2011-07-06 20:02:07

അസ്സീസി വീണ്ടും ഒരുങ്ങുന്നു
മതങ്ങളുടെ പ്രാര്‍ത്ഥനാ സമ്മേളനം


06 ജൂലൈ 2011, റോം
നീതിയുടെയും സമാധാനത്തിന്‍റെയും പാതയിലെ നാഴിക്കല്ലായിരിക്കും അസ്സീസിയില്‍ അരങ്ങേറുന്ന മതങ്ങളുടെ പ്രാര്‍ത്ഥനാ സമ്മേളനമെന്ന്,
കര്‍ദ്ദിനാള്‍ വില്യം ലെവാദാ, വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് റോമില്‍ പ്രസ്താവിച്ചു. 2011 ഒക്ടോബര്‍ 27-ാം തിയതി ഇറ്റലിയിലെ അസ്സീസിയില്‍ നടക്കുവാന്‍ പോകുന്നതും ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പങ്കെടുക്കുന്നതുമായ ലോക മതങ്ങളുടെ പ്രാര്‍ത്ഥനാ സമ്മേളനത്തെക്കുറിച്ച്
ജൂലൈ 5-ാം തിയതി ചൊവ്വാഴ്ച റോമില്‍ ഇറക്കിയ വിചിന്തനത്തിലാണ് കര്‍ദ്ദിനാള്‍ ലെവാദാ ഇപ്രകാരം പ്രസ്താവിച്ചത്. നിരീശ്വരത്വവും അജ്ഞേയവാദവും വളരുന്ന ലോകത്ത് ശാശ്വതമായ സമാധാനവും നീതിയും വളരാന്‍ മതങ്ങളുടെ കൂട്ടായ്മയും പ്രാര്‍ത്ഥനയും അനിവാര്യമാണെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. ഇതര മതങ്ങളില്‍ സത്യത്തിന്‍റെയും നന്മയുടെയും ഘടകങ്ങള്‍ ഉണ്ടെന്നും, ക്രിസ്തുവിലൂടെ പിതാവില്‍നിന്നും ലോകത്തിനു ലഭിച്ച രക്ഷയുടെ അടയാളമാണ് സഭയെന്നും, സഭയുടെ ദൗത്യമാണ് വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ സമാധാനത്തിന്‍റെ പാതയിലൂടെ ലോകത്തെ സത്യത്തിലേയ്ക്ക് നയിക്കുകയെന്നും കര്‍ദ്ദിനാള്‍ തന്‍റെ വിചിന്തനത്തില്‍ വ്യക്തമാക്കി. വിവിധ മതങ്ങളുടെ സംഗമം വിശ്വാസികളുടെ ഇടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന്, വിശുദ്ധ പത്താം പിയൂസിന്‍റെ സന്യാസ സഭയുടെ പ്രിയോര്‍ ജനറല്‍, ബിഷപ്പ് ബര്‍ണാഡ് ഫേളിയുടെ വിമര്‍ശനത്തോട് പ്രതികരിച്ചുകൊണ്ടാണ് കര്‍ദ്ദിനാല്‍ ലെവാദാ തന്‍റെ വിചിന്തനം റോമില്‍ പ്രസിദ്ധീകരിച്ചത്.








All the contents on this site are copyrighted ©.