2011-07-04 14:46:42

കലാകാരന്‍മാര്‍ സത്യാന്വേഷകരും ഉപവിയുടെ സാക്ഷികളുമാകണമെന്ന് മാര്‍പാപ്പ


04 ജൂലൈ‍ 2011, വത്തിക്കാന്‍

കലാകാരന്‍മാര്‍ സത്യാന്വേഷകരും ഉപവിയുടെ സാക്ഷികളുമാകണമെന്ന് മാര്‍പാപ്പ ഉത്ബോധിപ്പിക്കുന്നു. മാര്‍പാപ്പയുടെ അറുപതാം പൗരോഹിത്യവാര്‍ഷികത്തോടനുബന്ധിച്ച് സാംസ്ക്കാരീക കാര്യങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ അറുപതു കലാകാരന്‍മാര്‍ തയ്യാറാക്കിയ ദൃശ്യ, ശ്രാവ്യ, ത്രിമാന കലാ പ്രദര്‍ശനം വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു പാപ്പ. തന്‍റെ അറുപതാം പൗരോഹിത്യ വാര്‍ഷികത്തോടനുബന്ധിച്ച് ഈ പ്രദര്‍ശനം ഒരുക്കിയ സാംസ്ക്കാരീക കാര്യങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിനും പ്രദര്‍ശനം തയ്യാറാക്കിയ കലാകാരന്‍മാര്‍ക്കും പ്രത്യേകം നന്ദി പറഞ്ഞ മാര്‍പാപ്പ പ്രദര്‍ശനത്തിന്‍റെ ശീര്‍ഷകമായ സത്യത്തിന്‍റെ പ്രഭ ഉപവിയുടെ മനോഹാരിത എന്ന വാക്യത്തിന്‍റെ അര്‍ത്ഥതലങ്ങളെക്കുറിച്ചും പരാമര്‍ശിച്ചു. ക്രിസ്തുവിനോട് നാം എത്രമാത്രം സമീപസ്ഥരായിരിക്കുന്നു എന്നതനുസരിച്ചാണ് നമ്മുടെ ജീവിതത്തില്‍ സത്യവും ഉപവിയും വേരൂന്നത് എന്ന് വിശദീകരിച്ച മാര്‍പാപ്പ സത്യത്തിന്‍റെയും ഉപവിയുടേയും സമ്പൂര്‍ണ്ണ സമന്വയത്തില്‍ നിന്നാണ് മനുഷ്യ ഹൃദയങ്ങളെ ആനന്ദിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന മനോഹാരിത ഉടലെടുക്കുന്നതെന്നും പറഞ്ഞു. കലാകാരന്‍മാര്‍ അവരുടെ കലാ വൈഭവം സത്യത്തിലും ഉപവിയില്‍ നിന്നും വ്യതിചലിപ്പിക്കരുതെന്നും അവരുടെ പ്രതിഭയും ക്രിയാത്മകതയും കൊണ്ട് ധൈര്യപൂര്‍വ്വം സത്യാന്വേഷകരും ഉപവിയുടെ സാക്ഷികളുമായിത്തീരണമവരെന്നും പാപ്പ ഉത്ബോധിപ്പിച്ചു. ഉത്ഘാടന കര്‍മ്മത്തെതുടര്‍ന്ന് ഒരോ കലാരൂപവും സാവകാശം നടന്നുകണ്ട മാര്‍പാപ്പ കലാകാരന്‍മാരെയും വ്യക്തിപരമായി അഭിവാദ്യം ചെയ്തു.








All the contents on this site are copyrighted ©.