2011-08-24 18:42:17

കര്‍ദ്ദിനാള്‍ ജോണ്‍ കോറെക്കിന്
പാപ്പായുടെ ആശംസകള്‍


24 ആഗസ്റ്റ് 2011, കാസില്‍ ഗണ്ടോള്‍ഫോ
പീഡനങ്ങളുടെ ലോകത്തു ജീവിച്ച കര്‍ദ്ദിനാള്‍ ജോണ്‍ കോറെക്കിന്
മാര്‍പാപ്പാ ആശംസകള്‍ നേര്‍ന്നു. ആഗസ്റ്റ് 24-ാം തിയതി കാസില്‍ ഗണ്ടോള്‍ഫോയിലെ തന്‍റെ വേനല്‍ക്കാല വസതിയില്‍നിന്നും അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ, 87 വയസ്സുകാരനായ കര്‍ദ്ദിനാള്‍ കോറെക്കിന് ആശംസകള്‍ നേര്‍ന്നത്. മെത്രാഭിഷേകത്തിന്‍റെ 60-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ടാണ് പാപ്പ സ്ലൊവേക്കിയായില്‍ വിശ്രമജീവിതം നയിക്കുന്ന കര്‍ദ്ദിനാളിന് സന്ദേശമയച്ചത്.

അപ്പസ്തോല-പൈതൃകത്തില്‍ എണ്ണപ്പെടുവാന്‍ ഭാഗ്യമുണ്ടായ
കര്‍ദ്ദിനാള്‍ കോറെക്കിന്‍റെ വിശ്വസ്തവും വിവേകപൂര്‍ണ്ണവുമായ അജപാലനശൈലിയെ മാര്‍പാപ്പ സന്ദേശത്തില്‍ പ്രശംസിച്ചു.
കമ്മൂണിസ്റ്റ് പീഡനത്തിന്‍റെ കനത്ത നുകം പേറിയപ്പോഴും
അടിപതറാതെനിന്ന അദ്ദേഹത്തിന്‍റെ വിശ്വാസ ജീവിതത്തോടുള്ള
ഹൃദ്യമായ മതിപ്പിന്‍റെ പ്രതീകമായി എല്ലാ അഭിനന്ദനങ്ങളും ആശംസിച്ച മാര്‍പാപ്പ, കര്‍ദ്ദിനാള്‍ കോറെക്കിന് സന്ദേശത്തിലൂടെ അപ്പസ്തേലിക ആശിര്‍വ്വാദവും നല്കി.

1950-ല്‍ ചെക്കൊസ്ലൊവാക്കിയായില്‍ പൗരോഹിത്യം സ്വീകരിച്ച കോറെക്കിനെ 1951-ല്‍ അദ്ദേഹത്തെ 12-ാം പിയൂസ് മാര്‍പാപ്പ 27-ാമത്തെ വയസ്സില്‍ സ്ലൊവേക്കിയായിലെ മെത്രാനായും വാഴിച്ചു.
ഏറെ വര്‍ഷക്കാലം കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ തടവറയിലായിരുന്ന ബിഷപ്പ് കോറെക്ക്, സത്യത്തിനും നീതിക്കുംവേണ്ടി ഭരണകൂടത്തോട് നിരന്തരമായി അഭ്യര്‍ത്ഥിച്ചതിന്‍റെ ഫലമായി 1974-ല്‍ പൊതുമാപ്പു ഹര്‍ജ്ജിയിലൂടെ ജയില്‍ വിമുക്തനാക്കപ്പെട്ടു. 1990-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ നിമീത്രിയിലെ മെത്രാനായും, 1991-ല്‍ കര്‍ദ്ദിനാളായും നിയമിച്ചു.









All the contents on this site are copyrighted ©.