2011-08-03 19:14:22

മാഡ്രിഡിലേയ്ക്ക് വിസ
ലഭിക്കാത്ത യുവജനങ്ങള്‍


3 ആഗസ്റ്റ് 2011, ഡല്‍ഹി
ആഗോള യുവജന സമ്മേളനത്തില്‍ പങ്കെടുക്കേണ്ട 600 യുവാക്കള്‍ക്ക് ഇനിയും സ്പാനിഷ് എമ്പസി വിസാ അനുവദിച്ചിട്ടില്ലെന്ന്, ഇന്ത്യന്‍ ഡെലഗേഷന്‍റെ പ്രസിഡന്‍റ് മനോജ് സണ്ണി അറിയിച്ചു. ആഗസ്റ്റ് 16-മുതല്‍ 21-വരെ തിയതികളില്‍ സ്പെയിനിലെ മാഡ്രിഡില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ സാന്നിദ്ധ്യത്തില്‍ അരങ്ങേറുന്ന ആഗോള യുവജന സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള യുവാക്കള്‍ക്കാണ് ഇനിയും വിസ ലഭിച്ചിട്ടില്ലാത്തതെന്ന്, സണ്ണി ഒരഭിമുഖത്തില്‍ വെളിപ്പെടുത്തി. ഇന്ത്യയിലെ 13 സഭാ പ്രവിശ്യകളില്‍നിന്നും സംഘടനകളില്‍നിന്നുമായി മാഡ്രിഡ് സമ്മേളനത്ത് ഒരുങ്ങുന്ന 1142 യുവാക്കളില്‍ 600 പേര്‍ക്കാണ് ഇനിയും വിസ ലഭിക്കാതിരിക്കുന്നതെന്നും അതില്‍ നാലുപേര്‍ വൈദികരാണെന്നും ഇന്ത്യയിലെ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
ഇന്ത്യന്‍ യുവാക്കള്‍ക്ക് വിസ ലഭ്യമാക്കുന്നതിന് സ്പെയിനിലെ കോര്‍ഡിനേറ്റര്‍ ഹൊസെ സന്തിയാഗോ വിദേശകാര്യ മന്ത്രിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഡെല്‍ഹിയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഓഫിസ് വ്യക്തമാക്കി.
ആഗസ്റ്റ് 16-ന് സ്പെയിനില്‍ ആരംഭിക്കുന്ന സമ്മേളനത്തില്‍ 4,40,000 യുവാക്കള്‍ പങ്കെടുക്കുമെന്ന് സമ്മേളനത്തിന്‍റെ മാഡ്രിഡിലെ സംഘാടകര്‍ വെളിപ്പെടുത്തുന്നു. ആഗസ്റ്റ് 18-ാം തിയതി വ്യാഴാഴ്ച രാവിലെ മാഡ്രിഡിലെത്തുന്ന ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ മൂന്നു ദിവസം യുവാക്കളൊടൊപ്പം ചിലവഴിക്കും.








All the contents on this site are copyrighted ©.