2011-08-02 14:54:38

ഭാരതീയ യുവത്വം ലോകയുവജനദിനത്തില്‍ നാനാത്വത്തിന്‍റെയും ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രതിനിധികള്‍ - കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്


02 ഓഗസ്റ്റ് 2011, മുംബൈ

ലോകയുവജനദിനത്തില്‍ ഭാരതീയ യുവത്വം പങ്കെടുക്കുന്നത് നാനാത്വത്തിന്‍റെയും സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രതിനിധികളായിട്ടെന്ന് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് മുബൈയില്‍ പ്രസ്താവിച്ചു.
ഓഗസ്റ്റ് മാസം പതിനാറാം തിയതി മുതല്‍ ഇരുപത്തിയൊന്നാം തിയതി വരെ സ്പെയിനിന്‍റെ തലസ്ഥാനമായ മാദ്രിദില്‍ നടക്കുന്ന ലോകയുവജനദിനസംഗമത്തില്‍ പങ്കെടുക്കുന്ന ആയിരത്തിലധികം വരുന്ന ഇന്ത്യന്‍ സംഘത്തിനു നല്‍കിയ സന്ദേശത്തിലാണ് അവരെ ഇന്ത്യയുടെ സ്ഥാനപതികളായി ദേശീയ മെത്രാന്‍ സമിതിയധ്യക്ഷന്‍ കര്‍ദിനാള്‍ ഗ്രേഷ്യസ് വിശേഷിപ്പിച്ചത്. ഒന്നാം തിയതി തിങ്കളാഴ്ച മുംബൈ അതിരൂപതാ കത്തീഡ്രല്‍ ദേവാലയത്തില്‍ യുവജനങ്ങള്‍ക്കുവേണ്ടി നടത്തിയ പ്രത്യേക ദിവ്യകാരുണ്യാഘോഷത്തില്‍ ഭാരത്തിന്‍റെ സാംസ്ക്കാരീക വൈവിധ്യ സമ്പത്ത് സ്പെയിനിലേക്കെത്തിക്കുവാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്ത കര്‍ദിനാള്‍ സഹകരണവും ഐക്യവും ഒരുമയും സഹിഷ്ണുതയുമാണ് സമാധാനപൂര്‍ണ്ണമായ ഒരു നവലോകസ്ഥിതി നേടിയെടുക്കുവാനുള്ള മാര്‍ഗ്ഗമെന്നും ഉത്ബോധിപ്പിച്ചു. ഇന്ത്യയുടെ ഏറ്റവും വലിയ മൂലധനവും പ്രതീക്ഷയുമാണ് യുവജനങ്ങളെന്നും കര്‍ദിനാള്‍ അഭിപ്രായപ്പെട്ടു. മാദ്രിദില്‍ നടക്കുന്ന ലോകയുവജന സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യയില്‍ നിന്നുള്ള സംഘത്തില്‍ നൂറ്റിപ്പത്തുപേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്.








All the contents on this site are copyrighted ©.