2011-08-25 20:39:13

പ്രത്യാശപകരുന്ന
പാപ്പായുടെ
ജര്‍മ്മനി സന്ദര്‍ശനം


25 ആഗസ്റ്റ് 2011, ബര്‍ലിന്‍
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ആസന്നമാകുന്ന അപ്പസ്തോലിക സന്ദര്‍ശനം ജര്‍മ്മനിയുടെ നവസുവിശേഷവത്ക്കരണത്തിന് പ്രത്യാശയും ശക്തിയും പകരുമെന്ന്, ആര്‍ച്ചുബിഷപ്പ് ഷോണ്‍ പെരീസ്സെ, ജര്‍മ്മനിയിലെ വത്തിക്കാന്‍റെ സ്ഥാനപതി.
മാര്‍പാപ്പയുടെ ജര്‍മ്മനിയിലേയ്ക്കുള്ള അപ്പസ്തോലിക സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 25-ാം തിയതി പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. ജര്‍മ്മന്‍ പാര്‍ലിമെന്‍ററി അംഗങ്ങളായുള്ള മാര്‍പാപ്പയുടെ കൂടിക്കാഴ്ചയും ബെര്‍ളിനിലെ ഒളിംപിക്ക് സ്റ്റേഡിയത്തിലെ സമൂഹബലിയര്‍പ്പണവും സന്ദര്‍ശനത്തിലെ മുഖ്യ ഇനങ്ങളായി പ്രതിപാദിച്ച ആര്‍ച്ചുബിഷപ്പ് പെരീസ്സേ, ഈ ചരിത്ര സന്ദര്‍ശനം ജര്‍മ്മനിയിലെ ജനങ്ങള്‍ക്ക് ദൈവത്തില്‍ കൂടുതല്‍ പ്രത്യാശയും ജീവിതത്തില്‍ ആത്മീയശക്തിയും പകരുന്നതായിരിക്കുമെന്നും ചൂണ്ടിക്കാട്ടി.


സെപ്റ്റംമ്പര്‍ 21-മുതല്‍ 25-വരെയാണ് മാര്‍പാപ്പയുടെ ജര്‍മ്മനിയിലേയ്ക്കുള്ള അപ്പസ്തോലിക യാത്ര. ജന്മനാട്ടിലേയ്ക്കുള്ള മൂന്നാമത്തെ അപ്പസ്തോലിക സന്ദര്‍ശനം 5 ദിവസം നീണ്ടു നില്ക്കുന്നതും സംയുക്ത ജര്‍മ്മനിയുടെ തെക്കും വടക്കും പടിഞ്ഞാറുമായി വ്യാപകമായതുമാണെന്നും വത്തിക്കാന്‍റെ സ്ഥാനപതി ചൂണ്ടിക്കാട്ടി.

തലസ്ഥാന നഗരമായ ബെര്‍ലിനില്‍ ആരംഭിക്കുന്ന സന്ദര്‍ശനത്തില്‍
ഏദ്സെല്‍ബാഹ് (Etzelbach), ഏര്‍ഫോര്‍ട്ട് (Erfurt), ഫ്രൈബൂര്‍ഗ് (Freiburg), ടെയ്ഗേല്‍ (Tegel), ബൂണ്‍ഡെസ്റ്റാഗ് (Bundestag), എന്നീ പട്ടണങ്ങളിലായി വിവിധ പരിപാടികളിലും പാപ്പാ പങ്കെടുക്കും. “ദൈവം എവിടെയുണ്ടോ, അവിടെ ഭാവിയുമുണ്ട്.” എന്നതാണ് സന്ദര്‍ശനത്തിന്‍റെ ആപ്തവാക്യം.









All the contents on this site are copyrighted ©.