2011-08-24 19:11:15

നീതി ഞായര്‍
ഭാരതത്തില്‍ ആചരിച്ചു


24 ആഗസ്റ്റ് 2011, ഡല്‍ഹി
ആഗോളവത്ക്കരണം വര്‍ദ്ധിച്ച അസമത്വത്തിന് കാരണമെന്ന്
ഭാരതത്തിലെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി നിരീക്ഷിച്ചു.
ആഗസ്റ്റ് 21-ാം തിയതി ഞായറാഴ്ച ദേശീയ തലത്തില്‍ ആഘോഷിച്ച
നീതി-ഞായറിനെക്കുറിച്ച് Justice Sunday മാധ്യമങ്ങള്‍ക്കു നല്കിയ വാര്‍ത്തയിലാണ് ദേശിയ മെത്രാന്‍ സമിതിയുടെ നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള കമ്മിഷന്‍ സെക്രട്ടറി, ഫാദര്‍ ചാള്‍സ് ഇദയം ഇപ്രകാരം പ്രസ്താവിച്ചത്.
ആഗോളവത്ക്കരണം വന്‍മാറ്റങ്ങള്‍ ദേശീയാ-ന്തര്‍ദേശീയ തലങ്ങളില്‍ സൃഷ്ടിക്കുമ്പോള്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ന്യൂനപക്ഷങ്ങള്‍
സാമൂഹ്യ അനീതിക്ക് വിധേയരാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്കുന്ന അടിസ്ഥാന അവകാശങ്ങള്‍ ലഭ്യമാക്കിക്കൊണ്ടും നിയമനടപടികള്‍ അതിനായി സ്വീകരിച്ചുകൊണ്ടും
മാത്രമേ ഭാരതത്തില്‍ സാമൂഹ്യ നീതി നടപ്പാക്കാനാവൂ എന്ന് ഫാദര്‍ ചാള്‍സ് വ്യക്തമാക്കി.
പൊതുന്മ, സമത്വം, പാവങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും, സാമ്പത്തിക വ്യവസ്ഥിതികളില്‍ പാലിക്കേണ്ട ധാര്‍മ്മികത എന്നിവ
ഭാരത സര്‍ക്കാര്‍ ഇനിയും മാനിക്കേണ്ട മേഖലകളാണെന്ന് നീതി-ഞായര്‍ ആചരണത്തോടനുബന്ധിച്ചിറക്കിയ പ്രസ്താവനയില്‍ ദേശീയ മെത്രാന്‍ സമിതിക്കുവേണ്ടി, സെക്രട്ടറി ഫാദര്‍ ചാള്‍സ് ഇദയം പ്രസ്താവിച്ചു.
എല്ലാവര്‍ഷവും ഭാരത സ്വാതന്ത്ര്യ ദിനാഘോഷത്തെ തുടര്‍ന്നു വരുന്ന
ആദ്യ ഞായറാഴ്ചയാണ് നീതി-ഞായര്‍ ആചരിക്കപ്പെടുന്നത്.








All the contents on this site are copyrighted ©.