2011-08-09 15:18:58

കേരളത്തിലെ കത്തോലിക്കാസഭയുടെ പരിസ്ഥിതി നയരേഖയുടെ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു


09.08.2011, കൊച്ചി
കേരളത്തിലെ കത്തോലിക്കാസഭ പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി പങ്കെടുക്കുന്നതിനു വേണ്ടിയുള്ള കെ.സി.ബി.സി പരിസ്ഥിതി നയരേഖയുടെ പ്രാരംഭ ചര്‍ച്ചകള്‍ കെ.സി.ബി.സി. യുടെ ദൈവശാസ്ത്രസമ്മേളനത്തില്‍ ആരംഭിച്ചു. കാക്കനാട് മൗണ്ട് സെന്‍റ് തോമാസില്‍ കെ.സി.ബി.സി പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, കേരളത്തിലെ ലത്തീന്‍ സഭാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം, മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ബസേലിയൂസ് മാര്‍ ക്ലീമീസ് എന്നിവരടക്കം 27 മെത്രാന്‍മാരും 68 ദൈവശാസ്ത്രജ്ഞരും പങ്കെടുത്തു. കെ.സി.ബി.സിയുടെ ഏക ദിന ദൈവശാസ്ത്രസമ്മേളനം കെ.സി.ബി.സിയുടെ മുന്നദ്ധ്യക്ഷനായിരുന്ന അന്തരിച്ച ആര്‍ച്ച് ബിഷപ്പ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കലിനെ അനുസ്മരിച്ചു കൊണ്ടാണാരംഭിച്ചത്. കേരള കത്തോലിക്കാ സഭയുടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗരേഖ തയ്യാറാക്കുന്നതിന് ബിഷപ്പ് അബ്രഹാം മാര്‍ യൂലിയോസ് ചെയര്‍മാനായി പ്രത്യേകസമിതി സമ്മേളനത്തില്‍ രൂപീകരിച്ചു. സമ്മേളനത്തെതുടര്‍ന്ന് കേരളത്തിലെ കത്തോലിക്കാ മെത്രാന്‍മാരുടെ വാര്‍ഷികധ്യാനം എട്ടാം തിയതി തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ ആരംഭിച്ചു. പന്ത്രണ്ടാം തിയതി വെള്ളിയാഴ്ച രാവിലെ ധ്യാനം സമാപിക്കും. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിമുതല്‍ ആറുമണിവരെ കെ.സി.ബി.സി സമ്മേളനവും നടക്കും,








All the contents on this site are copyrighted ©.