2011-07-07 17:29:32

പ്രദര്‍ശനം പാപ്പായുടെ
സ്മരണയ്ക്കു മുന്നിലെ സ്നേഹോപഹാരം


07 ജൂലൈ 2011, വത്തിക്കാന്‍
വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സ്മരണയ്ക്കു മുന്നിലര്‍പ്പിക്കുന്ന സ്നേഹോപഹാരമാണ് പാപ്പായെക്കുറിച്ചുള്ള പ്രദര്‍ശനമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വത്തിക്കാനില്‍ പ്രസ്താവിച്ചു.
മഹാനായ ജോണ്‍ പോള്‍ രണ്ടാമനെക്കുറിച്ച് വത്തിക്കാനിലാരംഭിച്ച പ്രദര്‍ശനശാല ജൂലൈ 6-ാം തിയതി സന്ദര്‍ശിക്കവെയാണ്
മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. പ്രശസ്തമായ ബര്‍ണ്ണീനി സ്തംഭാവലിയോടു ചേര്‍ന്നുള്ള ചാള്‍സ് മാഞ്ഞെ ശാലയില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനമാണ് ബുധനാഴ്ച രാവിലെ മാര്‍പാപ്പ സന്ദര്‍ശിച്ചത്. 15 ഭാഗങ്ങളുള്ള പ്രദര്‍ശനത്തില്‍ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ആദ്യകാല ജീവിതം, പൗരോഹിത്യം, 27 വര്‍ഷക്കാലം നീണ്ട സഭാനേതൃത്വത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ എന്നിവ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നത്, വത്തിക്കാന്‍ ഗവര്‍ണറേറ്റിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ജൊവാന്നി ലൊയോളയോടും രണ്ട് പ്രത്യേക സഹായികളോടും ചേര്‍ന്ന് മാര്‍പാപ്പ സന്ദര്‍ശിച്ചു.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഹിമപാദുകങ്ങള്‍, സൈക്കിള്‍, ഖനിയില്‍ ജോലി ചെയ്തപ്പോള്‍ ഉപയോഗിച്ച തൊപ്പിയും വസ്ത്രങ്ങളും, പോളണ്ടിലെ വോഡോവിത്സായിലെ ജന്മഗൃഹത്തില്‍നിന്നുമുള്ള അപൂര്‍വ്വശേഖരങ്ങള്‍, വൈദികനായിരുന്നപ്പോള്‍ ഉപയോഗിച്ച
കറുത്ത കുപ്പായം, ക്രാക്കോയിലെ മെത്രാന്‍ കാരോള്‍ വോയ്ത്തീവായുടെ സ്ഥാനിക വസ്ത്രങ്ങള്‍, വോയിത്തീവാ കര്‍ദ്ദിനാളായപ്പോളണിഞ്ഞ ചുവന്ന മേലങ്കി എന്നിവയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു.
പുണ്യശ്ലോകനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ചടങ്ങിനെ തുടര്‍ന്ന് പോളണ്ടിലെ സര്‍ക്കാരും വത്തിക്കാനിലേയ്ക്കുള്ള പോളണ്ടിന്‍റെ സ്ഥാനപതിയുടെ ഓഫീസും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്നതാണ് ഈ പ്രദര്‍ശനം.
ഏപ്രില്‍ 28-ാം തിയതി ഉദ്ഘാടനചെയ്യപ്പെട്ട പ്രദര്‍ശനം ജൂലൈ 24-ാം തിയതിവരെ തുടരും.








All the contents on this site are copyrighted ©.