2011-06-22 19:24:53

പാപ്പയുടെ പൗരോഹിത്യത്തിന്‍റെ
60-ാം വാര്‍ഷികം


22 ജൂണ്‍ 2011, വത്തിക്കാന്‍
60 മണിക്കൂര്‍ നീണ്ടുനില്കുന്ന ദിവ്യകാരുണ്യാരാധനയിലൂടെ
പാപ്പായുടെ പൗരോഹിത്യത്തിന്‍റെ 60-ാം വാര്‍ഷികം മംഗളമാക്കുമെന്ന് കര്‍ദ്ദിനാള്‍ മാവുരോ പിയെച്ചെന്‍സാ, വൈദികര്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് അറിയിച്ചു. ജൂണ്‍ 21-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍റെ ദിനപത്രമായ ഒസര്‍വത്തോരെ റൊമാനോയ്ക്കു നല്കിയ വാര്‍ത്താക്കുറിപ്പിലാണ് ജൂണ്‍ 29-ാം തിയതി ആഘോഷിക്കുന്ന മാര്‍പാപ്പയുടെ പൗരോഹിത്യ വാര്‍ഷികത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന 60 മണിക്കൂര്‍ പരിശുദ്ധ കുര്‍ബ്ബാനയുടെ ആരാധനയെക്കുറിച്ച് കര്‍ദ്ദിനാള്‍ വെളിപ്പെടുത്തിയത്. സത്യത്തിന്‍റെ പ്രഭവിതറിക്കൊണ്ട് സഭയെ നയിക്കുന്ന ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ശ്രേഷ്ഠപൗരോഹിത്യത്തിന് ദൈവത്തിനു നന്ദിപറയാന്‍ ഏറ്റവും സമുചിതമായ മാര്‍ഗ്ഗമായി ആരാധനാ മുഹൂര്‍ത്തങ്ങളെ താന്‍ കാണുന്നുവെന്ന് കര്‍ദ്ദിനാള്‍ പിയെച്ചെന്‍സാ വെളിപ്പെടുത്തി. പാപ്പായ്ക്ക് ആശംസകള്‍ നേരുന്നതോടൊപ്പം സഭയുടെ വിവിധ ശുശ്രൂഷകളിലേര്‍പ്പെട്ടിരിക്കുന്ന സഭയിലെ ഒരോ വ്യക്തിക്കുംവേണ്ടിയും പ്രാര്‍ത്ഥിക്കുന്ന ഒരവസരമായിരിക്കുമിതെന്ന്, ആരാധനാ മൂഹൂര്‍ത്തങ്ങളുടെ സംഘാടകനായ കര്‍ദ്ദിനാല്‍ പിയെച്ചെന്‍സാ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മാര്‍പാപ്പയുടെ പൗരോഹിത്യ വാര്‍ഷിക ദിനമായ ജൂണ്‍ 29-ാം തിയതി ആരംഭിച്ച് ജൂലൈ 1-ാം തിയതി സമാപിക്കുന്ന വിധത്തിലാണ് ആരാധനാ മുഹൂര്‍ത്തങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും കര്‍ദ്ദിനാല്‍ അറിയിച്ചു.
1951 ജൂണ്‍ 29-ാം തിയതി വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിലാണ് മാര്‍പാപ്പ / ജോസഫ് റാത്സിങ്കര്‍ പൗരോഹിത്യം സ്വീകരിച്ചത്.








All the contents on this site are copyrighted ©.