2011-08-12 16:08:57

ഭദ്രമായ സാമൂഹ്യകൂട്ടായ്മ രൂപീകരിക്കാന്‍ അടിയന്തരപ്രാധാന്യം നല്‍കണമെന്ന് ഇംഗ്ലണ്ടിലെ സര്‍ക്കാരിനോട് – കാന്‍റര്‍ബറിയിലെ മെത്രാപ്പോലീത്താ.


12.08.2011, ഇംഗ്ലണ്ട്

ഭദ്രമായ സാമൂഹ്യകൂട്ടായ്മ രൂപീകരിക്കുന്നതിന് അടിയന്തരപ്രാധാന്യം നല്‍കണമെന്ന് ഇംഗ്ലണ്ടിലെ സര്‍ക്കാരിനോട് കാന്‍റര്‍ബറിയിലെ മെത്രാപ്പോലീത്താ ആര്‍ച്ച് ബിഷപ്പ് റോവന്‍ വില്ലൃംസ് അഭ്യര്‍ത്ഥിച്ചു,
ലണ്ടന്‍ നഗരത്തിലുണ്ടായ കലാപത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ പതിനൊന്നാം തിയതി വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ബ്രിട്ടീഷ് തെരുവുകളില്‍ നടന്ന അക്രമങ്ങള്‍ അവഗണിച്ചു കളയരുതെന്നും ഇതിനു കാരണമായ വസ്തുതകളെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്നും മെത്രാപ്പോലീത്താ അഭ്യര്‍ത്ഥിച്ചു. കലാപത്തില്‍ ആക്രമണങ്ങള്‍ക്കിരകളായവരോട് ഖേഃദം പ്രകടിപ്പിച്ച ആര്‍ച്ച് ബിഷപ്പ് റോവന്‍ കലാപം അവസാനിപ്പിക്കാന്‍ സഹായിച്ച പൊലീസുകാരെയും സന്നദ്ധപ്രവര്‍ത്തകരെയും അഭിനന്ദിച്ചു.
കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ഇംഗണ്ടിലെ വിദ്യാഭ്യാസ വ്യവസ്ഥിതിയില്‍ വന്ന മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയ ആര്‍ച്ച് ബിഷപ്പ് പൗരന്മാരില്‍ മൂല്യങ്ങള്‍ വളര്‍ത്തിക്കൊണ്ട് അവരെ സല്‍സ്വഭാവികളായി മാറ്റുന്നതില്‍ വിദ്യാഭ്യാസ മേഖല വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ലെന്നും കുറ്റപ്പെടുത്തി.
മാര്‍ക്ക് ഡഗ്ഗന്‍ എന്ന കറുത്തവര്‍ഗ്ഗക്കാരന്‍ ടോട്ടന്‍ഹാമില്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട സംഭവത്തോട് ബന്ധപ്പെട്ട് ലണ്ടനില്‍ ആരംഭിച്ച ലഹളയും കലാപവും അഞ്ചു ദിവസത്തിനുശേഷമാണ് നിയന്ത്രണവിധേയമായത്. ബ്രിട്ടണില്‍ ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങിവരുകയാണെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.