2011-07-14 19:28:54

ചൈനയില്‍ വീണ്ടും
സര്‍ക്കാരിന്‍റെ അഭിഷേചനം


14 ജൂലൈ 2011, വത്തിക്കാന്‍
ചൈനയിലെ സഭ ‘കാതോലീക’മാകണമെങ്കില്‍ മാതൃസഭയുടെ പ്രബോധനങ്ങളോടും അച്ചടക്കത്തോടും ചേര്‍ന്നുനില്ക്കണമെന്ന്
ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി പ്രസ്താവിച്ചു. ചൈനയിലെ സര്‍ക്കാര്‍ നിയന്ത്രിത സഭ, ജൂലൈ 14-ാം തിയതി വ്യാഴാഴ്ച മാര്‍പാപ്പയുടെ അംഗീകാരമില്ലാതെ വീണ്ടും മെത്രാനെ വാഴിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ഫാദര്‍ ലൊമ്പാര്‍ഡി.
ചൈനയില്‍ നടക്കുന്ന ഈ ക്രമകേടിനെ ആഗോളസഭ ഏറെ ദുഃഖത്തോടും ആകാംക്ഷയോടുംകൂടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈനയിലെ ഷിന്‍റോ പട്ടണത്തില്‍ സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ നടന്ന മെത്രാഭിഷേകത്തില്‍ വത്തിക്കാനുമായി ഐക്യത്തിലുള്ള ഏതാനും മെത്രാന്മാരെയും നിര്‍ബ്ബന്ധിച്ച് പങ്കെടുപ്പിച്ച സംഭവത്തെ ഫാദര്‍ ലൊമ്പാര്‍ഡി അപലപിച്ചു. ജൂണ്‍ 29-നു നടത്തിയ വിവാദപരമായ മെത്രാഭിഷേകത്തെ മാര്‍പാപ്പ അപലപിക്കുകയും ഭ്രഷ്ടുകല്പിക്കുകയും ചെയ്തതിന്‍റെ ഓര്‍മ്മകള്‍ മനസ്സില്‍ മായുന്നതിനു മുമ്പെയാണ് മറ്റൊരു ധിക്കാരപരമായ പ്രവര്‍ത്തിയെന്നും ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി.
മുറിപ്പെട്ട ചൈനയിലെ സഭാകൂട്ടായ്മയ്ക്ക് ഇത് മറ്റൊറു മുറിവാണെന്നും ഫാദര്‍ ലൊമ്പാര്‍ഡി കൂട്ടിച്ചേര്‍ത്തു. കത്തോലിക്കാ സഭാ നേതൃത്വവും മാര്‍പാപ്പയുടെ പരമാധികരാവും അംഗീകരിക്കാത്തവര്‍ - അഭിഷിക്തനായ മെത്രാനും അഭിഷേചനം നടത്തിയ മെത്രാനും - സ്വയമേ സഭാനിയമപ്രകാരമുള്ള ശിക്ഷയും ഭ്രഷ്ടും ഏറ്റുവാങ്ങുകയാണെന്ന്, സഭാ നിയമം 1382 ഉദ്ധരിച്ചുകൊണ്ട് ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.








All the contents on this site are copyrighted ©.