2011-08-16 20:22:11

മറിയം ഈ ഭൂമിയിലെ ദൈവത്തിന്‍റെ വാഗ്ദത്ത പേടകം
നമ്മുടെ സന്തോഷത്തിന്‍റെ കാരണവും


15 ആഗസ്റ്റ് 2011
കാസില്‍ ഗണ്ടോള്‍ഫോ
പരിശുദ്ധ കന്യാകാ മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം ഏറ്റവും പഴക്കമുള്ളതും എന്നാല്‍ ജനപ്രീതിയാര്‍ജ്ജിച്ചതുമായ തിരുനാളുകളില്‍ ഒന്നാണ്. മറിയം ശരീരത്തോടും ആത്മാവോടും കൂടെ സ്വര്‍ഗ്ഗത്തിലേയ്ക്ക് എടുക്കപ്പെട്ടു എന്നതാണ് ഈ തിരുനാളിന്‍റെ പൊരുള്‍. ശക്തനായ ദൈവം നിവര്‍ത്തിച്ച വന്‍കാര്യങ്ങള്‍ പ്രകീര്‍ത്തിച്ചുകൊണ്ട് മറിയത്തോടുള്ള സ്നേഹാദരങ്ങള്‍ പ്രകടമാക്കാനുള്ള കൃപാവരം മനുഷ്യര്‍ക്കു നല്കുന്ന തിരുനാള്‍കൂടിയാണ് സ്വര്‍ഗ്ഗാരോപണം.

പരിശുദ്ധ കന്യാകാ മറിയത്തെ ധ്യാനിക്കുന്നതുവഴി നമ്മുടെ ജീവിതങ്ങളെ ആഴപ്പെടുത്തുവാനുള്ള കൃപാവരം ലഭിക്കുന്നു. മനുഷ്യന്‍റെ അനുദിന ജീവിതത്തിന്‍റെ ആശകളിലേയ്ക്കും പ്രത്യാശകളിലേയ്ക്കും വെളിച്ചം വീശുവാന്‍ ദൈവമാതാവിനു സാധിക്കും. മറിയത്തിന്‍റെ ജീവിത യാത്രയും ഉദ്ദിഷ്ടസ്ഥാനവും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നമ്മുടെ ജീവിതപാതയും ലക്ഷൃവുമായി മാറുന്നു. വെളിപാടിന്‍റെ പുസ്തകത്തില്‍ തെളിഞ്ഞു നില്ക്കുന്നതും വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ പ്രതിധ്വനിക്കുന്നതുമായ പേടകം മറിയത്തിന്‍റെ പ്രതിരൂപവും പ്രതീകവുമാണ്.

അപ്പോള്‍, സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്‍റെ ആലയം തുറക്കപ്പെട്ടു. അതില്‍ അവിടുത്തെ വാഗ്ദാനപേടകം കാണായി. മിന്നല്‍പ്പിണരുകളും ഘോഷങ്ങളും ഇടിമുഴക്കങ്ങളും
ഭൂകമ്പവും വലിയ കന്‍മഴയും ഉണ്ടായി. വെളിപാട് 11, 19.

പഴയ നിയമത്തില്‍ പേടകം ജനമദ്ധ്യത്തിലുള്ള ദൈവിക സാന്നിദ്ധ്യത്തിന്‍റെ അടയാളമായിരുന്നു.
എന്നാല്‍ ഇന്നാ അടയാളം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. അങ്ങനെ പുതിയ നിയമത്തിലെ വാഗ്ദത്തപേടകം നസ്രത്തിലെ മറിയമെന്ന ജീവിക്കുന്ന വ്യക്തിയാണ്. ദൈവം വസിക്കുന്ന ഹൃദയവും വ്യക്തിയും മറിയം തന്നെയാണ്. നമ്മുടെ നാഥനും രക്ഷകനും നിത്യസത്യവുമായ ദൈവകുമാരനെ തന്‍റെ ഉദരത്തില്‍ വഹിച്ച മറിയം പുതിയ നിയമത്തിലെ യഥാര്‍ത്ഥ വാഗ്ദത്ത പേടകമായി. ദൈവം മോശയ്ക്ക് നല്കിയ അവിടുത്തെ തിരുഹിതത്തിന്‍റെ പ്രതീകങ്ങളായ കല്പനകളാണ് പഴയനിയമത്തിലെ പേടകത്തില്‍ സുക്ഷിച്ചിരുന്നതും ഇസ്രായേല്‍ വഹിച്ചുകൊണ്ടു നടന്നതും. പുതിയ നിയമത്തിലെ ജീവിക്കുന്ന വചനമായ ക്രിസ്തു, നവവും സത്യവും സനാതനവുമായ ഉടമ്പടി തന്‍റെ ജീവിതത്തില്‍ പൂര്‍ത്തീകരിക്കുന്നവാന്‍വേണ്ടി, തന്നെത്തന്നെ ദൈവഹിതത്തിന് സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ചു. വചനമായ ക്രിസ്തുവിനെ തന്‍റെ ഉദരത്തില്‍ മാംസം ധരിച്ചതിനാലാണ് മറിയം പുതിയ നിയമത്തിലെ പേടകമായി തീരുന്നത്. വാഗ്ദാനത്തിന്‍റെ പേടകമേ, എന്നും ദൈവസാന്നിദ്ധ്യത്തിന്‍റെ പേടകമേ, എന്നും ജനസഹസ്രങ്ങള്‍ ഭക്തിയോടെ വിളിച്ചപേക്ഷിക്കുമ്പോള്‍ മനുഷ്യകുലത്തോടൊപ്പം വാസമുറപ്പിച്ച ക്രിസ്തുവിലുള്ള ദൈവസ്നേഹത്തിന്‍റെ പൂര്‍ത്തീകരണമാണ് മറിയത്തില്‍ നാം കാണുന്നത്.

വെളിപാടു ഗ്രന്ഥ ഭാഗം മറിയത്തിന്‍റെ ജീവിതത്തിലെ മറ്റൊരു പ്രധാനപ്പെട്ട യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്നുണ്ട്. ജീവിക്കുന്ന ദൈവിക പേടകത്തിന് അനിതരസാധാരണമായ ഒരു ദൈവിക ദൗത്യവും മഹത്വവുമുണ്ട്. കാരണം മറിയത്തിന്‍റെ ജീവിത ദൗത്യം ദൈവിക മഹത്വത്തില്‍ പങ്കുചേരത്തക്കവിധം വിശ്വാസത്തില്‍ സ്വര്‍ഗ്ഗീയ മഹത്വത്തോട് ഇടകലര്‍ന്നു കിടക്കുകയാണ്.
സ്വര്‍ഗ്ഗത്തില്‍ വലിയ ഒരുടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍. ശിരസ്സില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം. അവര്‍ ഗര്‍ഭിണിയായിരുന്നു. പ്രസവവേദനയാല്‍ അവള്‍ നിലവിളിച്ചു. പ്രസവക്ലേശത്താല്‍ അവള്‍ ഞെരുങ്ങി. അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു. സകല ജനപദങ്ങളെയും ഇരുമ്പു ദണ്ഡുകൊണ്ട് ഭരിക്കാനുള്ളവനാണ് അവന്‍. അവളുടെ ശിശു ദൈവത്തിന്‍റെയും അവിടുത്തെ സിംഹാസനത്തിന്‍റെയും അടുത്തേയ്ക്ക് സംവഹിക്കപ്പെട്ടു. വെളിപാട് 12, 1-2, 5.

ദൈവം സ്വര്‍ഗ്ഗത്തിലും അവളുടെ സമ്പൂര്‍ണ്ണ വ്യക്തിത്വത്തിലും ഒരുപോലെ ജീവിക്കുന്നു എന്നതിലാണ് ദൈവമാതാവും കൃപനിറഞ്ഞവളും പരിശുദ്ധാത്മാവിന് സംപൂര്‍ണ്ണമായി സമര്‍പ്പിച്ചവളുമായ മറിയത്തിന്‍റെ മഹത്വം അടങ്ങിയിരിക്കുന്നത്. മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണ രഹസ്യത്തെക്കുറിച്ച് ഡമാസ്ക്കസ്സിലെ വിശുദ്ധ യോഹന്നാന്‍ വിവരിക്കുന്നതിങ്ങനെയാണ്. സ്രാഷ്ടാവിനെ മടിയില്‍ വഹിച്ചവള്‍ സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നു. ദൈവ വചനത്തെ ഹൃദയത്തില്‍ സംവഹിച്ചവള്‍ ലോകരക്ഷകനായ ക്രിസ്തുവിനെ തന്‍റെ ഉദരത്തില്‍ വഹിക്കുവാന്‍ ദൈവം ഇടയാക്കി. അതുകൊണ്ടുതന്നെ സ്വര്‍ഗ്ഗീയ മണിയറയില്‍ അവള്‍ വസിക്കണമെന്ന് ദൈവം അനാദിമുതലേ തീരുമാനിച്ചു.

ക്രിസ്തുവിനെ ലോകത്തിനു നല്കുന്ന ദൈവിക ഉടമ്പടിയുടെ പേടകം ഇന്ന് സഭയാണ്.
സഭയാണ് ഭൂമിയില്‍ മനുഷ്യകുലത്തിനായ് ദൈവസ്നേഹത്തിന്‍റെ മഹത്തായ സ്തുതികള്‍ ആലപിക്കുന്നത്. മനുഷ്യന്‍ എന്നും ദൈവവുമായി ഐക്യപ്പെട്ടു ജീവിക്കാനും ക്രിസ്തു സാന്നിദ്ധ്യത്താല്‍ രൂപാന്തരപ്പെട്ടും ശക്തിപ്പെട്ടും വളര്‍ന്ന്, സ്വര്‍ഗ്ഗീയ മഹത്വത്തിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുവാനും സഭ ഏവരെയും ക്ഷണിക്കുന്നു.

വചനത്തിന്‍റെ പേടകമായ മറിയം സജീവ സാക്ഷൃവുമാണ്. വചനം സ്വീകരിച്ച മാത്രയില്‍ തന്‍റെ ചാര്‍ച്ചക്കാരായ എലിസബത്തിനെയും സക്കറിയായെയും സന്ദര്‍ശിക്കുവാന്‍ യൂദയായുടെ മലമ്പ്രദേശത്തുള്ള പട്ടണത്തിലേയ്ക്ക് അവള്‍ ഉടനെ യാത്രയായി. ലൂക്കാ 1, 39-56.
ദൈവിക തീക്ഷ്ണതയുടെ ഒരു ബദ്ധപ്പാട് അല്ലെങ്കില്‍ ധൃതി മറിയത്തില്‍ ദൃശ്യമാണ്. ജീവിത ഉത്തരവാദിത്വങ്ങളോട് ധൃതഗതിയില്‍ പ്രതികരിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ദൈവിക തീക്ഷ്ണത ഉള്ളവരാണ്. എലിസബത്തിന്‍റെയും സഖറിയായുടെയും വീട്ടിലെത്തുന്ന മറിയം ഒറ്റയ്ക്കല്ല. തന്‍റെ ഉദരത്തില്‍ മാംസംധരിച്ച വചനത്തെയും വഹിച്ചുകൊണ്ടു ചെന്ന മറിയം ഒരു ഭാഗത്ത്, ഈ ദൈവിക സാന്നിദ്ധ്യത്തെ സ്വീകരിക്കുവാന്‍ ആഴമായ തീക്ഷ്ണതയോടെ കാത്തുനില്കുന്ന എലിസബത്തിനെയും സഖറിയായെയും മറുഭാഗത്ത്. സഖറിയായും ഭാര്യ എലിസബത്തും യോഹന്നാനുമെല്ലാം ഇസ്രായേലിലെ നീതിനിഷ്ഠരുടെ പ്രതീകങ്ങളാണ്. അവര്‍ ഹൃദയംനിറയെ പ്രത്യാശയുമായി രക്ഷകന്‍റെ വരവിനായി ആകാംഷയോടെ കാത്തിരുന്നവരാണ്. തങ്ങളെ സന്ദര്‍ശിക്കുന്നവള്‍ ദൈവിക പേടകമാണെന്നും, ദൈവമാതാവാണെന്നുമുള്ള തിരിച്ചറിവ് അവര്‍ക്കു നല്കിയത് പരിശുദ്ധാത്മാവാണ്.

അതുകൊണ്ടാണ് എലിസബത്ത് ഇങ്ങനെ ഉറക്കെ പ്രഘോഷിച്ചത്, “നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നി‍ന്‍റെ ഉദരഫലവും അനുഗ്രഹീതമാണ്. എന്‍റെ കര്‍ത്താവിന്‍റെ അമ്മ എന്‍റെ അടുത്തു വരാനുള്ള ഭാഗ്യം എനിക്ക് എവിടെനിന്നുണ്ടായി.” ലൂക്കാ 1, 42-43.
എലിസബത്തിനെ പ്രചോദിപ്പിച്ച അതേ പരിശുദ്ധാത്മാവ്, അവളുടെ ഉദരത്തിലെ കുഞ്ഞിന്‍റെ (യോഹന്നാന്‍റെ‍) ഹൃദയത്തെയും ഉദ്ധീപിപ്പിച്ചിരിക്കുന്നു. “ഇതാ, നിന്‍റെ അഭിവാദനത്തിന്‍റെ സ്വരം ശ്രവിച്ച മാത്രയില്‍ എന്‍റെ ഉദരത്തിലെ ശിശു സന്തോഷത്താല്‍ കുതിച്ചുചാടി.” ലൂക്കാ 1, 44. സന്തോഷത്താല്‍ കുചിച്ചുചാടി, എന്നതിന് മൂലകൃതിയില്‍ ഉപയോഗിച്ചിരിക്കുന്ന, ഗ്രീക്കു പദം ‘സ്കിര്‍താന്‍’ തന്നെയാണ് സാമൂവലിന്‍റെ പുസ്തകത്തില്‍ തന്‍റെ സാമ്രാജ്യത്തില്‍ തിരിച്ചെത്തിയ വാഗ്ദത്തപേടകത്തിന്‍റെ മുന്നില്‍ സന്തോഷത്താല്‍ നൃത്തമാടിയ ദാവീദിനെക്കുറിച്ചു വിവരിക്കുവാനും ഉപയോഗിച്ചിരിക്കുന്നത്. 2 സാമുവല്‍ 6, 16.

കര്‍ത്താവിന്‍റെ പേടകത്തിന്‍റെ മുന്നില്‍ നൃത്തമാടിയ ദാവീദിനെപ്പോലെ, എലിസബത്തിന്‍റെ ഉദരത്തിലെ കുഞ്ഞിന്‍റെ, യോഹന്നാന്‍റെ സ്പന്ദനങ്ങള്‍ മറിയം തിരിച്ചറിയുകയും അതിനോട് പ്രത്യുത്തരിക്കുകയും ചെയ്യുന്നു. കാരണം മറിയമാണ് പുതിയ വാഗ്ദത്തപേടകം. നമ്മുടെ മദ്ധ്യേ ദൈവം വസിക്കുന്ന സാക്ഷാത്തായ വാഗ്ദത്ത പേടകം പരിശുദ്ധ കന്യകാ മറിയമാണ്.
ഈ ഭൂമിയില്‍ ദൈവത്തിന്‍റെ അമ്മയാകുവാന്‍ ഭാഗ്യം ലഭിച്ചവള്‍ അത് മറച്ചുവയ്ക്കുന്നില്ല, തന്നിലെ ദൈവസാന്നിദ്ധ്യം ലോകത്ത് എല്ലാവരുമായി ഇന്നും പങ്കുവയ്ക്കുകയും ദൈവകൃപ ഏവരിലും വര്‍ഷിക്കുകയും ചെയ്യുന്നു. പുരാതന പ്രാര്‍ത്ഥന സൂചിപ്പിക്കുന്നതുപോലെ, അങ്ങനെ, പരിശുദ്ധ കന്യകാ മറിയം ‘നമ്മുടെ സന്തോഷത്തിന്‍റെ കാരണ’മാണ്.
An extract from the homily of the Holy Father rendered on 15th August 2011-
the Solemnity of the Assumption








All the contents on this site are copyrighted ©.