2011-08-15 15:45:11

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഓഗസ്ററ് പതിനഞ്ചാം തിയതി നല്‍കിയ തൃകാല പ്രാര്‍ത്ഥനാ സന്ദേശം


15 ഓഗസ്റ്റ് 2011, കാസ്റ്റല്‍ഗണ്ടോള്‍ഫോ

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പരിശുദ്ധ മറിയത്തിന്‍റെ സ്വര്‍ഗാരോപണത്തിരുനാള്‍ ദിനം നല്‍കിയ തൃകാല പ്രാര്‍ത്ഥനാ സന്ദേശത്തിന്‍റെ സംഗ്രഹം

തന്‍റെ മുന്‍ഗാമിയായിരുന്ന വാഴ്ത്തപ്പെട്ട പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയാണ് 1950ല്‍ മറിയത്തിന്‍റെ സ്വര്‍ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിച്ചതെന്ന് അനുസ്മരിച്ച മാര്‍പാപ്പ പക്ഷെ ആ വിശ്വാസത്തിന്‍റെ വേരുകള്‍ നൂറ്റാണ്ടുകളായി സഭയിലുണ്ടായിരുന്നുവെന്നും പരാമര്‍ശിച്ചുകൊണ്ടാണ് പ്രഭാഷണം ആരംഭിച്ചത്. ഇന്നും കിഴക്കില്‍ മറിയത്തിന്‍റെ ഉറക്കം എന്നാണ് ഈ തിരുന്നാള്‍ അറിയപ്പെടുന്നതെന്ന് പറഞ്ഞ മാര്‍പാപ്പ റോമിലെ മരിയ മജ്ജോരെ ബസിലിക്കായില്‍ ആലേഖനം ചെയ്തിരിക്കുന്ന ഈ പാരമ്പര്യത്തിന്‍റെ ഒരു ദൃശ്യചിത്രീകരണവും അനുസ്മരിച്ചു.
സ്വര്‍ഗാരോപണ തിരുന്നാള്‍ ദിവ്യബലിയിലെ സുവിശേഷഭാഗത്ത് പരിശുദ്ധ മറിയം തന്‍റെ ബന്ധുവായ എലിസബത്തിന‍െ ശുശ്രൂഷിക്കാന്‍ ധൃതിയില്‍ യൂദായിലേക്കു യാത്രതിരിക്കുന്ന സംഭവമാണ് വിവരിക്കുന്നത്. എന്നാല്‍ ഈ തിരുന്നാള്‍ ദിവസം സ്വര്‍ഗ്ഗീയ ജറുസലേമില്‍ പ്രവേശിക്കാനായി ദൈവത്തിന്‍റെ മലയിലേക്കു ഉയര്‍ത്തപ്പെടുന്ന മറിയത്തെയാണ് നാം ദര്‍ശിക്കുന്നത് എന്നു പറഞ്ഞ മാര്‍പാപ്പ വെളിപാടിന്‍റെ ഗ്രന്ഥത്തില്‍ മറിയത്തെ വിവരിക്കുന്നതെങ്ങനെയാണെന്നും പരാമര്‍ശിച്ചു. സൂര്യനെ ഉടയാടയാക്കിയ സ്ത്രീ, പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍, ശിരസ്സില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം. .....(വെളിപാടിന്‍റെ പുസ്തകം പന്ത്രണ്ടാം അദ്ധ്യായം ഒന്നാം വാക്യം). വെളിപാടിന്‍റെ പുസ്തകത്തില്‍ വിവരിക്കുന്ന സ്ത്രീയും സര്‍പ്പവും തമ്മിലുള്ള സംഘട്ടനത്തെക്കുറിച്ചും മാര്‍പാപ്പ പ്രഭാഷണത്തില്‍ വിശദീകരിച്ചു. സ്ത്രീയും സര്‍പ്പവും തമ്മിലുള്ള സംഘട്ടനം നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനമാണ‍്. വിശുദ്ധ യോഹന്നാന്‍ അനുസ്മരിപ്പിക്കുന്നത് ഉല്‍പത്തി പുസ്തകത്തിലെ പ്രഥമ താളുകളില്‍ ആദത്തിന്‍റേയും ഹവ്വായുടേയും പാപത്തിലേക്കു നയിക്കുന്ന നാടകീയമായ അന്ധകാരപ്രവര്‍ത്തനങ്ങളാണ്. നമ്മുടെ ആദി മാതാപിതാക്കള്‍ പിശാചിനാല്‍ തോല്‍പ്പിക്കപ്പെട്ടു, കാലത്തിന്‍റെ പൂര്‍ണ്ണതയില്‍ പുതിയ ആദമായ ക്രിസ്തുവും ഹവ്വായ മറിയവും ശത്രുവിനുമേല്‍ പൂര്‍ണ്ണമായ വിജയം നേടുന്നു. തിന്മയ്ക്കുമേല്‍ യേശു വിജയം നേടിയതോടെ ആന്തരീകവും ശാരീരികവുമായ മരണവും തോല്‍പ്പിക്കപ്പെട്ടു. പൈതലായി മാറിയ ദൈവപുത്രനായ യേശു ആദ്യമായി കരങ്ങളില്‍ വഹിക്കുന്നത് പരിശുദ്ധ മറിയത്തെയാണ്. സ്വര്‍ഗ്ഗീയ മഹത്വത്തില്‍ ആദ്യം അവിടുത്തെപ്പക്കലായിരിക്കുന്നതും മറിയമാണ്.
മറിയത്തിന്‍റെ സ്വര്‍ഗാരോപണത്തിരുനാള്‍ ഒരു മഹാരഹസ്യമാണ്. നമുക്കേവര്‍ക്കും ആനന്ദവും പ്രത്യാശയും നല്‍കുന്ന ഒരു രഹസ്യം. യേശുവിനോട് സ്വന്തം ജീവിതം കൂട്ടിയോജിപ്പിക്കാനും മറിയത്തെപ്പോലെ അവിടുത്തെ അനുഗമിക്കാനും അറിയുന്ന ഏവര്‍ക്കും തങ്ങളുടെ ലക്ഷൃപ്രാപ്തിയിലേക്കുള്ള വഴി മറിയത്തില്‍ കണ്ടെത്താന്‍ സാധിക്കും. ഈ തിരുന്നാള്‍ നമ്മുടെ ഭാവിയെക്കുറിച്ചും പറയുന്നു, ദൈവീക മഹത്വത്തില്‍ നാമും ക്രിസ്തുവിന്‍റെ സന്നിധിയിലെത്തും. ലോകത്തിലുള്ള അന്ധകാരത്തില്‍ നന്മയുടെ പ്രകാശം നല്‍കുന്ന സ്ത്രീപുരുഷന്മാരായി നമ്മെ മാറ്റുന്ന ഉത്ഥിതനായ ക്രിസ്തുവിന്‍റെ ശക്തിയില്‍ വിശ്വസിക്കാനും ഓരോ ദിവസവും ഉത്ഥിതരായവരായി ജീവിക്കാനും അതു നമുക്കു ധൈര്യം പകരുന്നു.








All the contents on this site are copyrighted ©.