2011-06-29 18:15:18

പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളില്‍
പാപ്പായുടെ പൗരോഹിത്യ ജൂബിലിയും


29 ജൂണ്‍ 2011, വത്തിക്കാന്‍
പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളില്‍ മാര്‍പാപ്പയുടെ പൗരോഹിത്യത്തന്‍റെ 60-ാം വാര്‍ഷികവും വത്തിക്കാനില്‍ ആഘോഷിച്ചു
ജൂണ്‍ 29-ാം തിയതി ബുധനാഴ്ച രാവിലെ, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ദിവ്യബലിയര്‍പ്പിച്ചുകൊണ്ട് പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ മഹോത്സവം കൊണ്ടാടിയപ്പോള്‍ അത് തന്‍റെ പൗരോഹിത്യത്തിന്‍റെ 60-ാം വാര്‍ഷികം കൂടിയായിരുന്നു. 1951- ജൂണ്‍ 29-ന് ജെര്‍മ്മനിയിലെ ഫ്രെയ്സിങ്ങില്‍വച്ചാണ് ജോസഫ് റാത്സിംഗര്‍ പൗരോഹിത്യം സ്വീകരിച്ചത്. “ഞാന്‍ നിങ്ങളെ സേവകരെന്നല്ല വിളിക്കുന്നത്, സ്നേഹിതരെന്നാണ്.”യോഹ. 15, 15.
തന്‍റെ പരോഹിത്യ സ്വീകരണദിനത്തില്‍‍ കര്‍ദ്ദിനാള്‍ ഫൂള്‍ബര്‍ ഉദ്ധരിച്ച
വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തിലെ ക്രിസ്തുവിന്‍റെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ടാണ് മാര്‍പാപ്പ ദിവ്യബലിമദ്ധ്യേയുള്ള തന്‍റെ വചനംപ്രഘോഷണം ആരംഭിച്ചത്. ‘ക്രിസ്തുവിന്‍റ സ്നേഹിതന്‍’ എന്ന ചിന്തയില്‍ പൗരോഹിത്യ സമര്‍പ്പണത്തിന്‍റെയും അജപാലന ശുശ്രൂഷാ ജീവിതത്തിന്‍റെയും എല്ലാ വശങ്ങളും അടങ്ങിയിരിക്കുന്നുവെന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. ക്രിസ്തുവാകുന്ന തായ്ച്ചെടിയോട് ഒട്ടിനിന്ന് ഫലമണിയുവാനും ആ ഫലങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനുമുള്ള ആഹ്വാനമാണ് പൗരോഹിത്യമെന്നും മാര്‍പാപ്പ പ്രസ്താവിച്ചു. ക്രിസ്തുവുമായുള്ള സുഹൃദ്ബന്ധത്തിനും കൂട്ടായ്മയ്ക്കും ദൈവത്തിനു നന്ദിപറഞ്ഞ മാര്‍പാപ്പ, അറുപതുവര്‍ഷക്കാലം തന്‍റെ പൗരോഹിത്യ സമര്‍പ്പണത്തിന്‍റെ പാതയില്‍ സഹായികളും സഹയാത്രികരുമായിരുന്ന ഏവര്‍ക്കും നന്ദിപറഞ്ഞുകൊണ്ടാണ് വചനപ്രഘോഷണം ഉപസംഹരിച്ചത്.
ദിവ്യബലിമദ്ധ്യേ മാര്‍പാപ്പ ‘പാലിയം’ സ്ഥാനിയ ഉത്തരീയം നല്കിയ 40 പുതിയ മെത്രാപ്പോലീത്താമാരില്‍ ഭാരതത്തിലെ ഹൈദ്രാബാദ് അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ബാലാ തുമ്മയും ഉണ്ടായിരുന്നു.








All the contents on this site are copyrighted ©.