2011-08-09 09:08:52

മാര്‍പാപ്പയുടെ തൃകാല പ്രാര്‍ത്ഥനാ സന്ദേശം 08.08.2011


ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ജൂലൈ മുപ്പത്തൊന്നാം തിയതി ഞായറാഴ്ച നല്‍കിയ തൃകാല പ്രാര്‍ത്ഥനാ സന്ദേശം

(കാസ്റ്റല്‍ഗണ്ടോള്‍ഫിലുള്ള വേനല്‍ക്കാല വസതിയില്‍ അവധിക്കാലം ചിലവഴിക്കുന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ജൂലൈ മുപ്പത്തൊന്നാം തിയതി ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥന ചൊല്ലിയത് അരമനയുടെ അങ്കണത്തില്‍ സമ്മേളിച്ചിരുന്ന വിശ്വാസികളോടും തീര്‍ത്ഥാടകരോടുമൊത്താണ്, ത്രികാല പ്രാര്‍ത്ഥനയ്ക്കു മുന്‍പ് ഞായറാഴ്ച ദിവ്യബലി മധ്യേ വായിച്ച സുവിശേഷ ഭാഗത്തെ അടിസ്ഥാനമാക്കി പാപ്പ ഒരു ചെറിയ പ്രഭാഷണം നടത്തി. മത്തായി എഴുതിയ സുവിശേഷം പതിനാലാം അദ്ധ്യായം ഇരുപത്തിരണ്ടു മുതല്‍ മുപ്പത്തിമൂന്നുവരെയുള്ള വാക്യങ്ങളായിരുന്നു സുവിശേഷ ഭാഗം.)

പ്രിയ സഹോദരീ സഹോദരന്‍മാരേ,

ഞായറാഴ്ചയിലെ സുവിശേഷ ഭാഗത്ത് മലയിലേക്കു കയറി രാത്രി മുഴുവന്‍ പ്രാര്‍ത്ഥിക്കുന്ന യേശുവിനെയാണ് നാം കണ്ടുമുട്ടുന്നത്. കര്‍ത്താവ് ജനക്കൂട്ടത്തില്‍ നിന്നും തന്‍റെ ശിഷ്യന്മാരില്‍ നിന്നും അകന്ന് തന്‍റെ ആന്തരീകത പിതാവിനു വെളിപ്പടുത്തുകയാണ് ഈ ലോകത്തിന്‍റെ അസ്വസ്തകളുടെ പരിഹാരത്തിനായി ഏകാന്തതയില്‍ പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ ഇപ്രകാരം അകന്നു പോകുന്നത് വ്യക്തികളോടുള്ള താല്‍പര്യക്കുറവോ, അപ്പസ്തോലന്‍മാരെ ഉപേക്ഷിച്ചു പോകുന്നതോ ആണെന്നു കരുതരുത്. വിശുദ്ധ മത്തായി വിവരിക്കുന്നതിപ്രകാരമാണ്. തനിക്കു മുന്‍പേ വഞ്ചിയില്‍ കയറി മറുകരയ്ക്കുപോകുവാന്‍ യേശു ശിഷ്യന്മാരെ നിര്‍ബന്ധിച്ചു. (മത്താ 14, 22) അത് അവരെ വീണ്ടും കാണുന്നതിനു വേണ്ടിയാണ്. ഇതിനിടെ വഞ്ചി കരയില്‍ നിന്ന് ഏറെദൂരം അകന്നു കഴിഞ്ഞിരുന്നു. കാറ്റ് പ്രതികൂലമായിരുന്നതിനാല്‍ തിരമാലകളില്‍ പെട്ട് അത് വല്ലാതെ ആടിയുലയുകയായിരുന്നു. അതാ അപ്പോളാണ് രാത്രിയുടെ നാലാം യാമത്തില്‍ അവന്‍ കടലിനു മീതെ നടന്ന് അവരുടെ അടുത്തു ചെന്നത്. യേശു കടലിനു മീതെ നടക്കുന്നതുകണ്ട ശിഷ്യന്‍മാര്‍ പരിഭ്രാന്തരായി “ഇതാ ഭൂതം!” എന്നു പറഞ്ഞ് ഭയന്നു നിലവിളിച്ചു. അവര്‍ അവിടുത്തെ തിരിച്ചറിയുന്നില്ല. അവിടുന്നാതെന്ന് അവര്‍ക്കു മനസിലാകുന്നില്ല, പക്ഷെ യേശു അവര്‍ക്കു ധൈര്യം പകരുന്നു. “ധൈര്യമായിരിക്കുക, ഞാനാണ്, ഭയപ്പെടേണ്ട”. ഈ ഭാഗത്തിന് സഭാ പിതാക്കന്‍മാര്‍ അതിവിപുലമായ അര്‍ത്ഥ തലങ്ങള്‍ നല്‍കുന്നുണ്ട്. കടല്‍ വര്‍ത്തമാന കാലത്തിന്‍റെ അടയാളമാണ്, ദൃശ്യമായ ലോകത്തിന്‍റെ അസ്ഥിരത. മനുഷ്യനെ പീഡിപ്പിക്കുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളുമാണ് കൊടുങ്കാറ്റ് അര്‍ത്ഥമാക്കുന്നത്. വഞ്ചിയാകട്ടെ ക്രിസ്തുവില്‍ പണിതുയര്‍ത്ത് അപ്പസ്തോലന്മാ‍രാല്‍ നയിക്കപ്പെടുന്ന സഭയെയാണ് അര്‍ത്ഥമാക്കുന്നത്. ഓറെബ് മലയില്‍ വച്ച് മൃദുല സ്വരത്തില്‍ ഏലിയാ പ്രവാചകന് തന്നെത്തന്നെ വെളിപ്പെടുത്തിയ ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് ജീവിത പ്രതിസന്ധികള്‍ ധൈര്യപൂര്‍വ്വം അഭിമുഖീകരിക്കുവാന്‍ യേശു ശിഷ്യന്‍മാരെ പഠിപ്പിക്കുകയാണ്. സുവിശേഷ ഭാഗം തുടര്‍ന്നു വിവരിക്കുന്നത് ഗുരുവിനോടുള്ള സ്നേഹത്താല്‍ പ്രേരിതനായ വിശുദ്ധ പത്രോസ് അപ്പസ്തോലന്‍ വെള്ളത്തിനു മീതെ നടന്ന് അവിടുത്തെപ്പക്കലണയാന്‍ അഭ്യര്‍ത്ഥിക്കുന്നതാണ്. എന്നാല്‍ കാറ്റ് ആഞ്ഞടിക്കുന്നതു കണ്ട് അദ്ദേഹം ഭയന്നു. ജലത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം നിലവിളിച്ചു പറഞ്ഞു “കര്‍ത്താവേ രക്ഷിക്കണേ!” (മത്താ 14, 30). വിശുദ്ധ അഗസ്റ്റിന്‍ അപ്പസ്തോലനോടു പറയുകയാണ് എന്നു സങ്കല്‍പ്പിച്ചുകൊണ്ടു ഇപ്രകാരം പറയുന്നു. “കര്‍ത്താവ് താഴ്ന്ന് അവിടുത്തെ കരം താങ്കള്‍ക്കു നല്‍കിയിരിക്കുന്നു. താങ്കളുടെ ശക്തികൊണ്ടു മാത്രം സ്വയം എഴുനേല്‍ക്കാന്‍ താങ്കള്‍ക്കു സാധിക്കുകയില്ല, താങ്കളോളം താഴ്ന്ന അവിടുത്തെ കരങ്ങളില്‍ മുറുകെപ്പിടിക്കുവിന്‍”. ഇത് പത്രോസ് അപ്പസ്തോലനോടു മാത്രമല്ല നമ്മോടോരോരുത്തരോടുമാണ് പറയുന്നത്, പത്രോസ് വെള്ളത്തിനു മീതെ നടക്കുന്നത് സ്വന്തം ശക്തികൊണ്ടു മാത്രമല്ല അദ്ദേഹം വിശ്വസിക്കുന്ന ദൈവീക കൃപയാലാണ്. അദ്ദേഹം സംശയഗ്രസ്തനായപ്പോഴാണ് യേശുവില്‍ നിന്നു ദൃഷ്ടി മാറ്റിയപ്പോഴാണ് ഭയം അദ്ദേഹത്തിനു മേല്‍ വിജയം നേടിയത്. ഗുരുവിന്‍റെ വാക്കുകളില്‍ പൂര്‍ണ്ണമായും വിശ്വാസമര്‍പ്പിക്കുന്നില്ല എന്നത് ആന്തരീകമായി അവിടുന്നില്‍ നിന്ന് അകലുന്നു എന്നാണര്‍ത്ഥമാക്കുന്നത്. അങ്ങനെയാണ് പത്രോസ് ജീവിതമാകുന്ന കടലില്‍ മുങ്ങിത്താഴാനാരംഭിക്കുന്നത്. നമ്മെ സംബന്ധിച്ചും അതങ്ങനെതന്നെയാണ്. നാം നമ്മെത്തന്നെ മാത്രം നോക്കിയാല്‍ കൊടുങ്കാറ്റിന്‍റെ ആശ്രിതരായിമാറും നമ്മള്‍. ജീവിതമാകുന്ന ജലത്തിലെ കൊടുങ്കാറ്റുകളിലൂടെ കടന്നുപോകാന്‍ നമുക്കു സാധിക്കാതെ വരും എന്നു പറഞ്ഞ മാര്‍പാപ്പ വലിയൊരു ചിന്തകനായിരുന്ന റൊമാനോ ഗ്വാര്‍ദീനി വാക്കുകളാണ് തുടര്‍ന്ന് അനുസ്മരിച്ചത്. നമ്മുടെ അസ്തിത്വത്തിന്‍റെ അടിസ്ഥാനമായ കര്‍ത്താവ് എപ്പോഴും നമുക്കു സമീപസ്ഥനാണ്. എന്നിരുന്നാലും ദൈവവുമായുള്ള നമ്മുടെ ബന്ധം അകല്‍ച്ചയുടേയും സാമീപ്യത്തിന്‍റെയും രണ്ടു ധ്രുവങ്ങള്‍ക്കു മധ്യേ പരീക്ഷിക്കുന്നു. അവിടുത്തെ സാമീപ്യത്തില്‍ നാം ശക്തരാക്കപ്പെടുന്നു അകല്‍ച്ചയില്‍ പരീക്ഷണങ്ങളിലകപ്പെടുന്നു.

പ്രിയ സുഹൃത്തുക്കളെ,

നാം കര്‍ത്താവിനെ അന്വേഷിക്കുന്നതിനേക്കാള്‍ അവിടുത്തെ വിളിച്ചപേക്ഷിക്കുന്നതിനേക്കാള്‍ മുന്‍പുതന്നെ അവിടുന്നു തന്നെ നമ്മുടെ പക്കലേക്കു വരുന്നുവെന്നും അവിടുത്തേ ഉയരങ്ങളിലേക്കു നമ്മെയുയര്‍ത്താന്‍ നമുക്കുനേരെ കരങ്ങള്‍ നീട്ടുന്നുവെന്നും ദൈവത്തിന്‍റെ സ്വരം ശ്രവിച്ച ഏലിയാ പ്രവാചകന്‍റെ അനുഭവവും പത്രോസ് അപ്പസ്തോലന്‍റെ വിശ്വാസയത്നവും നമുക്കു മനസിലാക്കിത്തരുന്നു. നാം അവിടുന്നില്‍ പൂര്‍ണ്ണമായും വിശ്വാസമര്‍പ്പിച്ചുകൊണ്ട് സത്യമായും അവിടുത്തെക്കരങ്ങള്‍ പിടിക്കമെന്നാണ് അവിടുന്ന് പ്രതീക്ഷിക്കുന്നത്. നമ്മുടെ ജീവിതമാകുന്ന സമുദ്രത്തെ ക്ഷോഭിപ്പിക്കുന്ന വിഷമങ്ങളുടേയും പ്രശ്നങ്ങളുടേയും ബുദ്ധിമുട്ടുകളുടേയും മധ്യേ “ധൈര്യമായിരിക്കുക, ഞാനാണ്, ഭയപ്പെടേണ്ട” എന്ന ക്രിസ്തുവചനം ആവര്‍ത്തിക്കപ്പെട്ടുകൊണ്ട് അവിടുന്നിലുള്ള നമ്മുടെ വിശ്വാസം വളരുന്നതിനുവേണ്ടി ദൈവത്തോടുള്ള പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെ മാതൃകയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാധ്യസ്ഥം നമുക്കപേക്ഷിക്കാം.








All the contents on this site are copyrighted ©.