2011-06-23 18:39:22

അഭയാര്‍ത്ഥികള്‍ക്ക്
അഭയകേന്ദ്രം – സഭ


23 ജൂണ്‍ 2011, റോം
അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും സഭയെന്നും സ്നേഹ സാന്നിധ്യമാണെന്ന്, പ്രവാസി കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷ്പ്പ് അന്തോണിയോ മരിയ വേല്യോ പ്രസ്താവിച്ചു. ജൂണ്‍ 20-ാം തിയതി ഐക്യരാഷ്ട്ര സംഘടന ആചരിച്ച, അന്തര്‍ദേശിയ കുടിയേറ്റ ദിനത്തോടനുബന്ധിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് വേല്യോ ഇപ്രകാരം പ്രസ്താവിച്ചത്. വൈദികരും സന്യസ്തരും വിവിധ രാജ്യങ്ങളിലെ അഭയാര്‍ത്ഥീ കേന്ദ്രങ്ങളില്‍ സേവനം ചെയ്യുന്നതു കൂടാതെ, ഓരാ രാജ്യത്തും കുടിയേറ്റക്കാരുടെ ചെറു സമൂഹങ്ങള്‍ രൂപീകരിച്ചുകൊണ്ട് അവരുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങളില്‍ സഭ ശ്രദ്ധാലുവാണെന്ന് ആര്‍ച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി. ഐക്യ രാഷ്ട്രസംഘടന അതിന്‍റെ ജനീവ ആസ്ഥാനത്തുവച്ച് അഭയാര്‍ത്ഥികള്‍ക്കായുള്ള ഉന്നതതല കമ്മിഷന്‍ UNHCR സ്ഥാപിച്ചതിന്‍റെ 60-ാം വാര്‍ഷികം 2011-ലെ അഭയാര്‍ത്ഥിദിനവുമായി ഒരുമിച്ചു വരികയാണെന്നും ആര്‍ച്ചുബിഷപ്പ് വേല്യോ അനുസ്മരിച്ചു.
പ്രകൃതിക്ഷോഭം, സാമൂഹ്യസംഘട്ടനങ്ങള്‍, യുദ്ധം, രാഷ്ട്രീയ മാറ്റങ്ങള്‍ എന്നീ ബഹുമുഖകാരണങ്ങളാല്‍ സ്വന്തം നാടും വീടും വിട്ടിറങ്ങുന്നവരെ വികസിത രാജ്യങ്ങള്‍ വിശാലഹൃദയത്തോടെ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച ആര്‍ച്ചുബിഷപ്പ്, കുടിയേറ്റക്കാരെ പ്രശ്നക്കാരായി കാണുന്ന ചില രാഷ്ട്രങ്ങളുടെ നിലപാടിനെ അപലപിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.