2011-08-12 16:10:01

സമാധാനത്തിനു ഭീഷണിയുയര്‍ത്തുന്ന നിരവധി ഘടകങ്ങള്‍ ഏഷ്യയിലുണ്ടെന്ന് സഭകളുടെ ലോകസമിതി


12.08.2011, ബാങ്കോക്ക്

സമാധാനത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയുയര്‍ത്തുന്ന ഗൗരവപൂര്‍ണ്ണമായ ഘടകങ്ങള്‍ ഏഷ്യയിലുണ്ടെന്ന് സഭകളുടെ ലോകസമിതിയും ഏഷ്യയിലെ ക്രൈസ്തവ സമിതിയും സംയുക്തമായി നടത്തിയ പഠന ശിബിരം വെളിപ്പെടുത്തുന്നു. ജനാധിപത്യ ഭരണവ്യവസ്ഥിതിയുള്ള രാജ്യങ്ങളില്‍ പോലും പൊതുജനങ്ങള്‍ പ്രത്യേകിച്ച് ന്യൂനപക്ഷാംഗങ്ങളും മറ്റും പലതരത്തിലുള്ള അക്രമണത്തിന് ഇരകളാകുന്നുണ്ട്. രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തിപ്രശ്നങ്ങള്‍ തുടരുന്നു. സാമൂഹീകമോ മതപരമോആയ സംഘട്ടനങ്ങളില്‍ നിന്ന് ആഭ്യന്തരകലാപങ്ങള്‍ ആരംഭിക്കുന്നു. മതവിശ്വാസം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നു തുടങ്ങിയ വിവിധ കാരണങ്ങളാണ് ഏഷ്യയില്‍ സമാധാനത്തിനു വിഘാതമായി നില്‍ക്കുന്ന ഘടകങ്ങളെന്ന് സമ്മേളനം നിരീക്ഷിച്ചു. സമാധാനസ്ഥാപനത്തിന് അവശ്യം വേണ്ട ഘടങ്ങളായ മനുഷ്യാവകാശസംരക്ഷണം, ജനാധിപത്യ ഭരണം, നിരായുധീകരണം, കുടിയേറ്റക്കാരുടെ അവകാശങ്ങള്‍, ന്യൂനപക്ഷാവകാശങ്ങള്‍, മതസ്വാതന്ത്ര്യം തുടങ്ങിയ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സഭകളുടെ ലോകസമിതിയും ഏഷ്യയിലെ ക്രൈസ്തവ സമിതിയും നിശ്ചയിച്ചു.
ഏഷ്യയിലെ സമാധാനവും സുരക്ഷയും: സഭൈക്യ പ്രതികരണം എന്ന പ്രമേയത്തോടെ ബാങ്കോക്കില്‍ നടത്തിയ പഠന ശിബിരത്തില്‍ ഇരുപത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മുപ്പത്തിയഞ്ചു പ്രതിനിധികള്‍ പങ്കെടുത്തു.








All the contents on this site are copyrighted ©.