2011-08-04 20:45:19

റേഡിയോ
പ്രക്ഷേപകരുടെ
സംഗമം


04 ആഗസ്റ്റ് 2011, കൊച്ചി
പുതിയ തലമുറയുടെ ശക്തമായ മാധ്യമമാണ് റേഡിയോ എന്ന്
ജോര്‍ജ്ജ് പ്ലത്തോട്ടം, സിബിസിഐ മാധ്യമ കമ്മിഷന്‍ സെക്രട്ടറി കൊച്ചിയിലെ യോഗത്തില്‍ പ്രസ്താവിച്ചു. കൊച്ചിയില്‍ ജൂലൈ 30-ന് സമ്മേളിച്ച കത്തോലിക്കാ റേഡിയോ പ്രക്ഷേപകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ദേശിയ മെത്രാന്‍ സമിതിയുടെ വക്താവ്.
ഭാരതത്തില്‍ ഇപ്പോള്‍ നിലവിലുള്ള അഞ്ചു കത്തോലിക്കാ സാമൂഹ്യ റേഡിയോ പ്രക്ഷേപകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
മംഗലാപുരത്തെ സാരംഗ്, മദ്ധ്യ തിരുവതാംകൂറിലെ മാക്ഫാസ്റ്റ്, കൊല്ലത്തെ ബെന്‍സീങ്കര്‍, വയനാട്ടിലെ മാറ്റൊലി, തലശ്ശേരിയിലെ സന്ദേശ് എന്നിവയാണ് കൊച്ചിയില്‍ സമ്മേളനത്തില്‍ പങ്കെടുത്ത തെക്കെ ഇന്ത്യയിലെ 5 കത്തോലിക്കാ റേഡിയോ പ്രക്ഷേപകര്‍.
പ്രാദേശിക തലത്തില്‍ വാര്‍ത്തകള്‍ എത്തിക്കുക മാത്രമല്ല, ജനങ്ങളുടെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളില്‍, ഇതര മാധ്യമങ്ങള്‍ക്കു നല്കാനാവാത്ത, ഏറെ അടുത്തതും തനിമയാര്‍ന്നതുമായ കാര്യങ്ങള്‍ ജനങ്ങള്‍ക്കു നല്കാന്‍ സാമൂഹ്യ റേഡിയോയ്ക്ക് സാധിക്കുന്നുണ്ടെന്ന്
യോഗം വിലയിരുത്തി.
വിവിധ കേന്ദ്രങ്ങളുടെ ലക്ഷൃം, പ്രവര്‍ത്തന ശൈലി, സര്‍ക്കാരിന്‍റെയും
സന്നദ്ധ സംഘടകളുടെയും പങ്കാളിത്തം എന്നിവ ഓരോ റോഡിയോയുടെയും പ്രതിനിധികള്‍ സമ്മേളനത്തില്‍ വിവരിച്ചു.
നിശ്ചിത പരിപാടികള്‍ക്കു പുറമേ, യുവജനങ്ങളുടെ കഴിവുകള്‍ വളര്‍ത്തുന്നതിലും, കൃഷി, കാലാവസ്ഥ, വിദ്യാഭ്യാസം, വിശ്വാസരൂപീകരണം എന്നീ മേഖലകളില്‍ നല്കുന്ന പ്രാദേശികവും തനിമയാര്‍ന്നതുമായ സംഭാവനകളെ സിബിസിഐ വക്താവ് അഭിനന്ദിച്ചു. റേഡിയോ വത്തിക്കാന്‍, റേഡിയോ വേരിത്താസ്, റേഡിയോ മരീയ തുടങ്ങിയ കത്തോലിക്കാ മാധ്യമ ശ്രേണികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാനുള്ള സാദ്ധ്യതകള്‍ പഠിക്കുമെന്നും ഫാദര്‍ പ്ലത്തോട്ടം സമ്മേളനത്തെ അറിയിച്ചു.








All the contents on this site are copyrighted ©.