2011-06-29 18:31:30

ആണവോര്‍ജ്ജോപയോഗം
നിയമനടപടി വേണമെന്ന്
വത്തിക്കാന്‍


29 ജൂണ്‍ 2011, ജനീവ
ആണവകേന്ദ്രങ്ങളെയും ഉപകരണങ്ങളെയും നിയന്ത്രിക്കുന്ന
സാങ്കേതിക നിയമ നിര്‍മ്മാണം എത്രയും വേഗം നടപ്പിലാക്കണമെന്ന്,
പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി ജനീവയില്‍ അഭ്യര്‍ത്ഥിച്ചു.
ജൂണ്‍ 21-ാം തിയതി ജനീവയില്‍ സമ്മേളിച്ച അന്തര്‍ദേശിയ ആണവോര്‍ജ്ജ സമിതിയുടെ യോഗത്തിലാണ് വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംമ്പേര്‍ത്തി ഒരു സന്ദേശത്തിലൂടെ ഇപ്രകാരം അഭ്യര്‍ത്ഥിച്ചത്. ഊര്‍ജ്ജോല്പാദനത്തിന്‍റെ ആവശ്യം ലോകത്ത് അനുദിനം വര്‍ദ്ധിച്ചു വരികയാണെങ്കിലും ആണവോര്‍ജ്ജോല്പാദനത്തെക്കുറിച്ചും അതിന്‍റെ സുരക്ഷയെക്കുറിച്ചും ഗൗരവകരമായ ചര്‍ച്ചയും പഠനവും നടത്തേണ്ടതാണെന്ന് വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തോടഭ്യര്‍ത്ഥിച്ചു. ജപ്പാനിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് ഇന്നും ഭീതിജനകമായി നില്ക്കുന്ന ഫുക്കൂഷിമാ അണവനിലയം ഒരാഗോള പ്രശ്നംതന്നെയാണെന്ന് അന്തര്‍ദേശിയ ആണവോര്‍ജ്ജ സമിതി-യുടെ സ്ഥാപക അംഗങ്ങളില്‍ ഒന്നായ വത്തിക്കാനുവേണ്ടി ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി ചൂണ്ടിക്കാട്ടി.
ആണവോര്‍ജ്ജത്തിന്‍റെ ഭാവി നിലനില്പ്, അധികവും അതിന്‍റെ സുരക്ഷാ മാനദണ്ഡങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും, എന്നാല്‍ അതിന്‍റെ അവഗണന രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന വന്‍ ദുരന്തങ്ങളില്‍ കലാശിക്കുമെന്നും യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കീ മൂണും സമ്മേളത്തില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.