2011-07-27 18:59:47

നോര്‍വെയില്‍
തിന്മയുടെ ഭീകരമുഖം


27 ജൂലൈ 2011, അമേരിക്ക
മനുഷ്യജീവനോടുള്ള അവജ്ഞയും തിന്മയുടെ ഭീകരമുഖവുമാണ് നോര്‍വോ സംഭവം വെളിപ്പെടുത്തുന്നതെന്ന്, അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയും പ്രസ്താവിച്ചു. ജൂലൈ 25-ാം തിയതി ചൊവ്വാഴ്ച ഓസ്ലോയിലെ മെത്രാനും, നോര്‍വേയിലെ കത്തോലിക്കാ മെത്രാന്‍ സമിതിക്കുമായി അയച്ച അനുശോചന സന്ദേശത്തിലാണ് അമേരിക്കയിലെ മെത്രാന്മാര്‍ ഇപ്രകാരം പ്രസ്താവിച്ചത്. അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും ന്യൂയോര്‍ക്ക് അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് തിമോത്തി ഡോലനാണ് സന്ദേശമയച്ചത്.
സമാധാനപൂര്‍ണ്ണവും മനോഹരവുമായ നോര്‍വേ രാജ്യത്തെ ദുഃഖത്തിലാഴ്ത്തിയ സംഭവത്തെയും അതിനു പിന്നിലുള്ള വ്യക്തികളെയും സന്ദേശത്തിലൂടെ അമേരിക്കന്‍ മെത്രാന്മാര്‍ അപലപിച്ചു.
നിര്‍ദ്ദോഷികളായ മനുഷ്യരുടെ മരണത്തിനിടയാക്കിയ സംഭവം അളക്കാനാവാത്ത ദുഃഖമാണ് ലോകമെമ്പാടും ഉയര്‍ത്തിരിക്കുന്നതെന്നും,
സമാധാനപൂര്‍ണ്ണമായ ലോകം കെട്ടിപ്പടുക്കുവാനുള്ള നോര്‍വെയുടെ പരിശ്രമത്തിന് തങ്ങള്‍ പിന്‍തുണ പ്രഖ്യാപിക്കുന്നുവെന്നും പ്രസ്താവിച്ചു കൊണ്ടുമാണ് മെത്രാന്മാര്‍ സന്ദേശം ഉപസംഹരിച്ചത്.
ഫ്രാന്‍സിലെ കത്തോലിക്കാ മെത്രന്‍ സമിതിയും നോര്‍വേയിലേയ്ക്ക് അനുശോചനവും പിന്‍തുണാ വാഗ്ദാനവും സന്ദേശത്തിലൂടെ അറിയിക്കുകയുണ്ടായി.








All the contents on this site are copyrighted ©.