2011-07-23 15:19:31

സുവിശേഷപരിചിന്തനം 24 ജൂലൈ 2011
ലത്തീന്‍ റീത്ത്


വി. മത്തായി 13. 44-52
നിധിയുടെയും രത്നത്തിന്‍റെയും വലയുടെയും ഉപമകള്‍

സ്വര്‍ഗ്ഗരാജ്യം വയലില്‍ ഒളിഞ്ഞിരിക്കുന്ന ഒരു നിധിക്കു തുല്യം. അതു കണ്ടെത്തുന്നവന്‍ അതു മറച്ചുവയ്ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുകയും ചെയ്യുന്നു. വീണ്ടും, സ്വര്‍ഗ്ഗരാജ്യം നല്ല രത്നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം. അയാള്‍ വിലയേറിയ ഒരു രത്നം കണ്ടെത്തുമ്പോള്‍, പോയി തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നു. മത്തായി 13, 44-46

ദൈവരാജ്യത്തിന്‍റെ ഉപമകളാണ് ഇന്നത്തെ സുവിശേഷഭാഗത്ത് നാം ധ്യാനിക്കുന്നത്. നിധിയെപ്പറ്റി ചിന്തിക്കുമ്പോള്‍ ഓര്‍മ്മയില്‍ ഒളിഞ്ഞുകിടക്കുന്ന ഒരു സംഭവം തെളിഞ്ഞു വരുന്നു. കൊച്ചി പട്ടണത്തിന്‍റെ പ്രാന്തപ്രദേശത്ത്, വടക്കുഭാഗത്ത് കൂനമ്മാവു പ്രദേശത്ത്, ഒരിക്കല്‍ വീടുപണിയാനായി പഴയ തറവാടു പൊളിച്ച് മണ്ണു മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ വീട്ടുടമസ്ഥന് ഭൂമിക്കടിയില്‍നിന്നു ഒരു മണ്‍കലവും അതില്‍ നിറയെ സ്വര്‍ണ്ണനാണയങ്ങളും കിട്ടി. പണിക്കാരും വീട്ടുടമസ്ഥനും ചേര്‍ന്ന് അത് രഹസ്യമായി സൂക്ഷിച്ചു. അവര്‍ അത് പങ്കുവച്ചു. വീണുകിട്ടിയ ഭാഗ്യമായിരുന്നെങ്കിലും അതിന്‍റെ രഹസ്യം പാലിക്കാനും കള്ളന്മാരില്‍നിന്നും നിയമപാലകരില്‍നിന്നും അതു ഒളിച്ചുവയ്ക്കാനുള്ള പരിശ്രമവും അവരെ നിരന്തരമായി അലട്ടിക്കൊണ്ടിരുന്നു. കുറേ നാള്‍ രഹസ്യമായിത്തന്നെ സൂക്ഷിക്കുകയും, പുതിയ സ്വത്തിന്‍റെ സമ്പാദ്യത്തില്‍ അതിയായി സന്തോഷിക്കുകയും, ജീവിത സ്വപ്നങ്ങള്‍ മെനഞ്ഞെടുക്കുകയും ചെയ്തു.

എന്നാല്‍ ഒരു പ്രാഭാതത്തില്‍ നിധികിട്ടിയ മനുഷ്യന്‍റെ തറവാട്ടിലേയ്ക്ക് താഹസില്‍ദാറും പോലീസും പുരാവസ്തു വകുപ്പും കൂട്ടമായെത്തി. നിധിയുടെ എല്ലാ സങ്കല്‍പങ്ങളും സ്വപ്നങ്ങളും കാറ്റില്‍പറത്തിക്കൊണ്ട്, കിട്ടിയതൊക്കെ അധികാരികള്‍ തട്ടിക്കൊണ്ടു പോയി.

ലൗകികവും നശ്വരവുമായ നിധിയുടെ കാര്യമാണിത്. എന്നാല്‍ അലൗകികവും അനശ്വരവുമായ നിധിയെപ്പറ്റിയാണ് ക്രിസ്തു ഇന്നത്തെ സുവിശേഷത്തിലൂടെ മത്തായി 13, 44-46 നമ്മോടു സംസാരിക്കുന്നത്.
സ്വര്‍ഗ്ഗരാജ്യം വയലില്‍ മറഞ്ഞിരിക്കുന്ന നിധിയോടു സദൃശമാണ്, എന്നു ക്രിസ്തു പറഞ്ഞല്ലോ. യുദ്ധഭീതികൊണ്ടും ശത്രുക്കളുടെ ആക്രമണം ഭയന്നും നാടും വീടും വിട്ടുപോകുമ്പോള്‍ മോഷ്ടാക്കളെയും കവര്‍ച്ചക്കാരെയും ഭയപ്പെടുന്നവര്‍ പൊന്നും പണവും ഭദ്രമായി മണ്ണിനടിയില്‍ കുഴിച്ചുമൂടുന്നത് പണ്ട് പതിവുണ്ടായിരുന്നു. അവയാണ് പിന്‍തലമുറക്കാര്‍ നിലം ഉഴുകയോ, പറമ്പുകിളയ്ക്കുകയോ ചെയ്യുമ്പോഴും, പുതിയ വീടിനു വാനം കോരുകയോ അല്ലെങ്കില്‍ കിണറുകുഴിക്കുകയോ ചെയ്യുമ്പോള്‍ നിധിയായി കണ്ടെത്തുന്നത്. അപ്രകാരം യേശുവിന്‍റെ കാലത്ത് കണ്ടുകിട്ടിയ ഒരു നിധിയുടെ കഥയാണ് ഇന്നത്തെ ഉപമയുടെ വിഷയം. വയല്‍ സഭയും നിധി കണ്ടെത്തിയവന്‍ ക്രിസ്തുവിലൂടെ നിത്യജീവനിലേയ്ക്കു പ്രവേശിച്ച വ്യക്തിയുമാണ്.

തികച്ചും ദിവ്യവും നിഗൂഢവുമായൊരു നിത്യസത്യത്തിലേയ്ക്കു വിരല്‍ ചൂണ്ടുകയാണ് ഇന്നത്തെ സുവിശേഷം. അനുദിന ജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുത്ത ഈ ഉപമ അദൃശ്യവും അഭൗമികവുമായ ദൈവരാജ്യത്തെ ക്കുറിച്ചും അത് എത്തിപ്പിടിക്കാനുള്ള മാര്‍ഗ്ഗത്തെക്കുറിച്ചും പ്രതിപാദിക്കുന്നു. പ്രൃതിയിലെ നിസ്സാര സംഭവങ്ങളിലൂടെ നിത്യസത്യങ്ങള്‍ പഠിപ്പിക്കുകയാണ് ക്രിസ്തു. ഒരു നിധി അവിചാരിതമായും അന്വേഷിക്കാതെയുമാണ് കണ്ടുകിട്ടിയതെങ്കില്‍, വിലയേറിയ മുത്തിന്‍റെ കാര്യം തീര്‍ത്തും വ്യത്യസ്ഥമാണ്. വളരെയേറെ അന്വേഷണത്തിന്‍റെ ഫലമായിട്ടും വിലകൊടുത്തും മാത്രമേ അതു കണ്ടെത്താനും സ്വന്തമാക്കാനും സാധിക്കുകയുള്ളൂ. കണ്ടെത്തിയ നിധിയും വിലയേറിയ മുത്തും അനര്‍ഘമായവയാണെന്നും, അവ സ്വന്തമാക്കുവാന്‍ തദനുസൃതമായ ത്യാഗം സഹിക്കുവാനും വിലകൊടുക്കുവാനും സന്നദ്ധമായിരിക്കണം എന്നുമാണ് ഈ ഉപമകള്‍ നമ്മെ പഠിപ്പിക്കുന്നത്. നിത്യജീവന്‍ പ്രാപിക്കുവാന്‍ ഇചഛിക്കുന്നവന്‍ കല്പനകള്‍ അനുസരിച്ചാല്‍ മാത്രം പോരാ അതിനനുസരിച്ചുള്ള ത്യാഗവും പരിശീലിക്കണം. വിശുദ്ധിയില്‍ പൂര്‍ണ്ണനാകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തനിക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുവാനാണ് ധനികനായ യുവാവിനോട് ക്രിസ്തു ആവശ്യപ്പെട്ടത്. മത്തായി. 19, 16-22. അങ്ങനെ ത്യാഗം സഹിച്ചെങ്കില്‍ മാത്രമേ, സ്വര്‍ഗ്ഗരാജ്യത്തിനായി നിക്ഷേപം നേടുവാന്‍ സാധിക്കുകയുള്ളൂ.

നിധി കണടെത്തിയ ആ മനുഷ്യന്‍ തനിക്കുള്ളതെല്ലാം വിറ്റാണ് വയല്‍ വാങ്ങിയത്. മഗ്ദലനാ മറിയവും സക്കേവുസം പൗലോസും പ്രതീക്ഷിക്കാതിരുന്ന സമയത്തും വിധത്തിലുമാണ് ക്രിസ്തുവിനെയും അവിടുത്തെ സ്നേഹമാകുന്ന നിധിയെയും കണ്ടെത്തുന്നത്. യാദൃച്ഛികമായി നിധി കണ്ടെത്തിയ മനുഷ്യനെപ്പോലെ ആദ്ധ്യാത്മീക ജീവിതത്തിലും അന്വേഷണമോ ആലോചനയോ കൂടാതെ ചിലര്‍ക്ക് സുവിശേഷ വെളിച്ചം ലഭിക്കുകയും ആത്മീയ സന്തോഷാനുഭവത്തില്‍ വരികയും ചെയ്യുന്നുണ്ട്. ഉള്ളതെല്ലാം വിറ്റ് ‘നിധി മറഞ്ഞു കിടക്കുന്ന വയല്‍’ എങ്ങനെ സ്വന്തമാക്കാമെന്നാണ് വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.
ക്രിസ്തുവിനെപ്രതി എനിക്കു ലാഭമായിരുന്നതൊക്കെയും ഞാന്‍ നഷ്ടമായി കണക്കാക്കി. അവിടുത്തെപ്രതി ഞാന്‍ സകലതും ഉച്ഛിഷ്ടംപോലെ കരുതുകയാണ്. ഫിലിപ്പിയര്‍ 3, 7-8.

സ്വര്‍ഗ്ഗരാജ്യം ശ്രേഷ്ഠമായ മുത്ത് അന്വേഷിക്കുന്ന ഒരു വ്യാപാരിക്കു സദൃശമാണ്. പുരാതന കാലം മുതല്‍തന്നെ വ്യാപാരികള്‍ വിലയേറിയ മുത്തുകള്‍ തേടി ലോകം ചിറ്റാറുണ്ടായിരുന്നു. കുബേരന്മാര്‍ക്കും കോടീശ്വരന്മാര്‍ക്കും മാത്രമേ വിലയേറിയ മുത്തുകള്‍ കൈവശപ്പെടുത്തുവാന്‍ സാധിച്ചിരുന്നുള്ളൂ. അല്ലെങ്കില്‍ പഴയ രാജകുടുംബങ്ങള്‍ക്ക്. ബ്രിട്ടീഷ് രാജകുമാരന്‍ ചാള്‍സ് തന്‍റെ പത്നി ഡയാനാ രാജകുമാരിക്കു സമ്മാനിച്ച മുത്തിന് 80,000 പവനും, ഈ അടുത്തകാലത്ത് ചാള്‍സിന്‍റെ മകന്‍ വില്യം രാജകുമാരന്‍ പത്നി കെയ്റ്റിനു വിവാഹദിനത്തില്‍ സമ്മാനിച്ച പവിഴ മുത്തിന് ഒരു ലക്ഷം പവനുമായിരുന്നു വില, എന്നാണ് മാധ്യമങ്ങള്‍ വെളിപ്പെടുത്തിയത്. ഇതുപോലുള്ളവ സ്വന്തമാക്കുവാന്‍ നടത്തുന്ന കൊലപാതകങ്ങളും അധിക്രമങ്ങളും കവര്‍ച്ചകളുമെല്ലാം അനുദിനം നമുക്കു ചുറ്റും വര്‍ദ്ധിച്ചു വരികയാണ്. നശ്വരമായതിനെ ഉപേക്ഷിച്ച് അനശ്വരമായതില്‍ ദൃഷ്ടിപതിപ്പിക്കാനും തേടിപ്പിടിക്കുവാനും ക്രിസ്തു നമ്മെ ക്ഷണിക്കുന്നു, നമ്മെ ഉദ്ബോധിപ്പിക്കുന്നു.

ഒരിക്കല്‍ വനാശ്രമത്തിലെ മക്കള്‍ അവരുടെ പിതാവിനോടു പറഞ്ഞു,
“അച്ഛാ, ഞങ്ങള്‍ക്ക് ഇത്രയും പ്രായമായി. ഞങ്ങള്‍ വളര്‍ന്നു വലുതായില്ലേ. ഇനി ഞങ്ങള്‍ സ്വന്തമായി ജോലിചെയ്ത് സമ്പാദിക്കുവാന്‍ പുറപ്പെട്ടു പോവട്ടെ.”

അപ്പോള്‍ ആ പിതാവ് മക്കളോട് ഇങ്ങനെ പറഞ്ഞു,
“ഭൂമിയില്‍ നേടുന്നതും കൂട്ടിവയ്ക്കുന്നതുമായ നിക്ഷേപങ്ങള്‍ തീര്‍ന്നുപോകും, നഷ്ടപ്പെടും, എന്നാല്‍ നശിച്ചുപോകാത്ത ഒരു നിക്ഷേപമുണ്ട്. അതു നേടാനാണ് നിങ്ങള്‍ പരിശ്രമിക്കേണ്ടത്. അതു നേടുവാന്‍ സ്നേഹവും ഭക്തിയും സംയമനവും ശിക്ഷണവും സല്‍ക്കര്‍മ്മങ്ങളും ചെയ്യണം. ഭൂമിയിലെ നിക്ഷേപം മരണത്തോടെ നഷ്ടപ്പെടുമെങ്കില്‍‍ ഈ സാത്ത്വികധനം, ജീവിതനന്മയുടെ ധനം മരണാന്തരവും മനുഷ്യന്‍റെ കൂടെ ഉണ്ടായിരിക്കും.”

ഈ അനര്‍ഘനിധിയാണു ക്രിസ്തു ദൈവരാജ്യമെന്നും സ്വര്‍ഗ്ഗരാജ്യമെന്നും വിശേഷിപ്പിച്ചിരിക്കുന്നത്. സ്വര്‍ഗ്ഗരാജ്യം വിലയേറിയ ഒരു മുത്താണ്. വയലില്‍ കണ്ട നിധിയും ശ്രേഷ്ഠമായ മുത്തും ദൈവവചനമാകുന്ന മുത്തുച്ചിപ്പിയിലും സഭയാകുന്ന വയലില്‍ മറഞ്ഞിരിക്കുന്നത്, ക്രിസ്തുവാകുന്ന അനര്‍ഘനിധിയാണ്. മുത്ത് വാങ്ങുവാന്‍വേണ്ടി തനിക്കുള്ളതെല്ലാം വിറ്റ വ്യാപാരിയും ക്രിസ്തുതന്നെ. അവിടുന്ന് ദൈവരാജ്യത്തിന്‍റെ നിധി മനുഷ്യകുലത്തിനായി ആര്‍ജ്ജിക്കാന്‍വേണ്ടി നല്കിയ വില അമൂല്യവും അതുല്യവുമാണ്. നാശത്തില്‍ നിപതിച്ച മാനവവംശത്തെ ഉദ്ധരിക്കുവാന്‍ അവിടുന്ന് തന്നെത്തന്നെ വിലയായി നല്കി. സഭ ഇന്ന് ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നു. സഭയിലെ അംഗങ്ങളായ നാമെല്ലാവരും ജീവനുള്ള മുത്തും ജീവിക്കുന്ന രത്നക്കല്ലുകളുമാകുന്നു. ദൈവം ഓരോരുത്തരേയും തേടിവരുന്നുവെങ്കിലും ദൈവത്തെത്തേടി കണ്ടേത്തേണ്ടത് നമ്മുടെ ചുമതലയാണ്. രക്ഷ ദൈവത്തിന്‍റെ ദാനമാണ്.

തനിക്കുള്ളതെല്ലാം വിറ്റാണ് വ്യാപാരി ശ്രേഷ്ഠമായ മുത്ത് കൈവശപ്പെടുത്തിയത്. ദൈവരാജ്യത്തിന്‍റെ അനുപമമായ അനുഗ്രഹം നേടുന്നതിന് ഒരുവന്‍ തന്‍റെ ധനവും സുഖസൗകര്യങ്ങളും ബന്ധങ്ങളും ബന്ധനങ്ങളുമെല്ലാം ഉപേക്ഷിക്കേണ്ടതായി വരും. ഈ സ്വര്‍ഗ്ഗീയ മുത്ത് കൈവശമാക്കുവാന്‍ താന്‍ വളരെയേറെ അദ്ധ്വാനിക്കേണ്ടി വന്നുവെന്ന വിശുദ്ധ അഗസ്റ്റിന്‍ തന്‍റെ ആത്മകഥയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദൈവരാജ്യത്തിന്‍റെ നിധി സ്വായത്തമാക്കുവാന്‍
സമ്പൂര്‍ണ്ണമായ ജീവിതസമര്‍പ്പണം അത്യന്താപേക്ഷിതമാണ്. പരിപൂര്‍ണ്ണവും നിരന്തരവുമായ സ്വസമര്‍പ്പണത്തിലൂടെ ജീവിതത്തിന് ഏറ്റവും വലിയ വിലപേശല്‍ നടത്തേണ്ടി വരും. കാരണം സ്വയം ദാനത്തിലാണ് സന്തോഷം അടങ്ങിയിരിക്കുന്നത്. സഹനത്തില്‍ മറഞ്ഞിരിക്കുന്ന സന്തോഷവും സ്നേഹവും, സ്വയം ശൂന്യവത്ക്കരണത്തിന്‍റെ വേദനയില്‍ മറഞ്ഞിരിക്കുന്ന ദൈവരാജ്യത്തിന്‍റെ സന്തോഷവും മനുഷ്യജീവിതത്തിന്‍റെ അമൂല്യ നിധിയുമാണ്.
ദൈവമായ ക്രിസ്തു മനുഷ്യര്‍ക്കുവേണ്ടി നടത്തിയ ജീവാര്‍പ്പണമാണ് മനുഷ്യജീവിത സമര്‍പ്പണത്തിന് മാതൃക. ദൈവം മനുഷ്യകുലത്തിനുവേണ്ടി എന്തുചെയ്തുവെന്നാണ് ക്രിസ്തു കാണിച്ചുതരുന്നത്. നാം എന്തുചെയ്തെന്നോ, എന്തുചെയ്യണമെന്നോ അല്ല. ദാനമാണ് കടമയെക്കാള്‍ ശ്രേഷ്ഠമെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. നാം ദൈവത്തെ സ്നേഹിക്കുന്നു എന്നതിലല്ല, മറിച്ച് ദൈവം നമ്മെ സ്നേഹിക്കുന്നു എന്നതിലാണ് യഥാര്‍ത്ഥ സ്നേഹം അടങ്ങിയിരിക്കുന്നത്. 1യോഹ. 4, 10. സ്നേഹമാകുന്ന ദൈവത്തെ തേടാനും കണ്ടെത്താനും അനുദിന ജീവിതത്തില്‍ നമുക്കു സാധിക്കട്ടെ. End.








All the contents on this site are copyrighted ©.