2011-08-06 15:34:56

സുവിശേഷപരിചിന്തനം –
7 ആഗസ്റ്റ് 2011 ഞായര്‍
സീറോ മലബാര്‍ റീത്ത്



മത്തായി 8, 23 -27
ഗലീലിയാ കടലില്‍ ഉയര്‍ന്ന വലിയ കൊടുങ്കാറ്റില്‍ അകപ്പെട്ട ഒരു തോണിയും അതിലുണ്ടായിരുന്ന യാത്രക്കാരും അത്ഭുതകരമായി മറുകരയിലെത്തിയ കഥയാണ് ഇന്നത്തെ സുവിശേഷത്തില്‍ നാം കേള്‍ക്കുന്നത്. അവര്‍ രക്ഷപെട്ടതിനു കാരണം, അതില്‍ കര്‍ത്താവുണ്ടായിരുന്നു.

ഗലീലിയാ കടലും അതിന്‍റെ തീരപ്രദേശങ്ങളും ക്രിസ്തു നാഥന്‍റെ രക്ഷാകര പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും വേദിയൊരുക്കിയിട്ടുണ്ട്. ഗലീലിയാ കടലിന് ഭൂമിശാസ്ത്രപരമായി ചില പ്രത്യേകതകള്‍ ഉള്ളതായി ഇന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ‘കടല്‍’ എന്നാണ് അതിനെ വിളിക്കുന്നതെങ്കിലും വലിയൊരു തടാകംപോലെയാണിത്. ഏകദേശം 13 മൈല്‍ നീളവും 8 മൈല്‍ വീതിയുമുള്ള ഒരു വലിയ ജലാശയമാണിത്. കൂടാതെ സമുദ്രനിരപ്പില്‍നിന്ന് ഏതാണ്ട് 680 അടി താഴെയാണ് ഇത് സ്ഥിതിചെയ്യുന്നത്. ചുറ്റും വലിയ മലകള്‍ ഉയര്‍ന്നു നില്ക്കുകയും ചെയ്യുന്നു. തല്‍ഫലമായി വളരെ സുഖപ്രദമായ ഒരു കാലാവസ്ഥയാണിവിടെ. എന്നാല്‍ ഈ കടലിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാണ്. പ്രത്യേകിച്ച ക്രിസ്തവിന്‍റെ കാലത്ത് നമുക്ക് ഊഹിക്കാവുന്നതാണ്, വളരെ പ്രാകൃതമായ വഞ്ചകളും തോണികളും മാത്രമുണ്ടായിരുന്നൊരു കാലഘട്ടത്തില്‍.. അവിടെ അപ്രതീക്ഷിതമായ സമയത്താണ് വലിയ കൊടുങ്കാറ്റ് ഉണ്ടാവുകയും കടല്‍ ഇളകി മറിയുകയും ചെയ്യുന്നത്.

ഒരു ദിവസം ക്രിസ്തുവും അവിടുത്തെ ശിഷ്യാന്മാരും ഈ ജലാശയത്തിലൂടെ ഒരു ചെറുതോണിയില്‍ മറുകരയിലേയ്ക്ക് യാത്രചെയ്യുകയായിരുന്നു. യാത്ര ആരംഭിച്ചപ്പോള്‍ കടല്‍ വളരെ പ്രശാന്തമായിരുന്നു. എന്നാല്‍ തീരെ അപ്രതീക്ഷിതമായിട്ടാണ് കൊടുങ്കുറ്റുണ്ടായത്. വഞ്ചി വലിയ തിരമാലകളില്‍പ്പെട്ട് ആടിയുലയാനും മുങ്ങാനും തുടങ്ങി. ഭയാനകമായ രംഗം. പത്രോസിനും കൂട്ടര്‍ക്കും കടലും കടല്‍ക്ഷോഭവുമൊക്കെ പുതിയ അനുഭവമായിരുന്നില്ലെങ്കിലും, അന്നവര്‍ കണ്ട കൊടുങ്കാറ്റ് ജീവിതത്തില്‍ ആദ്യാനുഭവമായിരുന്നു. കഴിവിന്‍റെ പരമാവധി ശ്രമിച്ചിട്ടും തോണി നേരെ പിടിക്കുവാന്‍ അവര്‍ക്കു സാധിച്ചില്ല. തങ്ങള്‍ മുങ്ങിപ്പോകുമെന്ന് അവര്‍ക്ക് മനസ്സിലായി. ക്ഷീണിതനായ ക്രിസ്തു ശാന്തമായി വഞ്ചിയുടെ അമരത്തു കിടന്ന് ഉറങ്ങുന്നതാണ് കണ്ടത്. ഇത്ര വലിയ കൊടുങ്കാറ്റുണ്ടായിട്ടും വളരെ ശക്തിയായി വഞ്ചി ആടിയുലഞ്ഞിട്ടും അവിടുന്ന് പ്രശാന്തനായി ഉറങ്ങുന്നത് അവരെ ആശ്ചര്യപ്പെട്ടു.
ക്രിസ്തു തങ്ങളോടൊപ്പമുണ്ടെങ്കിലും തങ്ങള്‍ നശിക്കുകയാണെന്ന് അവര്‍ക്കു തോന്നി. രക്ഷയ്ക്കുള്ള ഏകമാര്‍ഗ്ഗം അവിടുത്തെ വിളിച്ചുണര്‍ത്തുകയാണെന്ന് പത്രോസിനും കൂട്ടര്‍ക്കും മനസ്സിലായി. അവര്‍ അവിടുത്തെ വിളിച്ചുണര്‍ത്താന്‍ തീരിമാനിച്ചു. ക്രിസ്തുവിനെ അവര്‍ ഉണര്‍ത്തിയെങ്കിലും, അവിടുന്ന് ആദ്യം അവരുടെ വിശ്വാസ രാഹിത്യത്തെ കുറ്റപ്പെടുത്തുകയും ശകാരിക്കുകയുമാണ് ചെയ്തത്. അവിടുത്തോടൊപ്പം ജീവിച്ച്, അവിടുത്തെ അത്ഭുതപ്രവൃത്തികള്‍ക്ക് സാക്ഷൃംവഹിച്ച ശിഷ്യന്മാര്‍ ഈ പ്രതിസന്ധിയില്‍ പതറിപ്പോയി. എങ്കിലും ക്രിസ്തുവില്‍ അവര്‍ വീണ്ടും ശരണം പ്രാപിച്ചു.

ദൈവത്തിലുള്ള അഭയംതേടലാണ് മനുഷ്യരുടെ ജീവിതപ്രതിസന്ധികള്‍ക്ക് പരിഹാരമാകുന്നത്. വിശുദ്ധ ഗ്രന്ഥവും നമ്മെ പഠിപ്പിക്കുന്നത് അങ്ങിനെയാണ്. സഖേവൂസ് എന്ന പാപിയായ മനുഷ്യനും അയാളുടെ കുടുംബത്തിനും രക്ഷയും സമാധാനവും കൈവന്നത് ക്രിസ്തു സാന്നിദ്ധ്യം അനുഭവിച്ചപ്പോഴാണ്. ലൂക്കാ 19. 1-10

ജറീക്കോയിലെ ജന്മനാ കുരുടനായ മനുഷ്യന്‍ ക്രിസ്തുവിന്‍റെ ദിവ്യകരസ്പര്‍ശത്താലാണ് സുഖംപ്രാപിച്ചത്. മത്തായി 20, 29-34.
രക്തസ്രാവക്കാരി സ്ത്രീ ക്രിസ്തുവിനെ സ്പര്‍ശിച്ച മാത്രയില്‍ പൂര്‍ണ്ണ സൗഖ്യംപ്രാപിച്ചുവെന്നും സുവിശേഷം സാക്ഷൃപ്പെടുത്തുന്നു. മര്‍ക്കോസ് 5, 25-34.


ഗലീലിയ കടലില്‍ പണ്ടു നടന്ന ഒരു സംഭവം എന്നതിനേക്കാളുപരി ക്രിസ്തു പ്രവര്‍ത്തിച്ച ഈ അത്ഭുതത്തിനും സംഭവത്തിനും ഇന്നും പ്രസക്തിയുണ്ട്. ക്രിസ്തുവിന്‍റെ അത്ഭുതങ്ങളെ അടയാളങ്ങളായിട്ടാണല്ലോ യോഹന്നാന്‍ സുവിശേഷകന്‍ വിശേഷിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ അവിടുന്ന് പ്രവര്‍ത്തിച്ച ഓരോ അത്ഭുതവും വലിയ സന്ദേശവും അടയാളങ്ങളും നമുക്കായി ഇന്നും തരിന്നുണ്ട്. ക്രിസ്തു പ്രകൃതിയുടെയും അതിനാഥനാകുന്നു, എന്നതാണ് ഈ സംഭവം നല്കുന്ന പ്രഥമ സ്ന്ദേശം. അവിടുത്തേയ്ക്ക് ഈ പ്രപഞ്ചത്തിന്‍റെമേല്‍ അധികാരമുണ്ടെന്നും, ദൈവം നമ്മുടെ സ്രാഷ്ടവും നാഥനുമാണെന്നും ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.
ജീവിത പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും മദ്ധ്യേ നിസ്സഹായനായി നില്ക്കുന്ന മനുഷ്യന് പ്രത്യാശയും ആശാകേന്ദ്രവും ക്രിസ്തുവാണെന്നും ഈ സംഭവം വെളിപ്പെടുത്തുന്നു. ഇതു മനുഷ്യന്, നമുക്കോരോരുത്തര്‍ക്കും ഇന്നും പ്രത്യാശ പകരേണ്ടതാണ്, ശക്തിപകരേണ്ടതാണ്.
ആധുനിക ലോകത്തിനും അതീവ പ്രസ്ക്തമായ ഒരു സംഭവമാണിത്.
ലോകസാഗരത്തില്‍ ജീവിതത്തോണി ആടിയ ഉലയുകയാണ്. കടലില്‍ യാത്രചെയ്യുമ്പോള്‍ പല തരത്തിലുള്ള അപകടങ്ങള്‍ നേരിടുന്നത് സ്വാഭാവികമാണ്. പര്‍വ്വതാകാരമുള്ള മഞ്ഞുകട്ടകള്‍, ഭീകര കടല്‍ജീവികള്‍, വലിയ പാറക്കൂട്ടങ്ങള്‍, വന്‍മത്സ്യങ്ങള്‍ തുടങ്ങിയവയെല്ലാം ശ്രദ്ധിക്കേണ്ടവയും കടല്‍ യാത്രയില്‍ മറികടക്കേണ്ടവയുമാണ്.

മൂന്നു എഞ്ചിനുകളുമായി ഇംഗ്ലണിടിലെ സതാംട്ടണില്‍നിന്നു 1921 ഏപ്രില്‍ 10-ാം തിയതി 2235 യാത്രക്കാരുമായി പുറപ്പെട്ട ടൈറ്റാനിക്ക് ഉല്ലാസക്കപ്പല്‍ മുങ്ങിയത് കന്നി യാത്രയുടെ നാലാം ദിവസം അത്ലാന്‍റിക്ക് സമുദ്രത്തിലുണ്ടായ ഒരു മഞ്ഞുകട്ടയില്‍ തട്ടിയായിരുന്നു. 1522 പേരുടെ മരണത്തിനിടയാക്കിയ ആ സംഭവം ആധുനിക മനുഷ്യന്‍റെ മനസ്സാക്ഷിയില്‍ ഒരു ദുഃഖസ്മരണയാ മാത്രം ഇന്നും നില്ക്കുന്നു. മനുഷ്യന് അവന്‍റെ തന്നെ കഴിവിലുള്ള അമിതമായ അത്മവിശ്വാസസവും, ദൈവത്തെ മറന്നുള്ള ജീവിതവും പ്രതിസന്ധികള്‍ വരുത്തിവയ്ക്കുന്നു എന്ന പാഠം ആ സംഭവും നമുക്ക് തരുന്ന ഒരു പാഠം.

ഇന്ന് മനുഷ്യജീവിതം പെട്ടെന്നു പ്രക്ഷുബ്ധമാകുന്ന ഗലീലിയ തടാകംപോലെയാണ്. ശാന്തമായ അന്തരീക്ഷം എന്നു കരുതിയ ശിഷ്യന്മാര്‍ക്ക് വീപരീതാനുഭവമാണുണ്ടായത്. ഇതുപോലെ പുതിയ പുതിയ ശാസ്ത്രീയ കണ്ടു പിടുത്തങ്ങളുടെ ഫലമായി പുരോഗതി പ്രാപിക്കുന്നു എന്നു കരുതുന്ന ഇന്നത്തെ ലോകം പലപ്പോഴും കെടുതികളിലേയ്ക്കാണ് നീങ്ങുന്നത്.
ഡിജിറ്റല്‍ യുഗത്തില്‍ മാനുഷിക മൂല്യങ്ങള്‍ക്ക് വിലയില്ലാതായിത്തീരുകയാണ്. എളുപ്പത്തില്‍ മനുഷ്യന്‍ മനുഷ്യന്‍റെ ശത്രുവായി തീര്‍ന്നിരിക്കുന്നു. എവിടെയും അസത്യവും അക്രമവും വഞ്ചനയും വളര്‍ന്നു വരുന്നു. കുടുംബബന്ധങ്ങളുടെ ഭദ്രതയും ഇന്ന് കൂറഞ്ഞു വരികയാണ്. സ്വാര്‍ത്ഥതയുടെ വേലിയേറ്റത്തില്‍ രക്തബന്ധങ്ങള്‍ക്കുപോലും വിലയില്ലാതായി തീരുന്നു. വ്യക്തി ജീവിതത്തില്‍ അനുഭവവേദ്യമാകുന്ന ഈ മൂല്യത്തകര്‍ച്ച സമൂഹ ജീവിതത്തെയും ബാധിക്കുന്നുണ്ട്.
ഒരിക്കല്‍ ഒരു യുവാവ് പറഞ്ഞതാണ്. ചെറുപ്പത്തില്‍ ഞാന്‍ ഒരു ദൈവവിശ്വസിയായിരുന്നു. ഒരു വാഹനാപകടത്തില്‍ എന്‍റെ അമ്മയുടെ ജീവന്‍ അപഹരിക്കപ്പെട്ടപ്പോള്‍ എനിക്കു മനസ്സിലായി ദൈവത്തിനും ദൈവവിശ്വാസത്തിനും വലിയ അര്‍ത്ഥമില്ല എന്ന്.
ഇന്നത്തെ ലോകത്തിന്‍റെ ചിന്താഗതിയാണ്. സന്തോഷത്തിന്‍റെ സുഖലോലുപതയുടെയും ജീവിതത്തിനപ്പുറം ജീവിത്തിന് അര്‍ത്ഥം കണ്ടെത്താന്‍ മനുഷ്യന്‍ വിമുഖനാണ്. മനുഷ്യന്‍റെ ഇഛാനുസരണം പ്രവര്‍ത്തിക്കവാനുള്ള ഒരാളായിട്ട് ദൈവത്തെ നാം കാണുന്നത്. മത നിയമങ്ങളെയും ധാര്‍മ്മിക മൂല്യങ്ങളെയും തന്‍റെ ഇച്ഛാനുസരണം മനുഷ്യനിന്ന് വളച്ചൊടിക്കുവാന്‍ ശ്രമിക്കുകയാണ്. ജീവിതനിയമങ്ങളും ജീവന്‍റെ നിയമങ്ങളും വലിച്ചെറിഞ്ഞ് പുതിയ നിയമ നിര്‍മ്മാണങ്ങള്‍ ഇന്നു നടത്തപ്പെടുന്നില്ലേ. ജീവിതത്തില്‍ തിക്താനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍, പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ദൈവത്തെ സൗകര്യപൂര്‍വ്വം തള്ളിപ്പറയുന്നു. തല്‍ഫലമായി നിരാശയുടെ പടുകുഴിയിലേയ്ക്ക് മനുഷ്യന്‍ അതിവേഗം വഴുതി വീഴുകയും ചെയ്യുന്നു.

വിവിധ തരത്തിലുള്ള ജീവിത പ്രശ്നങ്ങളുടെ നടുവില്‍ക്കിടന്ന് നട്ടം തിരിയുന്ന മനുഷ്യന് പ്രത്യാശ പകരുവാന്‍ ദൈവത്തിനു സാധിക്കൂ. അവിടുന്ന് എപ്പോഴും നമ്മുടെ മദ്ധ്യേ വസിക്കുന്നുണ്ട്. ഭൗതികതയുടെ അതി പ്രസരത്തില്‍പ്പെട്ടു കഴിയുന്ന മനുഷ്യന് ദൈവത്തെ കണ്ടെത്തുവാന്‍ പ്രയാസമാണ്. ക്രിസ്തു അടുത്തും ജീവിതത്തോണിയുടെ അമരത്തും ഉണ്ടെങ്കിലും അവിടുത്തെ കണ്ടെത്താനോ, വിളിച്ചപേക്ഷിക്കാനോ പലപ്പോഴും ഇന്ന് മനുഷ്യന് സാധിക്കാതെ പോകുന്നുണ്ട്.. ഇതാണ് നമ്മുടെ ജീവിത നൈരാശ്യത്തിന്‍റെയും വ്യഗ്രതയുടെയും പിന്നില്‍ മറഞ്ഞിരിക്കുന്ന യാഥാര്‍ത്ഥ്യം. തന്‍റെ സ്രഷ്ടാവും പരിപാലകനുമായ ദൈവത്തെ കണ്ടെത്താനും പ്രാപിക്കാനും മനുഷ്യന് സാധിക്കാതെ പോകുന്നു.

ഇന്നത്തെ വചനം മുന്നില്‍ വയ്ക്കുന്ന സന്ദേശത്തിന്‍റെ വെളിച്ചത്തില്‍ നമ്മുടെ ജീവിതങ്ങളെ പരിശോധിക്കാം. ദൈവത്തിന്‍റെ നിരന്തമായ പരിപാലനയുടെ കീഴില്‍ കഴിയുന്ന നമ്മുടെയൊക്കെ ജീവിതത്തില്‍ ഒരു പക്ഷേ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരിക്കുകയില്ല. പക്ഷേ അപ്രതീക്ഷിതമായി ആഞ്ഞടിച്ച കൊടുങ്കാറ്റുപോലെ നമ്മുടെയൊക്കെ ജീവിതത്തിലും പ്രശ്നങ്ങളുടെ വേലിയേറ്റം ഉണ്ടാകാം. അത് പലര്‍ക്കും പല വിധത്തില്‍ ആയിരിക്കുമെന്നു മാത്രം. ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങള്‍ രോഗങ്ങള്‍, പ്രിയപ്പെട്ടവരുടെ പെട്ടെന്നുള്ള വേര്‍പാപട്, ആത്മാര്‍ത്ഥ സുഹൃത്തുക്കളില്‍നിന്നുള്ള സ്നേഹശൂന്യമായ പെരുമാറ്റം സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവെല്ലാം നമ്മെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളായി മാറാം. ഇപ്രകാരമുള്ള വിഷമ പ്രശ്നങ്ങളുടെ നൂല്‍പ്പാലങ്ങളിലൂടെയും നമുക്ക് കടന്നുപോകേണ്ടിയിരിക്കുന്നു.

പ്രതിസന്ധികളില്‍പ്പെട്ടു വിഷമിക്കുമ്പോള്‍ അനുസ്മരിക്കാം,
നമ്മുടെ ജീവിതത്തോണിയുടെ അമരത്ത് എപ്പോഴും ക്രിസ്തു ഉണ്ട്. അവിടത്തെ വിശ്വാസപൂര്‍വ്വം വിളിച്ചപേക്ഷിക്കാം. യേശുവേ, രക്ഷിക്കണേ... യേശുവേ സഹായിക്കണേ..എന്ന്. End








All the contents on this site are copyrighted ©.