2011-07-21 18:43:04

മാര്‍പാപ്പ
ജര്‍മ്മനി സന്ദര്‍ശിക്കുന്നു


21 ജൂലൈ 2011, വത്തിക്കാന്‍
പൗരോഹിത്യത്തിന്‍റെ വജ്ജ്ര ജൂബിലി വര്‍ഷത്തില്‍ മാര്‍പാപ്പാ ജന്മനാട്ടിലേയ്ക്ക് പര്യടനം നടത്തുന്നു. നാലു ദിവസം നീണ്ടു നില്ക്കുന്ന അപ്പസ്തോലിക സന്ദര്‍ശന പരിപാടിയുമായിട്ടാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ജര്‍മ്മനിയിലേയ്ക്ക് പോകുന്നത്. സെപ്തംബര്‍ 22-മുതല്‍ 25-വരെ തിയതികളിലാണ് മാര്‍പാപ്പയുടെ ജര്‍മ്മനിയിലേയ്ക്കുള്ള പര്യടനം. സ്ഥാനാരോഹണത്തിനുശേഷം ജന്മനാട്ടിലേയ്ക്കുള്ള തന്‍റെ മൂന്നാമത്തെ (2005, 2006, 2011) അപ്പസ്തോലിക യാത്രയും 23-ാമത്തെ അന്തര്‍ദേശിയ പര്യടനവുമാണിത്.

സെപ്തംബര്‍ 22-ാം തിയതി രാവിലെ വത്തിക്കാനില്‍നിന്നും പുറപ്പെടുന്ന മാര്‍പാപ്പ ജര്‍മ്മനിയിലെ ഏദ്സെല്‍സ്ബാഹ്, ഏര്‍ഫോര്‍ട്ട്,
ഫ്രെബൂര്‍ഗ് ഇം ബ്രെയ്സ്ഗാവു, ടെയ്ഗേല്‍, ബൂണ്‍ഡെസ്റ്റാഗ് എന്നീ പട്ടണങ്ങളിലുള്ള വിവിധ പരിപാടികളില്‍ പങ്കെടുത്ത് സെപ്തംബര്‍ 25-ാം തിയതി വൈകുന്നേരം വത്തിക്കാനിലേയ്ക്ക് മടങ്ങും.
“ദൈവം എവിടെയുണ്ടോ, അവിടെ ഭാവിയുമുണ്ട്” എന്നതാണ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്‍റെ ആപ്തവാക്യം.

സെപ്തംബര്‍ 22 വ്യാഴം
സെപ്തംബര്‍ 22-ാം തിയതി രാവിലെ ജര്‍മ്മനിയിലെ ബര്‍ളിന്‍ പട്ടണത്തിലെ
ടെയ്ഗേല്‍ വിമാനത്താവളത്തിലിറങ്ങുന്ന മാര്‍പാപ്പ സ്വീകരണച്ചടങ്ങുകള്‍ക്കു ശേഷം പ്രസിഡന്‍റിന്‍റെ ഔദ്യാഗിക വസതിയായ ബെല്ലെവൂ ക്യാസിലില്‍ നടത്തപ്പെടുന്ന പ്രത്യേക സ്വീകരിണച്ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ജര്‍മ്മന്‍ പ്രസിഡന്‍റ് ക്രിസ്റ്റൃന്‍ വൂള്‍ഫുമായി കൂടിക്കാഴ്ച നടത്തും. പട്ടണത്തിലുള്ള ദേശിയ മെത്രാന്‍ സമിതിയുടെ ബര്‍ളിനിലുള്ള ഓഫിസ് സന്ദര്‍ശിക്കുന്ന മാര്‍പാപ്പയെ അവിടെവച്ച് ജര്‍മ്മനിയുടെ ചാന്‍സെലര്‍, ആഞ്ചെലാ മെര്‍ക്കേല്‍ അഭിസംബോധനചെയ്യും. ബര്‍ളിനില്‍ത്തന്നെയുള്ള പ്രശസ്തമായ കാത്തലിക്ക് അക്കാഡമിയില്‍ ഉച്ചഭക്ഷണം കഴിക്കുന്ന മാര്‍പാപ്പ അവിടെ വിശ്രമിക്കും.
ഉച്ചതിരിഞ്ഞ് 4 മണിക്ക് ബൂണ്‍ഡെസ്സ്റ്റാഗില്‍വച്ച് ജര്‍മ്മന്‍ പാര്‍ലിമെന്‍ററി അംഗങ്ങളെ അഭിസംബോധന ചെയ്യുന്ന മാര്‍പാപ്പ, വൈകുന്നേരം 6.30-ന് 1936-ല്‍ ഹിറ്റ്ലര്‍ നിര്‍മ്മിച്ച ബര്‍ളിന്‍ ഒളിംപിക് സ്റ്റേഡിയത്തില്‍ ജനങ്ങളോടൊപ്പം ദിവ്യബലിയര്‍പ്പിക്കും. ദിവ്യബലിമദ്ധ്യേ മാര്‍പാപ്പ വചനപ്രഘോഷണവും നടത്തും.
അന്ന് രാത്രി ബര്‍ളിലുള്ള വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍ മാര്‍പാപ്പ വിശ്രമിക്കും.

സെപ്തംബര്‍ 23 വെള്ളി
വെള്ളിയാഴ്ച രാവിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ കപ്പേളയില്‍ സ്വകാര്യ ദിവ്യബലിയര്‍പ്പിക്കും. ഇസ്ലാമിക സമുദായ പ്രതിനിധികളുമായി 9 മണിക്കുള്ള കൂടിക്കാഴ്ചയാണ് വെള്ളിയാഴ്ചത്തെ ആദ്യ പരിപാടി. തുടര്‍ന്ന് മാര്‍പാപ്പ റോഡുമാര്‍ഗ്ഗം ഏര്‍ഫോര്‍ട്ടിലുള്ള പരിശുദ്ധ കന്യകാ നാഥയുടെ ദേവാലയം സന്ദര്‍ശിക്കും. ജര്‍മ്മന്‍ എവാഞ്ചെലിക്കല്‍ സഭാ പ്രതിനിധികളുമായി അവിടെത്തന്നെയുള്ള വിശുദ്ധ അഗസ്റ്റിന്‍റെ ആശ്രമത്തില്‍വച്ച് കൂടിക്കാഴ്ച നടത്തുന്ന മാര്‍പാപ്പ, തുടര്‍ന്നുള്ള ക്രൈസ്തവൈക്യ പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്ത് പ്രഭാഷണം നടത്തും. ആശ്രമത്തിലെ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുംശേഷം പാപ്പ ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം വൈകുന്നേരം 5.45-ന് വാള്‍ഫാര്‍ട്സ്- കപ്പേല്ലെയില്‍ നടത്തപ്പെടുന്ന മേരിയന്‍ സായാഹ്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തശേഷം ഏര്‍ഫോര്‍ട്ടിലേയ്ക്കു മടങ്ങും.

സെപ്തംമ്പര്‍ 24 ശനി
രാവിലെ 10 മണിക്ക് ഏര്‍ഫോര്‍ട്ടിലെ ഡോംപ്ലാസ് ചത്വരത്തിലെ സമൂഹബലിയര്‍പ്പണത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന മാര്‍പാപ്പ വചനപ്രഘോഷണവും നടത്തും. ഫ്രെബൂര്‍ഗ് ഇം ബ്രെയ്ഗാവിലേയ്ക്കു റോഡുമാര്‍ഗ്ഗം സഞ്ചരിക്കുന്ന മാര്‍പാപ്പ അവിടത്തെ കത്തീഡ്രല്‍ ദേവാലയം സന്ദര്‍ശിച്ചശേഷം മൂണ്‍സ്റ്റര്‍പ്ലാസായില്‍ സമ്മേളിക്കുന്ന ജനങ്ങളെയും അഭിസംബോധനചെയ്യും.
ഉച്ചതിരിഞ്ഞ് ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്ന മാര്‍പാപ്പ, ജെര്‍മ്മനിയുടെ മുന്‍ചാന്‍സലര്‍ ഹെല്‍മട്ട് കോളുമായും സ്വാകാര്യകൂടിക്കാഴ്ച നടത്തും. സെമിനാരി വിദ്യാര്‍ത്ഥികളെ അവിടെ അഭിസംബോധനചെയ്യുന്ന മാര്‍പാപ്പ, കത്തോലിക്കാ അല്‍മായ സംഘടനകളുടെ പ്രതിനിധികളെയും സെമിനാരില്‍വച്ച് കൂടിക്കാഴ്ചയില്‍ സ്വീകരിക്കും. വൈകുന്നേരം 7 മണിക്ക് ഫ്രെബൂര്‍ഗില്‍ നടത്തപ്പെടുന്ന യുവാക്കള്‍ക്കൊപ്പമുള്ള ജാഗരപ്രാര്‍ത്ഥനയായിരിക്കും അന്നത്തെ മുഖ്യഇനം.

സെപ്തംമ്പര്‍ 25, ഞായറാഴ്ച
രാവിലെ 9.30 ഫ്രൈബുര്‍ഗ് എയര്‍പ്പാര്‍ട്ട് മൈതാനിയില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലിര്‍പ്പിക്കപ്പെടും, തുടര്‍ന്ന് വിശ്വാസികള്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥനയും തുടര്‍ന്നുള്ള പ്രഭാഷണവും നടത്തുന്ന മാര്‍പപ്പ, ത്രികാല പ്രാര്‍ത്ഥനയ്ക്കുശേഷം പതിവുള്ള അപ്പസ്തോലിക ആശിര്‍വ്വാദവും നല്കും.

ജര്‍മ്മനിയിലെ ദേശിയ മെത്രാന്‍ സമിതിയോടൊപ്പം ഉച്ചഭക്ഷണം കഴിച്ച് വിശ്രമിക്കുന്ന മാര്‍പാപ്പ, 4 മണിക്ക് ജര്‍മ്മനിയിലെ ഭരണഘടനാ കോടതിയിലെ അംഗങ്ങളുമായും, സമൂഹത്തില്‍ സജീവ സാമൂഹ്യ സേവനത്തില്‍ വ്യപൃതരായിരിക്കുന്ന അല്മായ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. ലാഹ്ര് എയര്‍പ്പോര്‍ട്ടില്‍ നടത്തപ്പെടുന്ന ഔദ്യോഗിക യാത്രയയപ്പിനു ശേഷം മാര്‍പാപ്പ വിമാനമാര്‍ഗ്ഗം റോമിലേയ്ക്ക് മടങ്ങും. രാത്രി 9 മണിയോടെ പാപ്പ വത്തിക്കാനിലെത്തും.

ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ഇറ്റലിക്കു പറത്തേയ്ക്കുള്ള 23-ാമത്തെ അപ്പസ്തോലിക തീര്‍ത്ഥാനമാണിത്








All the contents on this site are copyrighted ©.