2011-08-11 18:48:57

മാഡ്രിഡ് പ്രദര്‍ശനത്തില്‍
സിസ്റ്റര്‍ റാണി മരിയയും


11 ആഗസ്റ്റ് 2011, മാഡ്രിഡ്
മതപീഡനത്തിന്‍റെ കഥപറയുവാന്‍ റാണി മരിയയും ഷബാസ് ഭട്ടിയും മാഡ്രിഡിലെ പ്രദര്‍ശനത്തില്‍ അവതരിപ്പിക്കപ്പെടും. ആഗസ്റ്റ് 16-ാം തിയതി സ്പെയിനിലെ മാഡ്രിഡില്‍ തിരിതെളിയുന്ന ആഗോള യുവജന സംഗമത്തോട് ചേര്‍ന്ന്, കേഴുന്ന സഭയ്ക്ക് സഹായം Aid to the Church in Need എന്ന ആഗോള സംഘടന ഒരുക്കുന്ന പ്രദര്‍ശന ശാലയിലാണ് സിസ്റ്റര്‍ റാണി മരിയയുടെയും ഷബാസ് ഭട്ടിയുടെയും ജീവിതകഥ പ്രദര്‍ശിപ്പിക്കപ്പെടുന്നതെന്ന് വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അസ്വാതന്ത്ര്യമനുഭവിക്കുന്ന ക്രൈസ്തവ സമൂഹങ്ങളുടെ കഥ പറയുന്ന പ്രദര്‍ശനമാണ് Aid to the Church in Need മാഡ്രിഡില്‍ ഒരുക്കിയിരിക്കുന്നത്. ചൈന, പാക്കിസ്ഥാന്‍, ഇറാക്ക്, ഇന്ത്യ, സുഡാന്‍, ക്യൂബ, അള്‍ജീരിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ മതപീഡന രംഗങ്ങള്‍ ചിത്രങ്ങളിലൂടെയും മറ്റു ദൃശ്യ-ശ്രാവ്യ മാദ്ധ്യമങ്ങളിലൂടെയും പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം വ്യക്തികളുടെ ജീവിതസാക്ഷൃവും പ്രദര്‍ശനത്തെ ആകര്‍ഷകമാക്കുമെന്ന് സംഘാടകര്‍ ആഗസ്റ്റ് 10-ാം തിയതി ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
മതസ്വാതന്ത്ര്യമില്ലാതെ വിഷമിക്കുന്ന ജനങ്ങളുടെ അനുഭവങ്ങള്‍ യുവജനങ്ങള്‍ കണ്ടു മനസ്സിലാക്കുവാനും അതുവഴി യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്‍റെ മൂല്യാവബോധമുള്ളവരായി വളരുവാനും പ്രദര്‍ശനം അവരെ സഹായിക്കുമെന്ന് സംഘടയുടെ വക്താവ് ജാവിയെര്‍ ഫരീനാസ് വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തി.
ആഗസ്റ്റ് 16-മുതല്‍ 20-വരെ മാഡ്രിഡിലെ സാന്‍ ജെറൊനീമോ ദൈവാലയാങ്കണത്തിലുള്ള ശാലയില്‍ ആരംഭിക്കുന്ന പ്രദര്‍ശനം
കഴിഞ്ഞ 50 വര്‍ഷക്കാലത്ത് വിശ്വാസത്തെപ്രതി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജീവന്‍ സമര്‍പ്പിച്ച വ്യക്തികളുടെ ജീവിതകഥയും ഉള്‍പ്പെടുത്തുമെന്ന് വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.