2011-08-01 14:38:26

മാര്‍പാപ്പയുടെ തൃകാല പ്രാര്‍ത്ഥനാ സന്ദേശം 31.07.2011


ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ജൂലൈ മുപ്പത്തൊന്നാം തിയതി ഞായറാഴ്ച നല്‍കിയ തൃകാല പ്രാര്‍ത്ഥനാ സന്ദേശം

(കാസ്റ്റല്‍ഗണ്ടോള്‍ഫിലുള്ള വേനല്‍ക്കാല വസതിയില്‍ അവധിക്കാലം ചിലവഴിക്കുന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ജൂലൈ മുപ്പത്തൊന്നാം തിയതി ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥന ചൊല്ലിയത് അരമനയുടെ അങ്കണത്തില്‍ സമ്മേളിച്ചിരുന്ന വിശ്വാസികളോടും തീര്‍ത്ഥാടകരോടുമൊത്താണ്, ത്രികാല പ്രാര്‍ത്ഥനയ്ക്കു മുന്‍പ് ലത്തീന്‍ റീത്തിന്‍റെ ആരാധനാക്രമപ്രകാരം ഞായറാഴ്ച ദിവ്യബലി മധ്യേ വായിച്ച സുവിശേഷ ഭാഗത്തെ അടിസ്ഥാനമാക്കി പാപ്പ ഒരു ചെറിയ പ്രഭാഷണം നടത്തി. മത്തായിയുടെ സുവിശേഷം പതിനാലാം അദ്ധ്യായം പതിമൂന്നു മുതല്‍ ഇരുപത്തിയൊന്നുവരെയുള്ള വാക്യങ്ങളായിരുന്നു വചനഭാഗം.)

പ്രിയ സഹോദരീ സഹോദരന്മാരെ,

തന്നെ ശ്രവിക്കാനും തന്നില്‍ നിന്നും രോഗശാന്തി നേടാനും വരുന്ന ജനക്കൂട്ടത്തിനു വേണ്ടി യേശു അപ്പം വര്‍ദ്ധിപ്പിച്ചുനല്‍കുന്ന അത്ഭുതമാണ് സുവിശേഷ ഭാഗത്ത് വിവരിക്കുന്നത്. സായാഹ്നമായപ്പോള്‍ അടുത്തുള്ള ഗ്രാമങ്ങളില്‍പോയി ഭക്ഷണം വാങ്ങാന്‍ ജനക്കൂട്ടത്തെ പറഞ്ഞയക്കുവാന്‍ ശിഷ്യന്‍മാര്‍ അവിടുത്തോടു പറയുന്നു. എന്നാല്‍ കര്‍ത്താവിന്‍റെ മനസില്‍ മറ്റെന്തോ പദ്ധതിയാണുള്ളത്. നിങ്ങള്‍ തന്നെ അവര്‍ക്കു ഭക്ഷണം കൊടുക്കുക എന്ന് അവിടുന്നവരോടാവശ്യപ്പെടുന്നു. പക്ഷെ അവരുടെ കയ്യില്‍ അഞ്ചപ്പവും രണ്ടുമീനുമല്ലാതെ മറ്റൊന്നുമില്ല, അങ്ങനെ ദിവ്യകാരുണ്യ കൂദാശയെ അനുസ്മരിപ്പിക്കുന്ന ഒരു കര്‍മ്മം അവിടുന്നു നിര്‍വ്വഹിക്കുന്നു, സ്വര്‍ഗ്ഗത്തിലേക്കു കണ്ണുകളുയര്‍ത്തി, ആശീര്‍വദിച്ച്, മുറിച്ച് അപ്പം ശിഷ്യന്മാരെ ഏല്‍പിച്ചു. ശിഷ്യന്മാര്‍ അതു ജനങ്ങള്‍ക്കു വിളമ്പി. ദൈവശക്തിയില്‍ ആശ്രയിച്ചുകൊണ്ട് കുറച്ചപ്പം സാഹോദര്യത്തില്‍ പങ്കുവച്ച ഈ അത്ഭുതത്തില്‍ അത് എല്ലാവരും ഭക്ഷിച്ചു തൃപ്തരായിയെന്നു മാത്രമല്ല പന്ത്രണ്ടുകുട്ട നിറയെ ബാക്കിവരുകയും ചെയ്തു. ജനക്കൂട്ടത്തിന് അപ്പം വിളമ്പുവാന്‍ യേശു ശിഷ്യമാരോടാവശ്യപ്പെടുന്നു, അതുവഴി അവിടുന്ന് അവരെ പഠിപ്പിക്കുകയും ഭാവി അപ്പസ്തോലിക പ്രവര്‍ത്തനത്തിന് അവരെ ഒരുക്കുകയുമാണ് ചെയ്യുന്നത്, അവര്‍ ജീവന്‍റെ വചനത്തിന്‍റെയും കൂദാശയുടേയും പരിപോഷണം എല്ലാവരിലേക്കും എത്തിക്കണം.

ഈ അത്ഭുതപ്രവര്‍ത്തിയില്‍ ദൈവത്തിന്‍റെ മനുഷ്യാവതാരത്തിന്‍റെയും രക്ഷാകരകര്‍മ്മത്തിന്‍റെയും അടയാളങ്ങള്‍ ഇടകലര്‍ന്നിരിക്കുന്നു, മനുഷ്യരുമായി സമ്മേളിക്കാന്‍ യേശു വഞ്ചിയില്‍ നിന്നിറങ്ങുകയാണ്. വിശുദ്ധ മാസ്സിമോ പറയുന്നതുപോലെ ദൈവവചനം നമ്മോടുള്ള സ്നേഹത്തെപ്രതി മാംസം ധരിച്ചു, നമ്മില്‍ നിന്നുവന്ന് പാപമൊഴികെ മറ്റെല്ലാത്തിലും നമ്മെപ്പോലെയായി, നമുക്കു ചേര്‍ന്ന വാക്കുകളും ഉദാഹരണങ്ങളുമുപയോഗിച്ച് നമുക്കു പ്രബോധനങ്ങള്‍ നല്‍കുന്നു. ജനത്തോട് തനിക്കുള്ള അനുകമ്പയുടെ മഹനീയ മാതൃകയാണ് യേശു ഇവിടെ നല്‍കുന്നത് എന്നു പറഞ്ഞ മാര്‍പാപ്പ വടക്കു കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ യുദ്ധവും ശക്തമായ സ്ഥാപനങ്ങളുടെ അഭാവവും മൂലം വഷളാക്കപ്പെട്ട ക്ഷാമത്തോടു മല്ലിടുന്ന സഹോദരീ സഹോദരന്‍മാരെയാണ് തനിക്ക് ഓര്‍മ്മവരുന്നതെന്നും വെളിപ്പെടുത്തി. യേശു ഭൗതീകാവശ്യങ്ങളെക്കുറിച്ച് ശ്രദ്ധാലുവാണ്, എന്നാല്‍ അതിനേക്കാളധികമായി നല്‍കുവാന്‍ അവിടുന്നാഗ്രഹിക്കുന്നു, കാരണം ഭൗതീകാവശ്യത്തേക്കാളധികമായി എന്തോ മനുഷ്യന്‍ ആഗ്രഹിക്കുന്നുണ്ട്, അധികമായെന്തോ അവനാവശ്യമുണ്ട്. യേശു നല്‍കുന്ന അപ്പത്തില്‍ ദൈവത്തിന്‍റെ സ്നേഹമുണ്ട്. അവിടുന്നുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ജീവിക്കുന്ന ദൈവത്തില്‍ നിന്നും നാം പരിപോഷിപ്പിക്കപ്പെടുന്നുവെന്നു പറയാം. സ്വര്‍ഗത്തില്‍ നിന്നുള്ള അപ്പമാണ് നാം സത്യമായും ഭക്ഷിക്കുന്നത്.

പ്രിയ സുഹൃത്തുക്കളെ, ദിവ്യകാരുണ്യത്തില്‍ നമ്മുടെ ഓരോ സഹോദരനോടും സഹോദരിയോടുമുള്ള സഹാനുഭൂതിയുടെ സാക്ഷികളായി യേശു നമ്മെ മാറ്റുന്നു. അങ്ങനെ ദിവ്യകാരുണ്യരഹസ്യത്തില്‍ നിന്നും സഹജരോടുള്ള സ്നേഹസേവന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. ഈശോസഭാസ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയും ഇതേ സാക്ഷൃമാണ് നല്‍കുന്നത്. എല്ലാ വസ്തുക്കളിലും ദൈവത്തെ അന്വേഷിച്ചുകൊണ്ട് എല്ലാ സൃഷ്ടികളിലും അവിടുത്തെ സ്നേഹിച്ചുകൊണ്ട് ജീവിക്കാന്‍ ഇഗ്നേഷ്യസ് നിശ്ചയിച്ചു.
അന്യരോടുള്ള സഹാനുഭാവത്തിലേക്കും സാഹോദര്യപൂര്‍വ്വമായ പങ്കുവയ്പ്പിലേക്കും നമ്മുടെ ഹൃദയങ്ങള്‍ തുറക്കുന്നതിന് നമ്മുടെ പ്രാര്‍ത്ഥന പരിശുദ്ധ കന്യകാ മറിയത്തിനു സമര്‍പ്പിക്കാം എന്നു പറഞ്ഞുകൊണ്ടാണ് പാപ്പ പ്രഭാഷണം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.