2011-07-06 20:09:30

മാതൃസഭയോട്
രമ്യതയില്ലാത്തവരെന്ന്
- ഫാദര്‍ ലൊമ്പാര്‍ഡി


06 ജൂലൈ 2011, വത്തിക്കാന്‍
വിശുദ്ധ പത്താം പിയൂസിന്‍റെ നാമത്തിലൂള്ള സന്യാസസഭയില്‍ നടത്തിയ
20 പുതിയ വൈദികരുടെ പൗരോഹിത്യദാനം അസാധുവെന്ന്
ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി, വത്തിക്കാന്‍റെ വക്താവ് മാധ്യമങ്ങളോട് പങ്കുവച്ചു. 1988-മുതല്‍ പ്രബോധനപരമായ കാര്യങ്ങളില്‍ സഭയുമായി ഭിന്നിച്ചുനില്ക്കുന്ന വിശുദ്ധ പത്താം പിയൂസ് പാപ്പായുടെ പേരിലുള്ള വളരെ പരമ്പരാഗത നിഷ്ക്കര്‍ഷയുള്ള സഭയാണ് പുതുതായി 20 വൈദികരെ അഭിഷേചിച്ചത്. അമേരിക്ക, സ്വിറ്റ്സര്‍ലണ്ട്, ജര്‍മ്മനി എന്നീ രാജ്യങ്ങളിലായിട്ടാണ് ജൂണ്‍ 17-ാം തിയതി വൈദികപട്ടങ്ങള്‍ നല്കപ്പെട്ടതെന്നും ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു. പൗരോഹിത്യദാന കര്‍മ്മത്തിന് നേതൃത്വം നല്കിയ സന്യാസ സഭയുടെ ഇപ്പോഴത്തെ പ്രിയോര്‍ ജനറള്‍, ബിഷപ്പ് ബര്‍ണാഡ് ഫേളി ദിവ്യബലിമദ്ധ്യേ കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനങ്ങളെയും തങ്ങളുടെ സഭയോടുള്ള വത്തിക്കാന്‍റെ നിലപാടിനെയും പരസ്യമായി വിമര്‍ശിച്ചതും അപലപനീയമാണെന്ന് ഫാദര്‍ ലൊമ്പ‍ാര്‍ഡി റോമില്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
പ്രബോധനപരമായ കാര്യങ്ങളില്‍ മാതൃസഭയോട് രമ്യതയില്ലാതെ
ഒരു സഭയ്ക്കും കനോന നിയമപ്രകാരമുള്ള അന്തസ്സും അസ്തിത്ത്വവും കത്തോലിക്കാ സഭയില്‍ ഉണ്ടാവുകയില്ലെന്നും, അങ്ങനെയുള്ള സഭകളുടെ കൗദാശികവും വിശ്വാസപരവുമായ പ്രവര്‍ത്തനങ്ങള്‍ അസാധുവാക്കപ്പെടാമെന്നും പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി വെളിപ്പെടുത്തി.









All the contents on this site are copyrighted ©.