2011-07-11 18:13:26

അസ്സീസിയിലെ
നവാഗതര്‍


11 ജൂലൈ 2011, റോം
ദൈവത്തെക്കുറിച്ച് അടിസ്ഥാനപരമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ സത്യാന്വേഷകരാകാമെന്ന്, കര്‍ദ്ദിനാള്‍ ജിയാന്‍ ഫ്രാങ്കോ റവാസ്സി, സാംസ്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് പ്രസ്താവിച്ചു. 2011 ഒക്ടോബര്‍ 27-ന് അസ്സിസിയല്‍ ചേരുന്ന ആഗോള മതനേതാക്കളുടെ സമ്മേളനത്തില്‍ നിരീശ്വരവാദി സംഘവും ഇത്തവണ പങ്കെടുക്കുന്നതിനെക്കുറിച്ച് വിശദീകരിച്ചിറക്കിയ പ്രസ്താവനയിലാണ് കര്‍ദ്ദിനാള്‍ റവാസ്സി ഇപ്രകാരം പ്രസ്താവിച്ചത്.
ശാസ്ത്രത്തിന്‍റെയും സംസ്കാരത്തിന്‍റെയും തത്വശാസ്ത്രത്തിന്‍റെയും മേഖലയില്‍നിന്നും അസ്സീസിയില്‍ എത്തിച്ചേരുന്ന നിരീശ്വരവാദികള്‍, ശാശ്വതമായ സമാധാനത്തിന്‍റെയും നീതിയുടെയും പാതിയില്‍ ശുഷ്കാന്തിയുള്ള ഈശ്വരാന്വേഷകരാണെന്ന് കര്‍ദ്ദിനാള്‍ റവാസ്സി വിവരിച്ചു.
ക്ലിപ്തമായ മതാത്മക ചിന്തകളില്ലാത്ത ഇവര്‍ ലോകത്തുള്ള വ്യത്യസ്തവും വൈവിദ്ധ്യവുമാര്‍ന്ന നീരീശ്വര സമൂഹത്തില്‍പ്പെട്ട സ്ത്രീ പുരുഷന്മാരുടെ പ്രതിനിധികളാണെന്നും കര്‍ദ്ദിനാല്‍ പ്രസ്താവനയില്‍ വെളിപ്പെടുത്തി.
മതാന്തര സംവാദങ്ങള്‍ക്കുമപ്പുറം വിവിധ കാരണങ്ങളാല്‍
മതം അന്യവത്കൃമായിരിക്കുന്ന മനുഷ്യര്‍ക്കുവേണ്ടിയും സംവാദത്തിന്‍റെ നൂതന പാത തുറക്കേണ്ടതാണെന്ന് കര്‍ദ്ദിനാള്‍ റവാസ്സി തന്‍റെ പ്രസ്താവനയില്‍ സമര്‍ത്ഥിച്ചു. നിരീശ്വരവാദികളായവര്‍ക്കും ദൈവിക സ്പര്‍ശം ലഭിക്കത്തക്ക വിധം, ജെറൂസലേം ദേവാലയത്തിലുണ്ടായിരുന്നതുപോലുള്ള ‘വീജാതീയരുടെ അങ്കണം’ ലോകത്തിന്‍റെ വിവിധ പട്ടണങ്ങളില്‍ തുറക്കേണ്ടതാണെന്നും കര്‍ദ്ദിനാല്‍ റാവാത്സി പ്രസ്താവിച്ചു. ഒക്ടോബര്‍ 27-ന് അസ്സിസ്സിയില്‍ അരങ്ങേറുന്ന വിവധ മതനേതാക്കളുടെ ആഗോള സമ്മേളനത്തില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പങ്കെടുക്കും.








All the contents on this site are copyrighted ©.