2011-08-22 17:59:00

ക്രിസ്തുവുമായുള്ള വ്യക്തിബന്ധമാണ് വിശ്വാസം -
മാര്‍പാപ്പ യുവജനങ്ങള്‍ക്കു നല്കിയ സന്ദേശം


21 ആഗസ്റ്റ് 2011, മാഡ്രിഡ്
ഈ ദിവ്യവിരുന്നില്‍ നാം യുജനസംഗമത്തിന്‍റെ പരിസമാപ്തിയില്‍ എത്തിച്ചേരുകയാണ്. ലോകത്തിന്‍റെ വിവധ ഭാഗങ്ങളില്‍ നിന്നുമെത്തിയ മഹാസംഗമത്തിലെ നിങ്ങളുടെ നിറഞ്ഞ സാന്നിദ്ധ്യം എന്നെ സന്തോഷത്താല്‍ നിറയ്ക്കുന്നു.
പ്രിയ യുവജനങ്ങളേ, കര്‍ത്താവ് നിങ്ങളെ സ്നേഹിക്കുന്നു. അവിടുന്ന് നിങ്ങളെ സ്നേഹിതരെന്നു വിളിക്കുന്നു (യോഹ. 15, 15). നിങ്ങളെ അന്വേഷിച്ച് അവിടുന്നു വരികയാണ്. നിങ്ങളുടെ ജീവിതയാത്രയില്‍ കൂടെയായിരിക്കുവാനും പൂര്‍ണ്ണിമയുള്ള ഒരു ജീവിത വഴിയിലേയ്ക്ക് നിങ്ങളെ ആനയിക്കുവാനും അങ്ങനെ സ്വര്‍ഗ്ഗീയ പിതാവിന്‍റെ ഐക്യത്തിലേയ്ക്ക് നിങ്ങളെ നയിക്കുന്നതിനും അവിടുന്ന് ആഗ്രഹിക്കുന്നു.
അവിടുത്തെ സ്നേഹത്തിന്‍റെ ആഴം അറിഞ്ഞവരാണ് നമ്മള്‍. നമുക്കു കിട്ടിയ സന്തോഷം മറ്റുള്ളവരുമായി പങ്കുവച്ചുകൊണ്ടാണ് ദൈവസ്നേഹത്തോട് നാം ഉചിതമായി പ്രതികരിക്കേണ്ടത്. ക്രിസ്തുവിന്‍റെ വ്യക്തിത്വത്താല്‍ ആകൃഷ്ടരായിട്ടുള്ളവര്‍ അനവധിയാണ്. അവര്‍ അവിടുത്തെ ഇനിയും അറിയുവാന്‍ ആഗ്രഹിക്കുന്നുണ്ട്. കാരണം അവരുടെ ജീവിതത്തിലെ ആഴമായ ഉല്‍ക്കണ്ഠകള്‍ക്ക് ഉത്തരംനല്കാന്‍ ക്രിസ്തുവിനു കഴിയുമെന്ന് അവര്‍ അറിയുന്നു. യഥാര്‍ത്ഥത്തില്‍ ക്രിസ്തു ആരാണ്. രണ്ടു സഹസ്രാബ്ദങ്ങള്‍ മുന്‍പ് ഭൂമുഖത്ത് ജീവിച്ചൊരാള്‍ക്ക് ഇന്ന് നമുക്കായ് എന്തു നല്കാനാകും?

ക്രിസ്തുവിനെ അറിയാന്‍
ക്രിസ്തുവിനെ അറിയാനുള്ള രണ്ടു വഴികള്‍ സുവിശേഷം കാണിച്ചു തരുന്നുണ്ട്. ഒന്നാമത്തേത് നിലവിലുള്ള അഭിപ്രായങ്ങളെ ആധാരമാക്കി വ്യക്തിപരമല്ലാത്ത, അമൂര്‍ത്തമായ ഒരു വഴിയാണ്. മത്തായിയുടെ സുവിശേഷത്തില്‍ നാം വായിക്കുന്നു, (മത്തായി 16, 13-20).
ക്രിസ്തു ചേദിച്ചു. മനുഷ്യപുത്രന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്? അവര്‍ പറഞ്ഞു. ചിലര്‍ സ്നാപക യോഹന്നാന്‍ എന്നും, മറ്റു ചിലര്‍ ഏലിയാ എന്നും, വേറെ ചിലര്‍ ജറെമിയാ അല്ലെങ്കില്‍ പ്രവാചകന്മാരിലൊരുവന്‍ എന്നും പറയുന്നു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ക്രിസ്തുവിനു മുന്നേ വന്നിട്ടുള്ള ആത്മീയ പ്രതിഭകള്‍പോലുള്ള മറ്റൊരാള്‍. അപ്പോള്‍ ക്രിസ്തു ശിഷ്യന്മാര്‍ ചോദിച്ചു. “ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത്?” ശിമയോന്‍ പത്രോസ് മറുപടി പറഞ്ഞു. “അങ്ങ് ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ്”. ഇത് ചരിത്രത്തില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെ ആദ്യ പ്രഘോഷണമാണ്. വിശ്വാസം മാനുഷികാനുഭവത്തെയും ചരിത്ര വസ്തുതകളെയും അതിജീവിക്കുന്നതാണ്. ക്രിസ്തുവിന്‍റെ മൗതിക രഹസ്യങ്ങളെ ആഴമായി മനസ്സിലാക്കുകയാണ് അത്.

വിശ്വാസം ദൈവികദാനം
മാനുഷിക പരിശ്രമത്തിന്‍റെയോ യുക്തിയുടെയോ ഫലമല്ല വിശ്വാസം, മറിച്ച് അത് ദൈവത്തിന്‍റെ ദാനമാണ്. ക്രിസ്തു അപ്പോള്‍ പത്രോസിനോടു പറഞ്ഞു, “ജോനായുടെ പുത്രനായ ശിമയോനെ, നീ ഭാഗ്യവാന്‍. മാംസരക്തങ്ങളല്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്.” തന്‍റെ ഹൃദയം നമുക്കായി തുറക്കുകുയും അവിടുത്തെ ദൈവീക ജീവനില്‍ പങ്കുകാരാകുവാന്‍ നമ്മെ ക്ഷണിക്കുകയും ചെയ്യുന്ന ദൈവത്തില്‍നിന്നാണ് വിശ്വാസത്തിന്‍റെ തുടക്കം.

ക്രിസ്തുവുമായുള്ള വ്യക്തി ബന്ധം-വിശ്വാസം
ക്രിസ്തു ആരാണെന്ന അറിവു നല്കുന്നതല്ല വിശ്വാസം, എന്നാല്‍ ക്രിസ്തുവുമായുള്ള വ്യക്തി ബന്ധമാണത്. ദൈവത്തിന്‍റെ സ്വയം വെളിപ്പെടുത്തലിന് എന്നെത്തന്നെയും എന്‍റെ മനോവികാരങ്ങളും, ബുദ്ധിയും ബോധവും പൂര്‍ണ്ണമായും സമര്‍പ്പിക്കുന്നതാണ് വിശ്വാസം. അങ്ങനെ, “ഞാനാരെന്നാണ് നിങ്ങള്‍ പറയുന്നത്” – എന്ന ക്രിസ്തുവിന്‍റെ ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട്, ശിഷ്യന്മാര്‍ക്ക് ഈ മേഖലയിലൊരു തീരുമാനമെടുക്കുന്നതിനുള്ള വലിയൊരു വെല്ലുവിളിയാണ് ക്രിസ്തുവിലുള്ള വിശ്വാസവും ക്രിസ്തു ശിഷ്യത്വവും. രണ്ടും ഗാഢമായി ബന്ധപ്പെട്ടിരിക്കുന്ന കാര്യങ്ങളാണ്. ദിവ്യഗുരുവായ ക്രിസ്തുവിനെ അനുഗമിക്കുന്നതിന് കരുത്തു നല്കുന്നത് വിശ്വാസമാണ്. അത് അനുദിനം നിരന്തരമായി ആഴപ്പെടുകയും ശക്തിപ്പെടുകയും പക്വതയാര്‍ജ്ജിക്കുകയും ചെയ്യേണ്ടതാണ്. പത്രോസിന്‍റെയും ശിഷ്യന്മാരുടെയും അനുഭവമിതാണ്- ഉത്ഥിതനായ ക്രിസ്തുവിനെ ദര്‍ശിച്ചശേഷമാണ് അവരുടെ ഹൃദയങ്ങള്‍ വിശ്വാസത്തിന്‍റെ പൂര്‍ണ്ണിമയിലേയ്ക്ക് തുറക്കപ്പെട്ടത്.

പ്രിയ യുവജനങ്ങളേ, അപ്പസ്തോലന്മാരോട് ക്രിസ്തു ആരാഞ്ഞ അതേ ചോദ്യം, “ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?” ക്രിസ്തു ഇന്ന് നിങ്ങളോടും ചോദിക്കുകയാണ്. നിങ്ങളുടെ യുവഹൃദയങ്ങള്‍ക്ക് അനുയോജ്യമാംവിധം ഔദാര്യത്തോടും ധൈര്യത്തോടുംകൂടെ പ്രത്യുത്തരിക്കുക. അവിടുത്തോട് പറയുക, “യേശുവേ, അങ്ങ് എനിക്കായി ജീവന്‍ സമര്‍പ്പിച്ച ദൈവപുത്രനാണെന്ന് അറിയുന്നു. അങ്ങയെ വിശ്വസ്തതയോടെ അനുഗമിക്കാനും അങ്ങെ വചനത്താല്‍ നയിക്കപ്പെടാനും ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങയെ അറിയുന്നു, അങ്ങയെ സ്നേഹിക്കുന്നു. ഞാനങ്ങില്‍ വിശ്വസിക്കുന്നു, എന്‍റെ ജീവിതം പൂര്‍ണ്ണമായും അങ്ങെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു. ഒരിക്കലും വിട്ടുപിരിയാത്ത എന്‍റെ ശക്തിയും ധൈര്യവും സന്തോഷവും അങ്ങായിരിക്കണമേ.”

സഭയില്‍ അധിഷ്ഠിതമായ വിശ്വാസം
പത്രോസിന്‍റെ വിശ്വാസ പ്രഖ്യാപനത്തോട് ക്രിസ്തു പ്രതികരിക്കുന്നത് സഭയെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ്, ഞാന്‍ സത്യമായി പറയുന്നു, പത്രോസേ, നീ പാറയാകുന്നു. ഈ പാറമേല്‍ ഞാന്‍ പള്ളിപണിയും. ഈ വാക്കുകളുടെ അര്‍ത്ഥമെന്താണ്? ക്രിസ്തു ദൈവമാണെന്ന് പ്രഖ്യാപിക്കുവാന്‍ കരുത്തുള്ള പത്രോസിന്‍റെ വിശ്വാസമാകുന്ന അടിസ്ഥാനത്തിന്മേല്‍ ക്രിസ്തു തന്‍റെ സഭ സ്ഥാപിക്കുന്നു. മറ്റു സ്ഥാപനങ്ങളെപ്പോലെ സഭ അതുകൊണ്ടുതന്നെ വെറും മാനുഷിക സ്ഥാപനമല്ല. മറിച്ച് അത് ദൈവികമാണ്. ക്രിസ്തുതന്നെ അതിനെ ‘തന്‍റെ സഭ’യെന്ന് അഭിസംബോധന ചെയ്യുന്നു. ശിരസ്സ് എപ്രകാരം ശരീരത്തില്‍നിന്നും അഭേദ്യമാണോ, അതുപോലെ ക്രിസ്തുവിനെയും സഭയില്‍നിന്നും വേറിട്ടുനിറുത്തുക അസാദ്ധ്യമാണ്. ശരീരം ഒന്നാണെങ്കിലും, അതില്‍ പല അവയവങ്ങള്‍ ഉണ്ട്. അവയവങ്ങള്‍ പലതെങ്കിലും അവയെല്ലാംചേര്‍ന്ന് ഏകശരീരമായിരിക്കുന്നു. അതുപോലെതന്നെയാണ് ക്രിസ്തുവും. 1 കൊറീന്ത്യര്‍ 12, 12. സഭയുടെ ശക്തികേന്ദ്രം ക്രിസ്തുവാണ്.

പ്രിയ യുവജന‍‍ങ്ങളേ, അപ്പസ്തോലകാലം മുതലേ കൈമാറിയ ഈ വിശ്വാസത്തെ ബലപ്പെടുത്തുവാന്‍ നിങ്ങളെ ക്ഷണിക്കുന്നു. ദൈവപുത്രനായ ക്രിസ്തുവിനെ നിങ്ങളുടെ ജീവിതത്തിന്‍റെ കേന്ദ്രമാക്കുക. വിശ്വാസത്തില്‍ ക്രിസ്തുവിനെ അനുഗമിക്കുക എന്നു പറയുന്നത്, സഭയുമായുള്ള കൂട്ടായ്മയില്‍ അവിടുത്തോട് ചേര്‍ന്നു നടക്കുന്നതാണെന്ന് നിങ്ങള്‍ എപ്പോഴും ഓര്‍ക്കുക. നമുക്കു യേശുവിനെ ഒറ്റയ്ക്ക് അനുഗമിക്കാനാവില്ല. ഇന്നത്തെ സമൂഹത്തില്‍ സാധാരണമായി കാണപ്പെടുന്ന വ്യക്തിമാഹാത്മ്യവാദം അല്ലെങ്കില്‍ സ്വാര്‍ത്ഥമായ വ്യക്തിഗതശൈലിവഴി നിങ്ങള്‍ ക്രിസ്തുവിനെ കണ്ടെത്തണമെന്നില്ല. നമ്മുടെ മാത്രം കഴിവിലൂടെ ക്രിസ്തുവിനെ പിന്‍തുടരാനാവില്ല. സ്വന്തം വഴിയേ ക്രിസ്തുവിനെ തേടുന്നവര്‍ ചെന്നെത്തുക ഒരു വ്യാജ-ക്രിസ്തുവിലാകാം.

സാക്ഷൃമേകുന്ന വിശ്വാസം
വിശ്വാസമുണ്ടിരിക്കുക എന്നു പറയുന്നത് നിങ്ങളുടെ സഹോദരങ്ങളുടെ വിശ്വാസത്തിന്‍റെയും പിന്‍ബലത്തില്‍ വളരുകയെന്നാണ്. പ്രിയ സുഹൃത്തുക്കളേ, ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ മനോഹാരിത ആസ്വദിക്കുവാന്‍ നിങ്ങളെ സഹായിച്ച ക്രിസ്തുവിനെക്കുറിച്ചുള്ള ജ്ഞാനത്തില്‍ വളരുന്നതിന്, വിശ്വാസത്തില്‍ നിങ്ങള്‍ക്ക് ജന്മംനല്കിയ സഭയെ സ്നേഹിക്കുക.
ക്രിസ്തുവിലുള്ള സ്നേഹത്തില്‍ വളരുക എന്നു പറയുന്നത്, ഇടവകയിലും, സമൂഹത്തിലും, അവയുടെ പ്രസ്ഥാങ്ങളിലും സംഘടനകളിലും, അതുപോലെ ഞായാറാഴ്ചകളിലെ ദിവ്യബലിയിലും, ദിവ്യകാരുണ്യ സ്വീകരണത്തിലും അനുരഞ്ജന ശുശ്രൂഷയിലും വ്യക്തിഗത പ്രാര്‍ത്ഥനയിലും വചനത്തിന്‍റെ ധ്യാനത്തിലും പഠനത്തിലും ചിലവഴിക്കുന്നതിലുമാണ്.

പരിത്യക്താവസ്ഥയിലോ നിന്ദിത സാഹചര്യത്തിലോ എവിടെ ആയിരുന്നാലും, ക്രിസ്തുവുമായുള്ള സുഹൃദ്ബന്ധം, വിശ്വാസത്തിനു സാക്ഷൃംവഹിക്കാന്‍ നമ്മെ പ്രേരിപ്പിക്കും. മാത്രമല്ല, ക്രിസ്തുവിനെ അറിഞ്ഞൊരു വ്യക്തിക്ക് അവിടുത്തെ പ്രഘോഷിക്കാതരിക്കാനാവില്ല. ക്രിസ്തുവിനെ നിങ്ങളില്‍ ഒതുക്കി നിറുത്താവാനും ശ്രമിക്കരുത്. നിങ്ങളുടെ വിശ്വാസത്തിന്‍റെ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കുക. ലോകത്തിന് നിങ്ങളുടെ വിശ്വാസസാക്ഷൃം ആവശ്യമാണ്, ദൈവത്തെ ആവശ്യമാണ്. നിങ്ങള്‍ ലോകമെമ്പാടും പോയി സകലസൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുക, എന്ന ക്രിസ്തുവിന്‍റെ അന്തിമാഹ്വാനത്തിന്‍റെ അത്ഭുതകരമായ ഫലപ്രാപ്തിക്ക് തെളിവാണ് മാഡ്രിഡിലെ ഇത്ര ബൃഹത്തായ ലോക യുവജനസംഗമം (മര്‍ക്കോസ് 16, 15). ഇനിയും ഉയര്‍ന്ന മൂല്യങ്ങള്‍ ഉണ്ട് എന്ന് വിശ്വസിക്കുകയും, നന്മ അന്വേഷിക്കുകയും ചെയ്യുന്ന യുവജനങ്ങളുള്ള അനവധി രാജ്യങ്ങളില്‍ നിങ്ങള്‍ നല്കുന്ന സുവിശേഷ സാക്ഷൃംവഴി, ദൈവത്തിന് സ്ഥാനമില്ലാത്ത ജീവിത ശൈലികളുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കാതിരിക്കട്ടെ.

പ്രിയ യുവജനങ്ങളേ, സ്നേഹപൂര്‍വ്വം ഞാന്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും പരിശുദ്ധ കന്യകാ നാഥയ്ക്ക് നിങ്ങളെ സമര്‍പ്പിക്കുകയും ചെയ്യുന്നു. പരിശുദ്ധ അമ്മ നിങ്ങളുടെകൂടെ എപ്പോഴും ഉണ്ടായിരിക്കുകയും ദൈവവചനത്തോട് വിശ്വസ്തരായി ജീവിക്കുവാന്‍ നിങ്ങളെ തുണയ്ക്കുകയും ചെയ്യട്ടെ. തന്‍റെ സഹോദരങ്ങളെ എന്നും വിശ്വാസത്തില്‍ ദൃഢപ്പെടുത്തുന്നതിന് എന്നും പത്രോസിന്‍റെ പിന്‍ഗാമിക്കുവേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. സഭാമക്കളെല്ലാവരും - ശുശ്രൂഷകരും വിശ്വാസികളും ഒരുപോലെ അനുദിനം കര്‍ത്താവില്‍ ഐക്യപ്പെടട്ടെ. ജീവിത വിശുദ്ധിയില്‍ വളര്‍ന്ന്, ക്രിസ്തു ദൈവപുത്രനും, മനുഷ്യകുലത്തിന്‍റെ നാഥനും രക്ഷകനും പ്രത്യാശയുടെ സജീവ ഉറവയുമാണെന്ന സത്യത്തിന് സാക്ഷികളാവട്ടെ.

An extract from the Homily of Pope Benedict XVI in the Holy Eucharist celebrated with a 10 lakhs strong Youth Gathering in Quatro Vientos Airbase in Madrid, Spain









All the contents on this site are copyrighted ©.