25 ആഗസ്റ്റ് 2011, കാസില്‍ ഗണ്ടോള്‍ഫോ
2013-ല്‍ ബ്രസീലില്‍ അരങ്ങേറാന്‍ പോകുന്ന ലോക യുവജന സംഗമത്തിന് മാര്‍പാപ്പ വിഷയം നല്കി. ആഗസ്റ്റ് 24-ാം ബുധനാഴ്ച കാസില്‍ ഗണ്ടോള്‍ഫോയിലെ വേനല്‍ക്കാല വസതില്‍ നടത്തിയ പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ സമാപനത്തിലാണ്
പാപ്പ ബ്രസീല്‍ യുവജനസംഗമത്തിനുള്ള ആപ്തവാക്യം വെളിപ്പെടുത്തിയത്.
“ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍,” മത്തായി 28, 19 എന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ക്രിസ്തുവിന്‍റെ അന്തിമാഹ്വാനമാണ് ബ്രസീലിലെ റിയോ ദെ ജനീരോ പട്ടണത്തില്‍ അരങ്ങേറുന്ന സംഗമത്തിന് മാര്‍പാപ്പ മുഖ്യവിഷയമായി നല്കിയത്. 2013 ജൂലൈ 23 മുതല്‍ 28 വരെ തിയതികളിലായിരിക്കും ആഗോള യുവജനം ബ്രസീലില്‍ സംഗമിക്കുന്നതെന്നും മാര്‍പാപ്പ പ്രഖ്യാപിച്ചു.

തന്‍റെ പതിവുള്ള പ്രതിവാര കൂടിക്കാഴ്ചാ പരിപാടിയില്‍ മാഡ്രഡ് സമ്മേളനത്തിന്‍റെ മങ്ങാത്ത സ്മരണകള്‍ തീര്‍ത്ഥാടകരുമായി മാര്‍പാപ്പ പങ്കുവച്ചു. സമ്മേളനത്തിലേയ്ക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമെത്തിയ 20 ലക്ഷത്തോളം വരുന്ന യുവജനങ്ങള്‍ക്കു പുറമേ, വൈദികവിദ്യാര്‍ത്ഥികള്‍, യുവ സന്യാസിനിമാര്‍, യുവ അദ്ധ്യാപകര്‍, ആംഗവൈകല്യമുള്ള യുവജനങ്ങള്‍, സമ്മേളനത്തിന്‍റെ അണിയറ ശില്പികളായിരുന്ന യുവ സന്നദ്ധ സേവകര്‍ എന്നിവരെയും മാര്‍പാപ്പ ചാരിതാര്‍ത്ഥ്യത്തോടും വാത്സല്യത്തോടുംകൂടെ തന്‍റെ പ്രഭാഷണത്തില്‍ അനുസ്മരിച്ചു.

യുവജനങ്ങളോടൊപ്പമുള്ള നാലു ദിവസത്തെ നീണ്ട പരിപാടികള്‍ക്കുശേഷം ആഗസ്റ്റ് 21-ാം തിയിതി ഞായറാഴ്ച രാത്രിയിലാണ് മാര്‍പാപ്പ റോമിനു പുറത്തുള്ള വേനല്‍ക്കാല വസതിയില്‍ തിരിച്ചെത്തിയത്. ആതിഥേയ രാഷ്ട്രമായ സ്പെയിനിന്‍റെ മാത്രമല്ല, ലോകം മുഴുവന്‍റെയും അതിഗംഭീരമായ വിശ്വാസ പ്രകടനമായിരുന്നു മാഡ്രിഡ് സംഭവം എന്നു പറഞ്ഞുകൊണ്ടാണ് മാര്‍പാപ്പ തന്‍റെ പ്രതിവാര കൂടിക്കാഴ്ചാ പ്രഭാഷണം സമാപിപ്പിച്ചത്.

2012-ല്‍ ആഗോള സഭ ആചരിക്കുന്ന 27-ാമത് യുവജനദിനത്തിന്‍റെ വിഷയം കൂടെ കാസില്‍ ഗണ്ടോള്‍ഫോയില്‍ മാര്‍പാപ്പ പ്രഖ്യാപിച്ചു. പതിവായി യൂറോപ്പില്‍ ഓശാന ഞായര്‍ ദിനത്തില്‍ ആഘോഷിക്കപ്പെടുന്ന യുവജനദിനം അജപാലന സൗകര്യങ്ങള്‍ മാനിച്ചുകൊണ്ട് ജൂലൈ മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ഭാരതത്തില്‍ പൊതുവെയും, കേരളത്തിലും ആചരിക്കപ്പെടുന്നത്. വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനത്തില്‍നിന്നും എടുത്തിട്ടുള്ള ഫിലി. 4, 4.
“നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍,” എന്ന വചനമാണ് 2012-ാമാണ്ടിലെ യുവജന ദിനത്തിന്‍റെ ആപ്തവാക്യമെന്നും ആഗസ്‍റ്റ് 24-ാം തിയതി ബുധനാഴ്ച കാസില്‍ ഗണ്ടോള്‍ഫോയില്‍ നടന്ന പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ പാപ്പ പ്രഖ്യാപിച്ചു.








All the contents on this site are copyrighted ©.