2011-08-25 20:47:27

‘പാപ്പായുടെ
യുവജനങ്ങള്‍’


25 ആഗസ്റ്റ് 2011, റോം
മാഡ്രിഡിലെത്തിയ യുവജനങ്ങള്‍ പുതുസഹസ്രാബ്ദത്തിന്‍റെ പ്രേഷിതരാണെന്ന്,
ഏമര്‍ മെക്കാര്‍ത്തിയുടെ നീരിക്ഷണം വത്തിക്കാന്‍ റേഡിയോ വക്താവ്.
ആഗസ്റ്റ് 24-ാം തിയതി മാഡ്രിഡില്‍നിന്നും തിരിച്ചെത്തിയ വത്തിക്കാന്‍ റോഡിയോയുടെ ഇംഗ്ലിഷ് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടര്‍ ഏമറിന്‍റെ പ്രസ്താവനയാണിത്.
ക്രിസ്തുവിനെ പ്രഘോഷിക്കുന്നതില്‍ നിങ്ങള്‍ ലജ്ജിക്കരുത്,
എന്ന ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ആഹ്വാനം ചെവിക്കൊണ്ടെത്തിയ 20 ലക്ഷത്തോളം വരുന്ന യുവജനങ്ങള്‍ 21-ാം നൂറ്റാണ്ടിന്‍റെ പ്രേഷിതരാണെന്നാണ് മാഡ്രിഡില്‍ തന്‍റെ മനസ്സില്‍ ആദ്യം തെളിഞ്ഞ ബോധ്യമെന്ന് യുവ ജേര്‍ണലിസ്റ്റായ ഏമര്‍ പ്രസ്താവിച്ചു. നടന്നും ബസ്സിലും ട്രെയിനിലും വിമാനത്തിലുമായി നീണ്ട യാത്രചെയ്ത് ക്ഷീണിച്ചും, അഴുക്കുപറ്റിയും സൂര്യതാപമേറ്റും എത്തിയ യുവജനങ്ങളുടെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി താന്‍ കണ്ടുവെന്ന് ഏമര്‍ സാക്ഷൃപ്പെടുത്തി.

ശനിയാഴ്ച രാത്രിയില്‍ മാഡ്രിഡിലെ ക്വാത്രോ വിയന്തോസ് വിമാനത്താവളത്തിലുയര്‍ന്ന കാറ്റിലും കോളിലും ‘ഞങ്ങള്‍ പാപ്പായുടെ യുവജനം’ആണെന്ന് ഇടിനാദംപോലെ പ്രഘോഷിച്ച ലോകയുവത സഭയുടെ ഭാവി മാത്രമല്ല, വര്‍ത്തമാനകാല വാഗ്ദാനമാണെന്നും ഏമര്‍ അഭിപ്രായപ്പെട്ടു. ഭൂമുഖത്തെ ഏറ്റവും വലിയ യുവജനസംഗമെന്ന് ഏമര്‍ വിശേഷിപ്പിച്ച മാഡ്രിഡ് സംഗമം വൈവിധ്യമാര്‍ന്ന ഭാഷകളുടെ ബാബിലോണിയിരുന്നെങ്കിലും ക്രിസ്തു സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ലിപികളില്ലാത്ത ഹൃദയത്തിന്‍റെ ഭാഷ എല്ലായിടത്തും തെളിഞ്ഞുനിന്നുവെന്നും അഭിമുഖത്തില്‍ ഏമര്‍ പങ്കുവച്ചു.








All the contents on this site are copyrighted ©.