2011-08-13 17:46:45

സുവിശേഷപരിചിന്തനം -
14 ആഗസ്റ്റ് 2011
ലത്തീന്‍ റീത്ത്


മത്തായി 15, 21-28
ആണ്ടുവട്ടം 20-ാമത്തെ ഞായര്‍

മതമൗലിക വാദവും ജാതിയുടെയും മതത്തിന്‍റെയും പേരില്‍ സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും വര്‍ദ്ധിച്ചുവരുന്ന ഈ ലോകത്ത്, ഇക്കാലത്ത് എല്ലാ പരിധികള്‍ക്കുമപ്പുറം തന്‍റെ സാന്ത്വനവും സൗഖ്യവുമായെത്തുന്ന ക്രിസ്തുവിനെയാണ് ഇന്നത്തെ വചനം നമുക്കു കാണിച്ചു തരുന്നത്.
ഒരു കാനായാക്കാരി സ്ത്രീയുടെ മകളെ അത്ഭുതകരമായി ക്രിസ്തു സുഖപ്പെടുത്തുന്നു സംഭവമാണ് ഇന്നത്തെ സുവശേഷത്തില്‍
ക്രിസ്തു, ഇസ്രായേല്‍ മക്കളുടെ രക്ഷയ്ക്കുവേണ്ടി മാത്രം ഈ ലോകത്തിലേയ്ക്ക് കടന്നുവനല്ല മറിച്ച്, എല്ലാവരുടെയും, ലോകത്തിന്‍റെ സമഗ്ര രക്ഷയാണ്, രക്ഷകനാണ്. അവിടുത്തെ ആഗമന ദൗത്യവും ജീവിത ലക്ഷൃവും മനുഷ്യരക്ഷയാണ്.

ടയര്‍, സീദോന്‍ എന്നീ പ്രദേശങ്ങളിലൂടെ ക്രിസ്തു കടന്നുപോകുന്നു എന്നു കേട്ടപ്പോള്‍ ഒരു കാനാന്‍കാരി ഓടവന്ന്, “തന്‍റെ മകളെ സൗഖ്യപ്പെടുത്തണമേ, എന്ന് ഉറക്കെ വിളിച്ചു കരയുന്നു. ദാവീദിന്‍റെ പുത്രാ, എന്നില്‍ കനിയണമേ. എന്‍റെ മകളെ പിശാചു ക്രൂരമായി ബാധിച്ചിരിക്കുന്നു.” എന്നായിരുന്നു അവളുടെ അപേക്ഷ.

യേശുവിനെ അനുഗമിക്കുന്ന ഒരു വലിയ ജനക്കുട്ടത്തിന്‍റെ ഇടയില്‍നിന്നുകൊണ്ടാണ് അവള്‍ വിളിച്ചപേക്ഷിച്ചത്.
ക്രിസ്തുവിലുള്ള അവളുടെ വിശ്വാസത്തിന്‍റെ ബഹിഷ്സ്ഫുരണമായിരുന്നു ഈ ആക്രോശം അല്ലെങ്കില്‍ അവളുടെ കരച്ചില്‍.
നന്മയെ നശിപ്പിക്കുന്ന ഈ ലോകത്തിന്‍റെ പൈശാചിക ബന്ധനത്തില്‍നിന്ന് തന്‍റെ മകളെ മോചിപ്പിക്കണമേ, എന്നായിരുന്നു അവളുടെ രോദനം. ഈ സ്ത്രീയുടെ വിശ്വാസത്തിന്‍റെ ആഴം അറിയാമായിരുന്ന ക്രിസ്തു, ആദ്യം, കേട്ടില്ല എന്ന ഭാവത്തില്‍ മുമ്പോട്ടുതന്നെ നീങ്ങി. അത് അവളെ അപമാനപ്പെടുത്തുനത്നതിനുംവേണ്ടി ആകണമെന്നില്ല. പിന്നെയോ, അവളുടെ ഉറച്ച വിശ്വാസം ലോകത്തിനു കാണിച്ചു കൊടുക്കുന്നതിനുവേണ്ടി ആയിരിക്കണം.
അപ്പോള്‍ വീണ്ടും വീണ്ടും തന്‍റെ ആവശ്യം വിളിച്ചുണര്‍ത്തിച്ചു കൊണ്ടിരുന്ന ആ സ്ത്രീയുടെ രോദനം അരോചകമായി തോന്നിയ അപ്പസ്തോലന്മാര്‍ അവള്‍ക്കുവേണ്ടി യേശുവിനോട് ഒരഭ്യര്‍ത്ഥന നടത്തി. അതിന് ക്രിസ്തു പറഞ്ഞ മറുപടി ശ്രദ്ധേയമാണ്.
“ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേയ്ക്കു മാത്രമാണ് ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്. മത്തായി 15, 24. മക്കളുടെ അപ്പമെടുത്ത് നായ്ക്കള്‍ക്കെറിഞ്ഞു കൊടുക്കുന്നത് ഉചിതമല്ല.”

അപമാനപ്പെടുത്താമെന്നു തോന്നാവുന്ന ഈ മറുപടികൊണ്ടൊന്നും അവളെ നിരാശപ്പെടുത്തുവാനോ, പിന്‍തിരിപ്പിക്കുവാനോ സാധിക്കുന്നില്ല.
അവള്‍ ഉറക്കെ വീണ്ടും ദൈവത്തെ വിളച്ചപേക്ഷിച്ചപ്പോള്‍, കേട്ടവര്‍ക്ക് അനുകമ്പയല്ല, അത് അരോചകമായി തോന്നിയേക്കാം. എന്നാല്‍ ആ സ്ത്രീയുടെ മറുപടിയും പ്രതികരണവും വളരെ സുന്ദരമായിരുന്നു.
“അതേ, കര്‍ത്താവേ, നായ്ക്കളും യജമാന്മാരുടെ മേശയില്‍നിന്ന് വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നുന്നുണ്ടല്ലോ. മത്തായി 15, 27. മനുഷ്യമക്കളും നായ്ക്കളും യജമാനന്‍റെ മേശയില്‍നിന്നും തിന്നാണല്ലോ ജീവിക്കുന്നത്. പിതൃമേശയില്‍ നിന്നുതന്നെയാണ് അവിടുന്ന് എല്ലാവരെയും തീറ്റിപ്പോറ്റുന്നത് എന്നാണ് ഇതിന്‍റെ അര്‍ത്ഥം. താന്‍ ഒരു മൃഗം അല്ലെങ്കില്‍ നായയാണെങ്കില്‍ അവിടുന്നു അവളുടെ യജമാനനാണ് - എന്ന അവളുടെ വിശ്വാസപൂര്‍ണ്ണമായ പ്രതികരണം, ക്രിസ്തുവിനെ അവളിലേയ്ക്ക് തിരിയിക്കുന്നു..

ക്രിസ്തുവിനു മാത്രമേ തന്‍റെ മകളെ സുഖപ്പെടുത്താന്‍ സാധിക്കൂ എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അവള്‍. വിശ്വാസ പൂര്‍ണ്ണമായ സാഹസത്തിന് മുതിര്‍ന്നവള്‍ മഹ്വത്വീകൃതയാകുന്നു, അനുഗൃഹീതയായിത്തിരുന്നു.

“സ്ത്രീയേ, നിന്‍റെ വിശ്വാസം വലുതാണ്.
നീ ആഗ്രഹിക്കുന്നതുപോലെ സംഭവിക്കട്ടെ,” എന്നാണ് ക്രിസ്തു പ്രതികരിച്ചത്. അവളുടെ വിശ്വസതീക്ഷ്ണത്യ്ക്കുള്ള പ്രതിസമ്മാനമായിരുന്നു ക്രിസ്തു ഉച്ചരിച്ച അനുഗ്രഹ വചസ്സുകള്‍. ഒപ്പം അവളുടെ പ്രാര്‍ത്ഥനാ രീതിയെ അല്ലെങ്കില്‍ അവളുടെ വിശ്വാസ തീക്ഷ്ണതെ അവഹേളിച്ചവര്‍ക്കുള്ള ഒരുവിധത്തില്‍ അത് മറുപടിയുമായിരുന്നു അത്.

സമൂഹത്തില്‍ ദൈവത്തിന്‍റെ വാക്താക്കളായി നടിച്ചു നടന്നിരുന്ന ഫരീസേയ പ്രമുഖരെക്കാള്‍, ദൈവസ്നേഹവും ദൈവസാന്നിദ്ധ്യവും ക്രിസ്തുവില്‍ തിരിച്ചറിയാന്‍ കഴിവുണ്ടായവള്‍ ഈ കാനാന്‍കാരി സ്ത്രീയാണ്.
നമ്മുടെ അറിവും ജീവിതരീതിയുമെല്ലാം വിശ്വാസജീവിതത്തെ ബലപ്പെടുത്തേണ്ടതാണ്. സുഭാഷിതങ്ങള്‍ പറയുന്നുണ്ട്,
കര്‍ത്താവില്‍ പൂര്‍ണ്ണഹൃദയത്തോടെ വിശ്വാസമര്‍പ്പിക്കുക,
സ്വന്തം ബുദ്ധിയെ ആശ്രയിക്കാതിരിക്കുക. സുഭാ. 3, 5.
തീര്‍ച്ചയായും കാനാന്‍കാരി സ്ത്രീയുടെ ആഴമായ വിശ്വാസം നമുക്കേവര്‍ക്കും മാതൃകയാണ്. കര്‍ത്താവിന്‍റെ മുന്നില്‍ വിനയാന്വിതരായിരിക്കുവാനും നമ്മുടെ രക്ഷയും വളര്‍ച്ചയും അവിടുത്തെ സന്നിധിയില്‍ സമര്‍പ്പിക്കുവാനും സാധിക്കട്ടെ.
.

ഒരു പ്രത്യേക സമൂഹത്തിന്‍റെയോ ഗോത്രത്തിന്‍റേയോ കുത്തകയല്ല ക്രിസ്തു, ദൈവം. അവിടുത്തെ വിശ്വസിക്കുകയും അവിടുത്തെ സ്നേഹത്തില്‍ ജീവിക്കുകയും ചെയ്യുന്ന ഏവര്‍ക്കും അവിടുന്ന് സമീപസ്ഥനാണ്. ദുരിതമനുഭവിക്കുന്നവര്‍ക്കും സമൂഹത്തില്‍ മ്ലേച്ഛരെന്നു കണക്കാക്കപ്പെടുന്നവര്‍ക്കും ക്രിസ്തു സമാശ്വാസമരുളുന്നവനും രക്ഷ പ്രദാനംചെയ്യുന്നവനുമാണ്. അവിടുത്തെ സ്നേഹത്തിന് സജാതീയനെന്നാ വിജാതീയനെന്നോ ഉള്ള യാതൊരു വേര്‍തിരിവുമില്ല. മനുഷ്യര്‍ക്ക് സമിപസ്ഥനായിരിക്കുക എന്നതാണ് അവിടുത്തെ സ്വഭാവംതന്നെ. ആതാണ് അവിടുത്തെ മനുഷ്യാവതാരത്തിന്‍റെ പൊരുള്‍.

നഷ്ടപ്പെട്ട ഇസ്രായേല്‍ മക്കളുടെ പക്കലേയ്ക്കാണ് ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത്. ഇവിടെ മിശിഹാ അര്‍ത്ഥമാക്കുന്നത് തന്നില്‍നിന്നു അകന്നുപോകുന്ന ജനസമൂഹത്തെയാണ്. രാജ്യത്തിന്‍റേയോ, ഗോത്രത്തിന്‍റേയോ വ്യവസ്ഥിതിയില്ലാതെ എല്ലാവരും യേശുവിന്‍റെ മുന്‍പില്‍ സമന്മാരാണ്. അവിടുത്തെ മക്കളാണ്. നമ്മള്‍ പാപികളാണെങ്കിലും അവിടുത്തെ മാര്‍ഗ്ഗത്തിലേയ്ക്ക് മനസ്സുതിരിഞ്ഞാന്‍ സ്നേഹപൂര്‍വ്വം അവിടുന്ന് നമ്മെ കൈക്കൊള്ളും. സ്നേഹ സമ്പന്നനായ പിതാവിന് എല്ലാ മക്കളും ഒരുപോലെയാണ്.

പുറപ്പാടുസംഭവത്തില്‍ മോശ കര്‍ത്താവിനോട് ജനത്തിനുവേണ്ടി വിശ്വാസത്തോടെ വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്നവര്‍ക്ക് മന്നയും കാടപ്പക്ഷിയും ഇറക്കിക്കൊടുത്തു. രാത്രിയില്‍ അവിടുന്ന് അഗ്നിസ്തംഭമായും പകല്‍ മേഘത്തൂണായും അവരെ നയിച്ചു. പുറ. 16, 1-12. ഇതുപോലെ വിശ്വാസപൂര്‍ണ്ണത നാം നേടുമ്പോള്‍ ഈ ജീവിതയാത്രയില്‍ കര്‍ത്താവ് നമ്മെയും നയിക്കും, പരാപാലിക്കും, മോചിക്കും.
...........
മനുഷ്യന്‍റെ ഏതു ദുരന്തവും രക്ഷയ്ക്കുള്ള ബാദ്ധ്യതയാണ്, സാദ്ധ്യതയാണ്. മനുഷ്യന്‍റെ ദുഃഖം ദൈവത്തിന്‍റെ രക്ഷാകര സാദ്ധ്യതയാണ്. ദൈവിക മഹത്വം വെളിപ്പെടുത്തുന്നതിനു വേണ്ടിയുള്ള അവസരമാണത്.
അപരന്‍റെ ആവശ്യങ്ങള്‍, നമ്മുടെ സഹോദരങ്ങളുടെ ആവശ്യങ്ങളും ഇതുപോലെ നമ്മില്‍ നന്മ വളര്‍ത്തുവാനുള്ള അവസരങ്ങളാണ്.
സമഗ്ര രക്ഷകനാണ് ക്രിസ്തു. രക്ഷ അവിടുത്തെ ഉത്തരവാദിത്വത്തിന്‍റെ മേഖലയാണ്. ലാസര്‍ മരിച്ച വിവരം അറിയിച്ച സഹോദരി മാര്‍ത്തയോട് ക്രിസ്തു പറഞ്ഞത് ശ്രദ്ധേയമാണ്, വിശ്വസിച്ചാല്‍ നീ ദൈവത്തിന്‍റെ മഹത്വം കാണും, എന്ന്.
നമ്മുടെ ജീവിതത്തിന്‍റെ പല മേഖലകളും ജീര്‍ണ്ണിച്ചു കിടക്കുകയാണ്.
നന്മ വിരളമായിട്ടേ സമൂഹത്തില്‍ നാം കാണുന്നുള്ളു. സമൂഹത്തിന്‍റെ അടഞ്ഞതും, ജീര്‍ണ്ണിച്ചതുമായ കവാടങ്ങള്‍ ക്രിസ്തുവിനായി തുറക്കാന്‍ സന്നദ്ധരാവാം.

വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സ്ഥാനാരോപിതനായപ്പോള്‍, തന്‍റെ പ്രഥമ പ്രസംഗത്തില്‍ ലോകത്തെ അഭിസംബോധന ചെയ്തതിങ്ങനെയാണ്.
Spalanchate la porta al Christo നിങ്ങളുടെ ഹൃദയകവാടങ്ങള്‍ ക്രിസ്തുവിനായ് മലര്‍ക്കെ തുറക്കുവിന്‍ എന്ന്. തകര്‍ച്ചയുടെ നിമിഷങ്ങളില്‍ യേശുവിന് നമ്മെ രക്ഷിക്കാനാവും. കാരണം മനുഷ്യന്‍റെ പാപാവസ്ഥയുടെ വസ്ത്രം ധരിച്ചവാനാണ് രക്ഷകന്‍. നമ്മെ രക്ഷിക്കാന്‍ വേണ്ടി അഭിഷേകം ചെയ്യപ്പെട്ടവനാണവിടുന്ന്. ഞാന്‍‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും, അത് സമൃദ്ധമായി ഉണ്ടാകാനുമാണ്. യോഹ. 10. 10.

വലിയൊരു സംഭവത്തിന് ലോകം ഒരുങ്ങുകയാണ്.
ആഗസ്റ്റ് 16-ന് ആഗോള യുവജനദിനത്തിന് സ്പെയിനിലെ മാഡ്രിഡില്‍ തിരിതെളുയുകയാണ്. ക്രിസ്തുവില്‍ വേരുറപ്പിക്കപ്പെട്ടും പണിതുയര്‍ത്തപ്പെട്ടും നിങ്ങള്‍ക്ക് ലഭിച്ചവിശ്വാസത്തില്‍ ദൃഢതപ്രാപിക്കുക എന്ന ആപ്തവാക്യവുമായിട്ടാണ് ആഗോള യുവജനം മാഡ്രിഡില്‍ സമ്മേളിക്കുന്നത്. നമ്മുടെ യുവജനങ്ങളെ ഈ തിരുനാളില്‍ വിശിഷ്യാ മാഡ്രിഡില്‍ എത്തുന്നവരെ പ്രത്യേകമായി പ്രാര്‍ത്ഥനയില്‍ അനുസ്മരിക്കാം. അവര്‍ ക്രിസ്തുവില്‍ വളരട്ടെ. വേരുറപ്പിക്കപ്പെടട്ടെ. വിശ്വാസ തീക്ഷ്ണതയുള്ളവരായി ക്രിസ്തു സ്നേഹത്തിന്‍റെ സാക്ഷികളാവട്ടെ.










All the contents on this site are copyrighted ©.